ഓര്‍മ്മകളില്‍ മെലഡിയുടെ മാന്ത്രികന്‍
മലയാള സിനിമാ സംഗീതത്തിന് ഗൃഹാതുരത്വത്തിന്റെയും സ്വരമാധുരിയുടേയും പുതിയ ഭാവം നല്‍കിയ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം. 1978 -ല്‍ ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയാണ് ജോണ്‍സണ്‍ സിനിമാലോകത്തേക്ക്ചേ ക്കേറിയത്.
1981ല്‍
സില്‍ക്ക് സ്മിത നായികയായ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി.
ഗായകന്‍ പി.ജയചന്ദ്രനാണ് ജോണ്‍സണെ സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തുന്നത്. ജോണ്‍സന്റെ കഴിവ് തിരിച്ചറിഞ്ഞ ദേവരാജന്‍ മാസ്റ്റര്‍ 1974-ല്‍ ചെന്നൈയിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീടിങ്ങോട്ട് ജോണ്‍സന്റെ വളര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഭരതന്റെ പാര്‍വതി എന്ന ചിത്രത്തിന് ഈണം നൽകി. 1980-ല്‍ സംഗീതം നിര്‍വഹിച്ച ‘തകര’യിലെയും ‘ചാമര’ത്തിലെയും ഗാനങ്ങള്‍ ജോണ്‍സണ്‍ എന്ന സംഗീത സംവിധായകനെ മലയാളി സംഗീതാസ്വാദകരുടെ പ്രിയങ്കരനാക്കി. മലയാള സിനിമയുടെ വസന്തകാലത്ത് പത്മരാജന്റെയും ഭരതന്റെയും ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയത് ജോണ്‍സണായിരുന്നു. സംവിധായകന്‍ പത്മരാജനുമായുള്ള ബന്ധമാണ് ജോണ്‍സണെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചത്. പത്മരാജന്റെ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം.
ഈ ചിത്രത്തിലെ ‘ആടി വാ കാറ്റേ…’പൊന്നുരുകും പൂക്കാലം…. എന്നീ ഗാനങ്ങൾ സൂപ്പര്‍ഹിറ്റായി മാറി. ഈ ചിത്രത്തിലൂടെ മലയാള സിനിമയിലെ അപൂര്‍വമായ ഒരു കൂട്ടുകെട്ടും തുടങ്ങുന്നത്. പത്മരാജനും-ജോണ്‍സണും കൈകോര്‍ക്കുന്നത് കൂടെവിടെ മുതല്‍ക്കാണ്. പത്മരാജന്റെ 17 ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. ‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന അവസാന ചിത്രം വരെ ആ കൂട്ടുകെട്ട് പിരിയാതെ തുടര്‍ന്നു. പത്മരാജന്‍ ചിത്രങ്ങളുടെ തികവ് ജോണ്‍സന്റെ ഈണങ്ങളിലൂടെയായിരുന്നു. തൂവാനത്തുമ്പികൾ, വന്ദനം, ചിത്രം സീസൺ തുടങ്ങിയ ചിത്രങ്ങൾക്ക് ജോൺസൺ മാസ്റ്റർ നൽകിയ പശ്ചാത്തല സംഗീതം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയതാണ്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, പെരുന്തച്ചന്‍, പാളങ്ങള്‍, ഓര്‍മയ്ക്കായി, കാറ്റത്തെ കിളിക്കൂട്, എന്റെ ഉപാസന, ഒഴിവുകാലം, മാളൂട്ടി, ചമയം, പ്രേമഗീതങ്ങള്‍, ചുരം, ഒരു കഥ ഒരു നുണക്കഥ, സാക്ഷ്യം, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, കിരീടം, ചെങ്കോല്‍, ദശരഥം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കുടുംബസമേതം, ഭൂതക്കണ്ണാടി, അരയന്നങ്ങളുടെ വീട്, ശുഭയാത്ര, ഈ പുഴയും കടന്ന്, വരവേല്‍പ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇടക്കാലത്ത് വിട്ടുനിന്ന ജോണ്‍സന്റെ തിരിച്ചുവരവ് ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലെ ഇമ്പമാര്‍ന്ന ഗാനങ്ങളിലൂടെയായിരുന്നു.
മികച്ച പശ്ചാത്തല സംഗീതം നിര്‍വഹിച്ചതിന് രണ്ടു തവണ ദേശീയ അവാര്‍ഡ് ലഭിച്ചു. പൊന്തന്‍മാട , സുകൃതം എന്നീ ചിത്രങ്ങള്‍ക്കായിരുന്നു ഇത്. ഓര്‍മയ്ക്കായി (1982), വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (1989), അങ്ങനെ ഒരു അവധിക്കാലത്ത് (1999) എന്നീ ചിത്രങ്ങളുടെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന അവാര്‍ഡും കൂടാതെ സദയം (1992), സല്ലാപം (1996) എന്നീ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതമൊരുക്കിയതിനും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന്റെ സംഗീതത്തിന് 2006-ല്‍ മാതൃഭൂമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നാലുതവണ കേരള ഫിലിം ക്രിട്ടിക്‌സ് അവര്‍ഡും നേടി. ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ അവര്‍ഡ്, രവീന്ദ്രന്‍ മാസ്റ്റര്‍ മെമ്മോറിയില്‍ അവാര്‍ഡ്, മുല്ലശ്ശേരി രാജു മ്യൂസിക്ക് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിനെ തേടിയെത്തി.1953 മാര്‍ച്ച് 26-ന് തൃശ്ശൂരില്‍ ജനിച്ച ജോണ്‍സന്റെ സംഗീതരംഗത്തേക്കുള്ള വരവ് നെല്ലിക്കുന്ന് സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ ക്വയര്‍ സംഘത്തിലൂടെയായിരുന്നു. ഇവിടെനിന്ന് ഹാര്‍മോണിയത്തിലും ഗിത്താറിലും പരിശീലനം നേടിയ അദ്ദേഹം, 1968-ല്‍ ‘വോയ്‌സ് ഓഫ് ട്രിച്ചൂര്‍’ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഗിത്താര്‍, ഹാര്‍മോണിയം, വയലിന്‍ തുടങ്ങി വിവിധ സംഗീത ഉപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്നതില്‍ ജോണ്‍സണ് പ്രത്യേക കഴിവുണ്ടായിരുന്നത് കൊണ്ട് ചുരുങ്ങിയകാലം അറിയപ്പെടുന്ന സംഗീത ട്രൂപ്പായി വോയ്‌സ് ഓഫ് തൃശൂര്‍ മാറിയതിന് പിന്നില്‍ ജോണ്‍സന്റെ സാന്നിധ്യമായിരുന്നു.
പ്രേമഗീതങ്ങളിലെ സ്വപ്‌നം വെറുമൊരു സ്വപ്‌നം…, നീ നിറയു ജീവനില്‍…..ഉള്‍പ്പടെ നാല് ഗാനങ്ങളും സൂപ്പര്‍ ഹിറ്റായതോടെ ജോണ്‍സണ്‍ സംഗീത സംവിധായകന്‍ എന്ന പട്ടം ഉറപ്പിച്ചു. ഭരതനൊപ്പം പാര്‍വതി എന്ന ചിത്രം മുതല്‍ ചുരം വരെ 10 സിനിമകളില്‍ ഒന്നിച്ചു. കാറ്റത്തെ കിളിക്കൂടിലെ ഗോപികേ.. മാളൂട്ടിയിലെ മൗനത്തിന്‍ ഇടനാഴിയില്‍….. ചമയത്തിലെ രാഗദേവനും…… രാജഹംസമേ….. മോഹനൊപ്പം സാക്ഷ്യം, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, സിബിമലയിലിന്റെ ദശരഥം, കിരീടം ചെങ്കോല്‍, ശ്രീനിവാസന്റെ കൂടെ വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള മുതലായ ചിത്രങ്ങളിലെ ഗാനങ്ങള്‍. പത്മരാജനും ഭരതനും ശേഷം അങ്ങനെയൊരു കൂട്ടുകെട്ടുണ്ടായത് സത്യന്‍ അന്തിക്കാടുമായി ചേര്‍ന്നാണ്. സത്യന്‍ അന്തിക്കാടിന്റെ 25 സിനിമകള്‍ക്ക് അദ്ദേഹം ഈണങ്ങള്‍ ഒരുക്കി.
ജോണ്‍സണ്‍ സംഗീതസംവിധാനം നിര്‍വഹിച്ച ചില ഗാനങ്ങള്‍.
🎺 മോഹം കൊണ്ടു ഞാന്‍….
🎺പാതിരാപ്പുള്ളുണര്‍ന്നു…..
🎺നീലരാവില്‍ ഇന്നു നിന്റെ…..
🎺മായാമയൂരം പീലി വിടര്‍ത്തി…
🎺തങ്കത്തോണി…..
🎺അനുരാഗിണി ഇതായെന്‍…
🎺ഗോപികേ നിന്‍ വിരല്‍….
🎺ഏതോ ജന്മകല്പനയില്‍…
🎺 പൂവേണം പൂപ്പടവേണം…
🎺മെല്ലെ മെല്ലെ മുഖപടം….
🎺ദേവാംഗനങ്ങള്‍….
🎺സ്വര്‍ണമുകിലേ….
🎺ചന്ദനച്ചോലയില്‍….
🎺കണ്ണീര്‍ പൂവിന്റെ….
🎺 മധുരം ജീവാമൃത ബിന്ദു…
🎺ശ്യാമാംബരം നീളെ…
🎺 എന്തേ കണ്ണനു കറുപ്പുനിറം..
🎺 പുലര്‍വെയിലും പകല്‍ മുകിലും….
🎺 ചൈത്രനിലാവിന്‍….
🎺 ദേവീ.. ആത്മരാഗമേകാന്‍..
🎺ആരോടും മിണ്ടാതെ……
🎺എന്റെ മണ്‍വീണയില്‍….
🎺മന്ദാരച്ചെപ്പുണ്ടോ മാണിക്യ…
🎺 എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ….
🎺 ഒന്നുതൊടാനുള്ളില്‍…
മറ്റ് സംഗീത സംവിധായകരില്‍ നിന്നും ജോണ്‍സനെ കൂടുതല്‍ വ്യക്ത്യസ്ഥനാക്കുന്നത് അദേഹത്തിന്റെ പശ്ചാത്തല സംഗീതമാണ്. മലയാള സിനിമാരംഗത്തെ പശ്ചാത്തല സംഗീതത്തെ ജോണ്‍സന് മുന്‍പും ശേഷവും എന്ന് തന്നെ വിശേഷിപ്പിക്കാം. അന്നേവരെ നിലനിന്നിരുന്ന പശ്ചാത്തല സംഗീത രീതിയെ പൊളിച്ചെഴുതിയ നിശബ്ദതകളെ വരെ സൃഷ്ടിച്ച് ഇത്രയും മനോഹരമായി പശ്ചാത്തല സംഗീതമൊരുക്കിയൊരു സംഗീത സംവിധായകന്‍ മലയാളത്തില്‍ വേറെയില്ല. പാട്ടുകൾക്ക് സംഗീതമൊരുക്കുന്നതോ പശ്ചാത്തലസംഗീതം നൽകുന്നതോ ഒരു ജോലിയായി ജോൺസണ് തോന്നിയിട്ടില്ല. സംവിധായകന്റെ മനസ്സ് വായിക്കുന്ന സംഗീത സംവിധായകനായിരുന്നു. മാസ്റ്ററുടെ ഓരോ പാട്ടിലും പശ്ചാത്തല സംഗീതത്തിലും സംഗീതത്തോടുള്ള മാസ്റ്ററുടെ ആത്മാര്‍ഥതയും അര്‍പ്പണഭാവവും നമുക്ക് കാണാം. കാലങ്ങള്‍ എത്ര കഴിഞ്ഞാലും അദേഹം നമുക്ക് നല്‍കിയ മധുരഗാനങ്ങളും പശ്ചാത്തല സംഗീതത്തിന്റെ വേറിട്ട അനുഭവങ്ങളും എന്നും മായാതെ നമ്മുടെ മനസില്‍ നിലനില്‍ക്കും.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.