പ്രസംഗകലയുടെ കുലപതി
അനീതിയ്ക്കും അഴിമതിയ്ക്കും അക്രമത്തിനും അനാചാരങ്ങൾക്കും വർഗീയതയ്ക്കും സാമൂഹികതിന്മകൾക്കും എതിരെ ഒറ്റയ്ക്ക് പോരാടിയ… സാഹിത്യ വിമര്‍ശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസ ചിന്തകനുമായിരുന്ന സുകുമാര്‍ അഴിക്കോട്.
പ്രൈമറിതലം മുതല്‍ സര്‍വ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവര്‍ത്തിച്ച അദ്ദേഹം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രോ വൈസ് ചാന്‍സിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കര്‍ത്താവാണ്. തനിക്കു ശരിയെന്നു തോന്നുന്നത് തുറന്നു പറയാനും ഏതു വിഷയത്തിലും കൃത്യമായി പ്രതികരിക്കാനും കഴിവും തന്റേടവും സുകുമാര്‍ അഴീക്കോടിനെപ്പോലെ ഒരു സാംസ്‌കാരിക നായകനിലും കണ്ടിട്ടില്ല. സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും സാംസ്‌കാരിക രംഗത്തായാലും മുഖം നോക്കാതെ അദ്ദേഹം വിമര്‍ശിക്കുമായിരുന്നു. കേന്ദ്രകേരള സാഹിത്യ അക്കാദമികളില്‍ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയന്‍, ഗവേഷകന്‍, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.
സെന്‍റ് ആഗ്‌നസ് കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവില്‍ വീട്ടില്‍ വിദ്വാന്‍ പി ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും മകനായി 1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തില്‍ സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോട് ജനിച്ചു.
അച്ഛന്‍ അധ്യാപകനായിരുന്ന അഴീക്കോട് സൗത്ത് ഹയര്‍ എലിമെന്‍ററി സ്‌കൂള്‍ , ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 1941ല്‍ ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായി. കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തി. 1946ല്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ നിന്നു വാണിജ്യശാസ്ത്രത്തില്‍ ബിരുദം നേടി. കണ്ണൂരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി ലഭിച്ചെങ്കിലും സാഹിത്യ താല്പര്യം കാരണം വേണ്ടെന്നുവച്ചു. തുടര്‍ന്ന് കോഴിക്കോട് ഗവണ്‍മെന്‍റ് ട്രെയിനിങ്ങ് കോളേജില്‍ നിന്നു അദ്ധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയ അഴീക്കോട് 1948ല്‍ കണ്ണൂരിലെ ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
മലയാളത്തിലും സംസ്‌കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടി. 1952ല്‍ കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജില്‍നിന്ന് ബിഎഡ് ബിരുദമെടുത്തു. 1981ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും മലയാള സാഹിത്യവിമര്‍ശനത്തിലെ വൈദേശിക പ്രഭാവം എന്ന വിഷയത്തില്‍ മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. കോഴിക്കോട് സെന്റ് ജോസഫ്‌സ്‌ദേവഗിരി കോളേജില്‍ മലയാളം ലക്ചററായരുന്നു. ഇതിനു പുറമേ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലും അദ്ധ്യാപകനായിരുന്നു. പിന്നീട് മൂത്തകുന്നം എസ്.എന്‍.എം ട്രെയ്‌നിംഗ് കോളേജില്‍ പ്രിന്‍സിപ്പലായി. കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. 1974 -78 ല്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോവൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ല്‍ അദ്ധ്യാപന രംഗത്തു നിന്ന് വിരമിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസര്‍, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം, കേന്ദ്രകേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. നാഷണല്‍ ബുക്ക്ട്രസ്റ്റ് ചെയര്‍മാനായും ചുമതല വഹിച്ചിട്ടുണ്ട്. 1962ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തലശേരിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും എസ്. കെ. പൊറ്റെക്കാട്ടിനോട് പരാജയപ്പെട്ടു. അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2012 ജനുവരി 24 ന് അന്തരിച്ചു.
അഴീക്കോടിന്‍റെ തത്വമസി എന്ന കൃതി ഇതിഹാസ തുല്യമായി തന്നെ കണക്കു കൂട്ടുന്ന ഒന്നാണ്. ഭാരതത്തിലെ പ്രധാന ആശയ സംഹിതകളായ ഉപനിഷത്തുകളെ അടിസ്ഥാനപ്പെടുത്തി രചിച്ച കൃതിയാണിത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, വയലാർ പുരസ്കാരം തുടങ്ങി പന്ത്രണ്ടോളം പുരസ്കാരങ്ങൾ ഈ പുസ്തകത്തിന് മാത്രം ലഭിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് തത്വമസിയുടെ മഹത്വം ഊഹിക്കാൻ ആവുക. ഇരുപതിലധികം പതിപ്പുകൾ പുറത്തിറങ്ങിയിട്ടുള്ള കൃതിയാണിത്.