മുതലാളിക്ക് ബിഗ് സല്യൂട്ട് ; ഹോട്ടല്‍ തൊഴിലാളികള്‍ക്ക് വിട്ടുനല്‍കി സുബൈര്‍

സുബൈറിന് തൊഴിലാളികളോടുള്ള കരുതലിന് മാധുര്യമേറെയാണ്. മുപ്പത്തി അഞ്ച് വർഷമായി ഒപ്പം ജോലി ചെയ്യുന്ന തൊഴിലാളികൾക്കു വിട്ടുകൊടുത്ത് മാതൃകയായിരിക്കുകയാണ് സുബൈര്‍ . ആലപ്പുഴ നഗരത്തിലെ ‘ക്രീം കോർണർ’ എന്ന ഹോട്ടലിന്റെയും അതിന്റെ ഉടമയായിരുന്ന എം. സുബൈറിന്റെയും കഥ.

കലവൂരിൽ ക്രീം കോർണർ എന്ന പേരിൽ തന്നെ മറ്റൊരു ഹോട്ടൽ ആരംഭിച്ച ശേഷമാണ് സുബൈർ നഗരത്തിലെ മുല്ലയ്ക്കലിലുണ്ടായിരുന്ന ഹോട്ടൽ ആദ്യകാലം മുതൽ ഒപ്പമുണ്ടായിരുന്ന 5 ജീവനക്കാർക്കു സൗജന്യമായി വിട്ടുനൽകിയത്. ഇതിൽ ഒരാളുടെ പേരിലേക്ക് ഹോട്ടൽ ലൈസൻസും മാറ്റി. പ്രീഡിഗ്രിക്കു ശേഷം കുടുംബം പുലർത്താൻ 10 വർഷത്തോളം ഗൾഫിൽ ജോലി ചെയ്ത പാലസ് വാർഡ് ചൈത്രത്തിൽ സുബൈർ (66), നാട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഐസ്ക്രീം ഏജൻസിയും ഹോട്ടലും ആരംഭിച്ചത്. അന്നു മുതൽ ഒപ്പമുണ്ടായിരുന്നവരാണ് കെ. പി. ജൈനേന്ദ്രൻ, റഫീഖ്, ഫൈസൽ, നസീർ, ജാക്സൺ എന്നിവർ.

പിന്നീട് മുല്ലയ്ക്കലിൽ സ്ഥലം വിലയ്ക്കു വാങ്ങി ഹോട്ടൽ അവിടേക്കു മാറി. 5 വർഷം മുൻപു തന്നെ ഹോട്ടൽ തൊഴിലാളികൾക്കു വിട്ടുകൊടുക്കാനുള്ള ആലോചന തുടങ്ങിയെങ്കിലും 2 വർഷം മുൻപാണ് കൈമാറ്റം നടന്നത്. വിവരം അധികമാരോടും പറഞ്ഞിരുന്നില്ല. ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടം സുബൈറിന്റെ പേരിലായതിനാൽ ലാഭത്തിന്റെ ഒരു വിഹിതം വാടകയായി സുബൈറിനു നൽകുന്നുണ്ട്.

ചിത്രകാരനും എഴുത്തുകാരനും സിനിമാനടനുമാണ് സുബൈർ. 16 യൂറോപ്യൻ രാജ്യങ്ങളിലും യുഎസിലും ഉൾപ്പെടെ പോയിട്ടുണ്ട്. ബോസ് കൃഷ്ണമാചാരി, കാനായി കുഞ്ഞിരാമൻ തുടങ്ങിയവർക്കൊപ്പം ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ഓഫ് ദ് പീപ്പിൾ, ഭ്രമരം, ലൗഡ്സ്പീക്കർ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ഹോട്ടലിന്റെ ഒരു ഭാഗം ആർട് ഗാലറിയാണ്. ഹോട്ടൽ, തൊഴിലാളികൾക്കു വിട്ടുകൊടുത്തെങ്കിലും നടത്തിപ്പു സംബന്ധിച്ചു മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. തൊഴിലാളികൾക്കു ഹോട്ടൽ കൈമാറുന്നതിനു ഭാര്യ വഹീദയുടെ പൂർണ പിന്തുണയുണ്ടായിരുന്നുവെന്ന് സുബൈർ പറയുന്നു. മക്കളായ ശിൽപ, നിമ്മി, മരുമക്കളായ സനൂജ്, സാജിദ് എന്നിവരുൾപ്പെടുന്നതാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *