കനത്ത മഴ; രണ്ട് ജില്ലകള്‍ക്ക് ഇന്ന് ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയില്‍ മൂന്ന് പേര് കൂടി മരിച്ചു. ആലപ്പുഴയില്‍ കടലില്‍ വീണ വിദ്യാര്‍ത്ഥിയും പാലക്കാട് മണ്ണാര്‍ക്കാട് വീട് തകര്‍ന്ന് വയോധികയും കാസര്‍കോട് ഒഴുക്കില്‍പ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്. കണ്ണൂര്‍ കൊട്ടിയൂരില്‍ ഒഴുക്കില്‍പ്പെട്ട് തീര്‍ഥാടകനെ കാണാതായി.
ഇടുക്കിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. നീരൊഴുക്ക് കൂടിയതിനാലാണ് പൊന്മുടി അണക്കെട്ട് തുറന്നത്. ഒരു ഷട്ടര്‍ 20 സെന്റി മീറ്റര്‍ ആണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 15 ഘന മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ഈ സാഹചര്യത്തില്‍ പന്നിയാര്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയത്തും കാസര്‍കോടും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കും.മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.