ആക്രമണവിഭാഗത്തില്‍ ആദ്യ വനിത പൈലറ്റായി ക്യാപ്റ്റൻ അഭിലാഷ
കരസേനയിൽ ചരിത്രകുറിച്ച് ക്യാപ്റ്റൻ അഭിലാഷ ബറാക്. സേനയുടെ വ്യോമ വിഭാഗമായ ഏവിയേഷൻ കോറിലെ ആക്രമണവിഭാഗത്തിൽ പൈലറ്റാകുന്ന (കോംബാറ്റ് ഏവിയേറ്റർ) ആദ്യ വനിതയായി അഭിലാഷ.
നാസിക്കിലെ സേനാ അക്കാദമിയിൽ നിന്നു പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അഭിലാഷ ഔദ്യോഗികമായി പൈലറ്റ് ആകുന്നതിന്റെ ഭാഗമായുള്ള ചിഹ്നം (വിങ്സ്) യൂണിഫോമിൽ ചേർത്തു. എയർ ട്രാഫിക് കൺട്രോൾ, ഗ്രൗണ്ട് ഡ്യൂട്ടി എന്നിവയിലാണ് ഇതുവരെ വനിതകളെ നിയോഗിച്ചിരുന്നത്.ഹരിയാന പഞ്ച്കുല സ്വദേശിയാണ്. സേനയുടെ രുദ്ര ഹെലികോപ്റ്ററാവും അഭിലാഷ പറത്തുക.
2018 സെപ്റ്റംബറിലാണ് അഭിലാഷ സേനയിൽ ചേർന്നത്. അച്ഛനും സഹോദരനും സേനാംഗങ്ങളാണ്. വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ സഹോദരന്റെ പാസിങ് ഒൗട്ട് പരേഡ് നേരിൽ കണ്ടതാണു സേനയിൽ ചേരാൻ അഭിലാഷയ്ക്കു പ്രചോദനമായത്.