വാസവദത്ത: വായനാനുഭവം

പണ്ടെങ്ങോ വായനകൾക്കിടയിൽ ഉപഗുപ്തനെ പ്രണയിച്ച ഒരു വേശ്യയായ ‘വാസവദത്ത’ യുടെ കഥ എന്റെ ഹൃദയത്തിൽ എവടെയോ പച്ചപ്പ് മാറാതെ കിടപ്പുണ്ടായിരുന്നു. ഇടയക്കിടക്ക് വെറുതെ ചിന്തിച്ചിട്ടുമുണ്ട് വാസവദത്ത എന്ന സ്ത്രീ ഹൃദയത്തെക്കുറിച്ച് … ചിന്തിക്കുമ്പോഴൊക്കെ എനിക്ക് വാസവദത്തയോട് അനുകമ്പ തോന്നിയട്ടുണ്ട്. ഒരു പാട് പുരുഷന്മാരൊടൊപ്പം കിടക്ക പങ്കിട്ടിട്ടും തന്റെ മനസ്സിന് ഏറെ ഇഷ്ട്ടപ്പെട്ടവന്റെ പ്രണയം ആസ്വദിക്കാൻ കഴിയാതെ പോയ , അവനെ ഒരിക്കൽ പോലും അനുഭവിക്കാൻ കഴിയാതെ പോയ വാസവദത്തയുടെ ഹൃദയതാപത്തിന്റെ അളവ് എത്ര വലുതായിരിക്കും.സത്യത്തിൽ മനസ്സിന്റെ തൃപ്തി ,അത് ശരീരത്തിന് ലഭിക്കുന്ന ത്യപ്തിയെക്കാൾ എത്രയെത്ര വലുതാണെന്ന്‌ പറയുവാനുണ്ടോ ..
എല്ലാ സുഖ ഭോഗങ്ങൾക്കിടയി ൽ ജീവിക്കുമ്പോഴും മനസ്സിന്റ അഴത്തിലുള്ള ആഗ്രഹത്തെ… ആർത്തിയെ തൃപ്തപ്പെടുത്തുവാനാവാതെ ജീവിച്ചു മരിക്കേണ്ടി വന്ന വാസവദത്ത ….അവളെക്കുറിച്ചൊരു കവിത എഴുതണമെന്ന് മോഹിച്ചപ്പോഴൊക്കെ, പലവട്ടം അവളുടെ മനോവികാരങ്ങളെ, വ്യഥകളെ …ഭാവനയുടെ കയത്തിൽ കെട്ടിയിട്ട് ഞാൻ പല ചിന്തകളിലേക്കും ചേക്കേറിയുണ്ട്. എന്നാൽ ആ കവിതയെ ഭംഗിയായി പൂർത്തികരിക്കാനാവാതെ കടലാസുതാളിൽ അവശേഷിപ്പിച്ചു. പിന്നിടൊരിക്കൽ അതിനെ ചിന്തേരിടാം എന്നു സ്വയം സമാധാനിച്ചു.
വളരെ ആകസ്മികമായാണ് സജിൽ ശ്രീധർ സർ എഴുതിയ വാസവദത്ത എന്ന നോവൽ കണ്ണിലുടക്കിയത്. അത് ഇറങ്ങിയ പതിപ്പുകളുടെ എണ്ണമോ, നേടിയ നിരവധി പുരസ്ക്കാരങ്ങളോ ഒന്നും തന്നെ എന്നെ ഭ്രമിപ്പിച്ചില്ല. വാങ്ങണം…..വായിക്കണം അത്രയെ ചിന്തിച്ചുള്ളൂ.. സജിൽ ശ്രീധർ എന്ന എഴുത്തുകാരന്റെ ഭാവനയിലൂടെ കടഞ്ഞെടുത്ത വാസവദത്ത എന്ന നോവലിലൂടെ കടന്നു പോയപ്പോൾ പലപ്പോഴും എന്റെ കണ്ണു നിറഞ്ഞിട്ടുണ്ട്. അതിജീവനത്തന്റെ വീര്യമുള്ള വരകൾ വായിച്ചെടുത്തപ്പോൾ ഉള്ളിൽ വിര്യമൂറുന്നത് ഞാനറിഞ്ഞു. ഒരു ഗണികസ്ത്രീ എന്ന എന്റെ ചിന്താ തലത്തിനപ്പുറത്തേക്ക് ഈ നോവലിലൂടെ വാസവദത്ത എന്ന സ്ത്രീയെ ഞാനറിഞ്ഞു. " തോല്ക്കില്ല, തോല്പ്പിക്കാനാവില്ല എന്നെ " എന്നു ചിന്തിക്കുന്നിടത്തുനിന്നും ഒരുവന്റെ വിജയം ആരംഭിക്കുന്നു . ആത്മവിശ്വാസം കൈമുതലാക്കി പ്രവർത്തിച്ചാൽ ഒരാൾക്കും ജീവിത ത്തിൽ തോല്ക്കേണ്ടതായി വരില്ല. ഒരു പെണ്ണിനും കണ്ണീരു കുടിച്ച് ജീവിക്കേണ്ടതായി വരില്ല. ശരിയാണ് വാസവദത്ത തിരഞ്ഞെടുത്ത വഴി വഴിവിട്ടതു തന്നെയായിരുന്നു. സമൂഹത്തിന്റെ കണ്ണിൽ അവൾ തെറ്റുകാരിയാണ്. എന്നാൽ അതിലേക്കവളെയെത്തിച്ചത് ജീവിത സാഹചര്യങ്ങൾ തന്നെയായിരുന്നില്ലേ ....മാണിക്യനോടൊപ്പം സ്വന്തം കുടുംബം വിട്ട് ഇറങ്ങി പോകുമ്പോൾ ഒരു സാധാരണ പെണ്ണിന്റെ മോഹങ്ങളേ അവളിലും ഉണ്ടായിരുന്നുള്ളൂ. എന്നാൽ താൻ വിശ്വസിച്ച പുരുഷൻ തന്നെ ചതിച്ച് പണത്തിനു വേണ്ടി മറ്റൊരുത്തന് വിറ്റപ്പോൾ അവളിലെ വൈരാഗ്യാഗ്നി ആളിക്കത്തി. പക കൊണ്ടു പുളഞ്ഞ അവളുടെ ഹൃദയത്തിൽ കിട്ടിയ കച്ചിത്തുരുമ്പിൽ തൂങ്ങി നിലക്കാതെ, അതിൽ പിടിച്ചു കയറണമെന്ന വാശി ഉദിച്ചു. ജീവിതം ഒന്നേയുള്ളൂ. അതാസ്വദിക്കുക തന്നെ വേണം. അവൾ മനസ്സിനെ പഠിപ്പിച്ചു. വിധിയെപഴിച്ച്, നഷ്ട്ടങ്ങളെയോർത്ത് ഇരുട്ടു മുറിയിൽക്കിടന്ന് പേർത്തു പേർത്തു കരയാതെ വൈവിധ്യങ്ങളിൽ നിന്നും വൈവിധ്യങ്ങളിലേക്കവൾ ചേക്കേറി . തോറ്റിടത്തു നിന്നും എഴുന്നേറ്റ് പോരാടി പോരാടി ജീവിച്ചു. വാസവദത്തയുടെ അതിജീവന കഥ പറയുന്നതോടൊപ്പം മറ്റൊരു വലിയ സന്ദേശം കൂടി എഴുത്തുകാരൻ വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. അതാണ് "ബാഹ്യ സൗന്ദര്യത്തിന്റെ ക്ഷണികതയും, ആന്തരിക കാന്തിയുടെ അനശ്വരതയും " . ബാഹ്യ സൗന്ദര്യം വാസവക്ക് സുഖഭോഗങ്ങൾ നല്കുന്നു , ആ സൗന്ദര്യം നല്കിയ അമിത വിശ്വാസം അവളെ സുഖഭോഗങ്ങളുടെ അടിമയുമാക്കുന്നു. ഒടുക്കം അവളുടെ നാശത്തിനു തന്നെ കാരണമാക്കുന്നു. അതെ ,തന്റെ മനോ കാമനകളെ പൂർത്തികരിക്കാനുള്ള ഹൃദയത്തിന്റെ വെമ്പൽ അടക്കി നിർത്താൻ കഴിയാതെ വരുത്തി വെക്കുന്ന വലിയൊരു അപകടം. സത്യത്തിൽ സുഖഭോഗങ്ങളുടെ പിന്നാലെ കുതിരയെപ്പോലെ പായുന്ന മനുഷ്യന്റെ സ്വാർത്ഥ ചിന്തകൾക്കു മേൽ എഴുത്തുകാരൻ എടുത്തെറിയുന്ന ചാട്ടവാറാണിത്. ഒടുക്കം ഒരു പാട് പുരുഷൻമാർ ആഗ്രഹിച്ച .... അനുഭവിച്ച വാസവദത്തയുടെ സുന്ദര ശരീരം മൂക്കും മുലയും കൈകളും ഛേദിക്കപ്പെട്ട നിലയിൽ ചുടുകാട്ടിൽ കിടക്കുമ്പോൾ , അവളുടെ ഉള്ളം ഏറെക്കൊതിച്ച ഉപഗുപ്തന്റെ സാമീപ്യം ലഭ്യമാകുന്നു ലഭ്യമാകുന്നു. സന്തോഷവും, സങ്കടവും ഇടകലർന്ന ശബ്ദത്തിൽ വാസവ ഉപഗുപ്തനോട് ചോദിക്കുന്നുണ്ട്. "അങ്ങ് പറഞ്ഞ സമയമിതായിരുന്നോ?". ഒന്നു കാണണമെന്ന് വാസവ പലവുരി അഭ്യർത്ഥനകൾ അയച്ചപ്പോഴൊക്കെ , സമയമായട്ടില്ല എന്നു പറഞ്ഞ ഉപഗുപ്തൻ ചുടുകാട്ടിൽ അന്ത്യം കാത്തു കിടക്കുന്നവാസവദത്തയെ കാണാൻ ഓടിയെത്തുന്നു. അവൾക്ക് ആത്മീയ സൗന്ദര്യത്തിന്റെ ദർശനം വെളിവാക്കുന്നു. ലൗകിക ജീവിതത്തിന്റെ മായാഭ്രമങ്ങളിൽ നിന്നും താഴേക്ക് ഇറങ്ങിവന വാസവ ഉപഗുപ്തന്റെ വാക്കുകളിലൂടെ ആത്മിയതയുടെ ആനന്ദം അനുഭവിക്കുന്നു. ആ ആനന്ദം താനിത്രനാളും അറിഞ്ഞ വൈവിധ്യങ്ങളായ ആനന്ദങ്ങൾക്കുമപ്പുറമാണെന്ന് തിരിച്ചറിയുന്നു. ജീവിതത്തിന്റെ പരിപൂർണ അർത്ഥം ഗ്രഹിക്കുന്നു. പശ്ചാത്താപം തന്നെയാണല്ലോ ഏറ്റവും വലിയ പ്രായശചിത്തം. അതിനവൾക്ക് അവസരം ലഭിക്കുന്നു. ആ തിരിച്ചറിവുകളിലൂടെ അവൾ മോക്ഷം പ്രാപിക്കുന്നു. മറ്റുള്ളവരുടെ മുന്നിൽ മഹാപാപിയായ വാസവദത്തയുടെ മനസ്സ് ഉപഗുപ്തൻ മനസ്സിലാകുന്നു. അവൾക്കു വേണ്ടി രണ്ടിറ്റു കണ്ണീർ പൊഴിക്കുന്നു. ജീവിതൊടുക്കം വരെ തന്റെ ജീവിതം നശിപ്പിച്ച .... ഒരിക്കലും ആഗ്രഹിക്കാത്ത രീതിയിലുള്ള വഴിയിലേക്ക് തള്ളിവിട്ട മാണിക്യൻ എന്ന പുരുഷനോട് അവൾ ക്ഷമിക്കുന്നില്ല. 'ഒരു തരത്തിൽ നോക്കിയാൽ മാണിക്യൻ തന്നെയല്ലേ ഈ സുഖ സൗകര്യങ്ങൾക്ക് അവകാശിയാവാൻ വഴിയൊരുക്കിയത് 'എന്ന തോഴി ഉത്തരയുടെ ചോദ്യത്തിന് വാസവ സമർത്ഥിക്കുന്നൊരു ന്യായമുണ്ട്.

“അതെന്റെ മിടുക്ക്” മാണിക്യനോടുള്ള പകയും, വൈരാഗ്യവും ഈ വാക്കുകളിൽ മിടിക്കുന്നുണ്ട്‌. കത്തുന്ന സൗന്ദര്യം അവളുടെ തൊലിപ്പുറത്താണെങ്കിൽ, അകത്ത് സ്ത്രീത്വത്തിന്റെ കത്തുന്ന തീപന്തമായിയുന്നവൾ.
ഏവർക്കും പരിചിതമായ വാസവദത്തയെ, തന്റെ തന്നെ ആദർശങ്ങളാലും,സങ്കല്പ്പങ്ങളാലും നൂതന രീതിയിലിവിടെ നോവലിസ്റ്റ് സജിൽ ശ്രീധർ ഉയർത്തിപ്പിടിച്ചിരിക്കുന്നു. വായിച്ചു മടക്കിവെച്ചാലും ചിന്തകളിൽ നിന്നും ഇറങ്ങിപ്പോവാതെ ഓരോ വായനക്കാരന്റെ ഹൃദയത്തിലും വാസവദത്തയെ കൂടിയിരുത്താൻ എഴുത്തുകാരന്റെ തൂലികയക്ക് സാധ്യമായിരിക്കുന്നു. അതു തന്നെയാവാം ആ എഴുത്തിന്റെ മാന്ത്രിക ശക്തിയും .

ജിബി ദീപക്ക് (എഴുത്തുകാരി)

Leave a Reply

Your email address will not be published. Required fields are marked *