കോവിഡിന്‍റെ പുതിയ ലക്ഷണങ്ങള്‍
ഒരിടവേളയ്ക്ക് ശേഷം കൂടുതല്‍ കടുത്ത രോഗലക്ഷണങ്ങളുമായി കോവിഡ് വീണ്ടും സജീവമാകുകയാണെന്ന് റിപ്പോര്‍ട്ട്. ഒമിക്രോണിന്റെ ഉപവകഭേദമായ എന്‍ബി.1.8.1 അഥവാ നിംബസാണ് ഏഷ്യയില്‍ കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് കാരണമാകുന്നത്.
കഴുത്തില്‍ ഒരു ബ്ലേഡോ ഗ്ലാസ് കഷ്ണമോ കുടുങ്ങുന്നതിന് സമാനമായ തൊണ്ട വേദനയാണ് നിംബസ് മൂലം വരുന്ന കോവിഡിന്റെ പ്രധാന ലക്ഷണം. ഓരോ തവണ ഉമിനീരിറക്കുമ്പോഴും ഈ വേദന അസഹനീയമായി മാറാം. ഇതിനൊപ്പം നെഞ്ചിന് കനം, ക്ഷീണം, മിതമായ ചുമ, പനി, പേശീവേദന പോലുള്ള ലക്ഷണങ്ങളും നിംബസ് മൂലം ഉണ്ടാകുന്നുണ്ട്.
അതിസാരം, ഓക്കാനം എന്നീ ലക്ഷണങ്ങളും ചിലരില്‍ വരാം. ഏഷ്യയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 10 ശതമാനത്തിലധികവും നിംബസ് മൂലമാണെന്ന് കരുതപ്പെടുന്നു. അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പുതിയ വകഭേദം മൂലമുള്ള അപകടസാധ്യത മിതമാണെന്നും നിലവില്‍ വാക്‌സീനുകള്‍ നിംബസിനെതിരെയും ഫലപ്രദമാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു.
തൊണ്ടയില്‍ ഉപ്പ് വെള്ളം ഉപയോഗിച്ച് കുലുക്കുഴിയുന്നത് വേദനയുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും. മെഥനോളും ബെന്‍സോകൈയ്‌നും ചേര്‍ന്ന ത്രോട്ട് ലോസഞ്ചുകളും സ്‌പ്രേകളും താത്ക്കാലികമായ ആശ്വാസം നല്‍കാം. ഹെര്‍ബല്‍ ടീ പോലുള്ള ചൂടുള്ള പാനീയങ്ങളും തൊണ്ടയില്‍ ഈര്‍പ്പം നിലനിര്‍ത്തി അസ്വസ്ഥത ലഘൂകരിക്കാം. ഹ്യുമിഡിഫയര്‍ ഉപയോഗിച്ച് വായുവിലേക്ക് ഈര്‍പ്പം കൊണ്ട് വരുന്നത് തൊണ്ട വരണ്ട വേദന രൂക്ഷമാകാതിരിക്കാന്‍ സഹായിക്കും. പാരസെറ്റാമോള്‍, ഐബുപ്രൂഫന്‍ പോലുള്ള വേദനസംഹാരികളും തൊണ്ടവേദന ലഘൂകരിക്കാന്‍ സഹായിച്ചേക്കാം. എന്നാല്‍ മരുന്നുകള്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ കഴിക്കാവുള്ളൂ.