പ്രിയ മൗനമെ …….!
സുമംഗല സാരംഗി
പ്രിയ മൗനമേ…
ഇനി ഞാനുണർന്നിരിക്കാം
നീ… ഉറങ്ങുക …….
ആത്മാവിന്നാഴങ്ങളിൽ
കൈക്കുമ്പിൾ നിറയെ
ആർദ്രമായ്
മഞ്ഞിൻ കണങ്ങൾ
കുടഞ്ഞിടുക…….
ഒരു മഞ്ഞു കൂട്ടിപ്പക്ഷിയായ്
തപം ചെയ്യുക
പ്രിയ മൗനമേ…….
അഗ്നിയിൽ സ്ഫുടം
ചെയ്തെടുത്ത ദീപ്തമാം
സ്വപ്നങ്ങളൊക്കെയും
നിന്നിലൊളിപ്പിച്ച്
മാത്രകളെണ്ണിയെണ്ണി
സുഷുപ്തിയിലേയ്ക്കാഴു –
ന്നതിൻ മുമ്പായ്
ജാഗ്രത്തിലൂടെനിയ്ക്കൊന്നു
യാത്ര ചെയ്യണം
വനചന്ദന സുഗന്ധം വഴിയും
കാട്ടുവഴികളിലൂടൊന്നു
നടക്കണം
കനൽതൊട്ടെഴുതിയൊരെൻ
ജീവിത ഗ്രന്ഥത്തിൻ
അഴലാർന്നൊരേടുകളൊക്കെയും
കനിവാർന്ന കരങ്ങളാൽ
മാഞ്ഞുപോയേറെയും
കനവുകളൊന്നുമേ
ശേഷിപ്പതില്ലെന്നതത്രെ
ചിത്തത്തിലാനന്ദമേകുന്ന
കൗതുകം ………..!
തീവെട്ടത്തിനെന്നെ
തൊടാൻ പറ്റില്ലൊരിക്കലും
ജഠരാഗ്നിയിലുള്ളം പലവട്ടം
വെന്തതാണെന്നറിയുക
കടലാഴത്തിനുമെന്നെ
താഴ്ത്താൻ കഴിയില്ല
അഴലാഴിയിലെത്രവട്ടം
മുങ്ങിയുയർന്നതാണെന്നോ
പുനരാവർത്തനത്തിൻ
വർത്തുളപദങ്ങളിൽ
കർമ്മകാണ്ഡത്തിൻ
വേരറുത്തീടാനയ്,
മുക്തിപദത്തിനായ്
പ്രിയ മൗനമേ……..
ഇനി ഞാനുറങ്ങാം
നീ …….ഉണർന്നിരിക്കുക ….!