സംഗീതസംവിധായകന്‍ രഘുകുമാറിന്‍റെ ഓര്‍മ്മദിനം
ഈശ്വര ജഗദീശ്വര’ എന്ന ചിത്രത്തിലൂടെ 1979-ൽ ചലച്ചിത്രലോകത്തെത്തിയ സംഗീതസംവിധായകനാണ് രഘുകുമാർ. 1953-ൽ കോഴിക്കോട്ടാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ: പരേതനായ തൃപ്പൂണിത്തുറ കോവിലകം കേളപ്പൻ തമ്പുരാൻ, മാതാവ്: പരേതയായ ഫറോക്ക് പൂതേരിൽ ഇല്ലത്തിൽ പി. കെ. ലീലാമ്മ. റിലീസായ ആദ്യ ചിത്രം: വിഷം. ആകാശവാണി കലാകാരനും ആയിരുന്നു.ആർ, കെ. ശേഖറിന്റെ(ഏ. ആർ. റഹ്മാന്റെ അച്ഛൻ) കീഴിലാണ് പാട്ടുകാരനായി സിനിമാസംഗീതമേഖലയിലേയ്ക്ക് പ്രവേശിച്ചത്.
1979 ൽ ‘ഈശ്വരാ ജഗദീശ്വരാ’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിക്കൊണ്ടാണ് സംഗീതസംവിധാനരംഗത്തു അരങ്ങേറ്റം കുറിച്ചതെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1981 ൽ ‘വിഷം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീതസംവിധായകനായി ചലച്ചിത്രസംഗീതലോകത്ത് പ്രവേശിക്കുകയും അതോടേ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതിനുശേഷം മലയാളസിനിമയിൽ മധുരോദാരങ്ങളായ നിരവധി മെലഡികൾ രഘുകുമാർ സൃഷ്ടിച്ചു. ഏകദേശം മുപ്പതിൽപ്പരം സിനിമകൾക്കുവേണ്ടി ഗാനങ്ങളൊരുക്കി. താളവട്ടം,ഹലോ മൈ ഡിയർ റോങ്ങ് നമ്പർ,ശ്യാമ,ബോയിങ്ങ് ബോയിങ്ങ്,ചെപ്പ്,വീണ്ടും ലിസ,മായാമയൂരം,ആര്യൻ,കാണാക്കിനാവു്,സുഭദ്രം എന്നീ ചിത്രങ്ങളിലെ ജനപ്രീതിനേടിയ ഗാനങ്ങൾ പ്രസിദ്ധിയാർജ്ജിച്ചവയിൽ ചിലവ മാത്രം.
2011ൽ ‘കലക്ടർ’ ആണ് അദ്ദേഹം അവസാനമായി സംഗീതസംവിധാനം നിർവ്വഹിച്ച ചലച്ചിത്രം. ഗാനപൌർണ്ണമി, സ്വീറ്റ് മെലഡീസ്, തുളസീ മാല, ചിത്രവസന്തം, വരുമോ വാസന്തം എന്നു തുടങ്ങി പത്തോളം ആൽബങ്ങൾക്കുവേണ്ടി എൺപതിൽ കൂടുതൽ ഗാനങ്ങൾക്കു് സംഗീതം നൽകിയിട്ടുണ്ട്. ലിസ, ശംഖുപുഷ്പം,കാത്തിരുന്ന നിമിഷം,ധീര തുടങ്ങി ഒരുപിടി നല്ല മലയാളചിത്രങ്ങൾ നിർമ്മിച്ച നിർമ്മാതാവുകൂടിയാണ്.
ശ്രീ രഘുകുമാർ അവസാന നാളുകളിൽ സിനിമാസംഗീതരംഗത്തു് അത്ര സജീവമായിരുന്നില്ലെങ്കിലും മറ്റുള്ള സംഗീത മേഖലകളിലെല്ലാം സജീവമായിരുന്നു. സിനിമാസംഗീതരംഗത്തേയ്ക്കു് തിരിച്ചുവരണമെന്ന് അതിയായി ആഗ്രഹവും ഉണ്ടായിരുന്നു. പ്രസിദ്ധ അഭിനേത്രി ഭവാനിയാണ് പത്നി. മക്കള്‍ – ഭാവന, ഭവിത. എന്നും ഓർമ്മിക്കുവാൻ ഒട്ടേറെ ഗാനങ്ങൾ സംഗീതാസ്വാദകർക്കു നൽകിയിട്ട് 2014 ഫെബ്രുവരി 20ന് അദ്ദേഹം ഈ ലോകത്തുനിന്നും യാത്രയായി.