പതിനൊന്നുകാരനെ 22 തെരുവുനായകള്‍ക്കൊപ്പം പൂട്ടിയിട്ട് മാതാപിതാക്കള്‍

പതിനൊന്ന് വയസ്സുള്ള മകനെ ഇരുപത്തിരണ്ട് തെരുവുനായകള്‍ക്കൊപ്പം പൂട്ടിയിട്ട് മാതാപിതാക്കള്‍ .മാസങ്ങളായി കുട്ടിയെ നായ്ക്കള്‍ക്കൊപ്പം പൂട്ടിയിട്ടുവെന്ന് അയല്‍വാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന്ന്യാന ദേവി ചൈല്‍ഡ് ലൈന്‍ എന്ന സന്നദ്ധ സംഘടന ഇടപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.

പൊലീസ് ആദ്യം കേസ് എടുക്കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് ശിശു ക്ഷേമ സമിതി ഇടപെട്ടതിനെ തുടര്‍ന്ന് കേസ് എടുക്കുകയും കുട്ടിയെ ശിശു മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു.

പൂനെയിലെ കോന്ദ്‌വയിലാണ് സംഭവം. ഇവിടെയുള്ള ഒരു അപ്പാര്‍ട്‌മെന്റിലാണ് 11 വയസ്സുകാരനെ വീട്ടുകാര്‍ നായകള്‍ക്കൊപ്പം പൂട്ടിയിട്ടത്. 22 തെരുവു നായകള്‍ ഇവിടെ ഉണ്ടായിരുന്നു. മാസങ്ങളായി കുട്ടിയെ വീടിനകത്ത് പൂട്ടിയിട്ടിരിക്കുകയാണെന്ന് സമീപവാസികള്‍ ന്യാന ദേവി ചൈല്‍ഡ് ലൈന്‍ എന്ന സന്നദ്ധ സംഘടനയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ച അതി ദയനീയമായിരുന്നു..


22 തെരുവുനായകള്‍ക്കൊപ്പം കഴിയുകയായിരുന്നു കുട്ടി. വീടിനകത്ത് 4 നായകള്‍ ചത്തുകിടപ്പുണ്ടായിരുന്നു. അവയുടെ മൃതാവശിഷ്ടങ്ങള്‍ മാറ്റിയിട്ടുണ്ടായിരുന്നില്ല. നായകളുടെ വിസര്‍ജ്യങ്ങളും മറ്റും വീട്ടില്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. മാസങ്ങളായി നായകള്‍ക്കൊപ്പം കഴിഞ്ഞതിനെ തുടര്‍ന്ന് കുട്ടി നായകളെ പോലെ കുരയ്ക്കുന്നുണ്ടായിരുന്നതായി സന്നദ്ധ പ്രവര്‍ത്തകര്‍.


വിവരം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ സമീപനമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു. വീട്ിന്റെ പൂട്ട് പൊളിച്ച് അകത്തുകയറാന്‍ പൊലീസുകാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ സംസ്ഥാന ശിശുക്ഷേമ സമിതിയെ വിവരമറയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പൊലീസ് അകത്തുകയറാന്‍ തയ്യാറായത്. എന്നാല്‍, കുട്ടിയെ കണ്ടെത്തിയിട്ടും രക്ഷിതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ല. വീണ്ടും പരാതി നല്‍കിയപ്പോഴാണ് ഏറെ വൈകി ഇവര്‍ കേസ് എടുത്തത്.


കുട്ടിയെ ശിശുക്ഷേമ സമിതിയുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന ശിശുമന്ദിരത്തിലേക്ക് മാറ്റി. കുട്ടിയുടെ മാനസിക, ശാരീരിക നില പരിതാപകരമാണെന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. മാസങ്ങളായി നായകള്‍ക്കൊപ്പം കഴിഞ്ഞതിനാല്‍ അവനാകെ അവശനായിരുന്നു.

സമീപത്ത് ചെറിയ ഒരു കട നടത്തുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. മകനെ വീട്ടിലിട്ട് പൂട്ടിയാണ് ഇവര്‍ വീടുവിട്ട് പോയിരുന്നത്. ഇവരും ഇതേ വീട്ടില്‍ തന്നെ കുട്ടിയോടൊപ്പം താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *