പ്രകൃതിയെ അറിയാന്‍ ഇല്ലിക്കല്‍ കല്ലിലേക്കൊരു ട്രിപ്പ്

ജിഷ മരിയ

പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഒപ്പം നല്ലൊരു യാത്രാ അനുഭവവുമാണ് കോട്ടയം ജില്ലയിലെ തീക്കോയിക്കും മൂന്നിലവിനുമിടയിലുള്ള ഇല്ലിക്കല്‍ കല്ല് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. പ്രകൃതിരമണീയമായ അന്തരീക്ഷവും, പച്ചപ്പും, തണുത്ത കാറ്റും, പ്രകൃതിയുടെ വശ്യസൗന്ദര്യവുമെല്ലാം സഞ്ചാരികളെ ഇല്ലിക്കല്‍കല്ലിലെത്തിക്കാന്‍ വഴിയൊരുക്കുന്നു. പാലാ – ഈരാറ്റുപേട്ട വഴിയും, തൊടുപുഴ വഴിയും സഞ്ചാരികള്‍ക്ക് ഇവിടെയെത്താവുന്നതാണ്. കോടമഞ്ഞും കാട്ടരുവികളും, പാറക്കെട്ടുകളുമെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നവയിലൊന്നാണ്. ഞാനും എന്‍റെ സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ സഞ്ചാരമാണ് കൂട്ടുകാരിയിലൂടെ പങ്കുവെക്കുന്നത്.

തീക്കോയി ടൗണില്‍ നിന്നും മൂന്നിലവ് പോകുന്ന റൂട്ടിലാണ് ഇല്ലിക്കല്‍ കല്ല്. സഞ്ചരിക്കുന്ന വഴികളിലെല്ലാം പച്ചപ്പും, വള്ളിപ്പടര്‍പ്പുകളും, കൈതതോട്ടങ്ങളും, പാറക്കെട്ടുകളും, പാറയിടുക്കുകളിലൂടെ ഒഴുകുന്ന കാട്ടരുവികളും എല്ലാം കണ്ണിന് ഇമ്പമേറുന്നവയാണ്. കാറിലാണ് ഞങ്ങളുടെ യാത്ര. നിരപ്പായ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ കോടമഞ്ഞും തണുത്ത കാറ്റും ഏലതോട്ടങ്ങളിലെ ഏലം പൂത്തുനില്‍ക്കുന്നതിന്റെ സുഗന്ധവും, സൗരഭ്യവുമെല്ലാം നമ്മുടെ മനം കുളിര്‍പ്പിക്കും.

ഞങ്ങളുടെ കാര്‍ അതിവേഗം പൊയ്‌ക്കൊണ്ടിരിക്കുന്നു. ഒരുപാടു നാളത്തെ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. മുന്നോട്ടു പോകുന്നതനുസരിച്ച റോഡിന് വീതികുറവാണ്. വളവുകളും, കുത്തനെയുള്ള കയറ്റവും ഇറക്കവുമെല്ലാം കൂടി ചേര്‍ന്നിട്ടുള്ള യാത്ര. ഇടയ്ക്ക് പാറയിടുക്കിലുടെയുള്ള അരുവി കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി. നല്ല തെളിഞ്ഞ വെള്ളം. ഞങ്ങള്‍ ഇറങ്ങി, കുത്തിയൊലിക്കുന്ന വെള്ളത്തിന്റെ ശബ്ദവും, പാല്‍ പോലെ നുരഞ്ഞുപൊങ്ങുന്ന വെള്ളവും, എല്ലാം കണ്ടപ്പോള്‍ ഇറങ്ങാന്‍ അതിയായ ആഗ്രഹം. തെന്നിക്കിടക്കുന്ന പാറയിടുക്കിലൂടെ കൈ പിടിച്ച് ഞങ്ങള്‍ ഇറങ്ങി. കൈക്കുമ്പിളിലേക്ക് വെള്ളം കോരിയെടുത്തപ്പോള്‍ നല്ല തണുപ്പ്. ഫ്രിഡ്ജിലെ ഫ്രീസറില്‍ നിന്നുമെടുക്കുന്ന വെള്ളത്തേക്കാള്‍ കൂടുതല്‍ തണുപ്പാണ് വെള്ളത്തിന്. തണുത്ത വെള്ളത്തില്‍ മുഖം കഴുകി. എല്ലാവരുടേയും മുഖത്ത് സന്തോഷം.

മനസ്സില്ലാ മനസോടെ ഞങ്ങള്‍ വീണ്ടും കാറിലേക്ക് കയറി. വീണ്ടും മുന്നോട്ട്. ഒരു സൈഡില്‍ പാറക്കെട്ടുകളും, മറ്റൊരു സൈഡില്‍ തോട്ടങ്ങളും, ഇതിന്റെയിടയില്‍ വീടുകളുമെല്ലാം ഞങ്ങള്‍ കണ്ടു. ഇടയ്ക്ക് സഞ്ചാരികള്‍ക്കായി പാറയിടുക്കില്‍ നിന്നൊഴുകി വരുന്ന ശുദ്ധമായ വെള്ളം പിടിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. അവസാനം ഞങ്ങള്‍ ഇല്ലിക്കല്ലില്‍ എത്തി. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ഇല്ലിക്കല്‍ കല്ലിന്‍റെ എന്‍ഡിംഗ് പോയിന്റിലേക്കുത്തുന്ന വഴി ബ്ലോക്ക് ചെയ്തതായി കണ്ടു. ഇവിടെ വരെ വന്നിട്ട് എന്‍ഡിംഗ് പോയിന്‍റ് കാണാന്‍ പറ്റാത്തതിന്റെ സങ്കടത്തിലായിരുന്നു ഞങ്ങള്‍. പൂട്ടിയ ഗെയിറ്റിന്റെ സൈഡില്‍ കൂടി ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് കടന്നുപോകാവുന്ന വഴിയില്‍ കൂടി ഞങ്ങള്‍ കടന്നു. അവിടെ നിന്നും എന്‍ഡിംഗ് പോയിന്റിലെത്താന്‍ നാലു കിലോമീറ്റര്‍ നടക്കണം. സാധാരണ കെ.റ്റി.ഡി.സി.യുടെ ജീപ്പിലാണ് യാത്ര. ഇപ്പോള്‍ കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ആ സൗകര്യം ലഭ്യമല്ല. ഞങ്ങള്‍ ഏകദേശം രണ്ടുകിലോമീറ്റര്‍ നടന്നു.. പ്രദേശം അപകട മേഖലകൂടി ആയതിനാല്‍ വേലികെട്ടിയിട്ടുണ്ട്. നടക്കുന്നതിനിടയില്‍ കോടമഞ്ഞ് കൂടി വരുന്നു.പച്ചപ്പുല്ലും, കാട്ടുമരങ്ങളും, അരുവികളും, പാറക്കെട്ടുകളുമെല്ലാം കണ്ടതിന്‍റെ വലിയ സന്തോഷമാണ് ഞങ്ങളുടെ മനസില്‍.തണുത്ത കാറ്റ് വീശിക്കൊണ്ടിരിക്കുന്നു.


കോട മഞ്ഞ് കൂടിയും കുറഞ്ഞും വരുന്നുണ്ട്. ഇടയ്ക്ക് പുല്ലുവെട്ടുന്ന ആള്‍ക്കാരേയും നമ്മുക്ക് കാണാം. പുല്ലുചെത്തി വണ്ടിയില്‍ കൊണ്ടുപോകുന്ന തിരക്കിലാണ് ചിലര്‍. അവിടെ നിന്നും മുകളിലേക്ക് നോക്കിയാല്‍ വലിയ മല കാണാം. മലയെ മൂടികൊണ്ട് കോടമഞ്ഞും, ആ കാഴ്ച കാണാന്‍ നല്ല രസമാണ്. എന്‍ഡിംഗ് പോയിന്റ് കാണാന്‍ പറ്റാത്തതിന്റെ തൊല്ലൊരു വിഷമത്തോടെ രണ്ടുമണിക്കൂറോളം അവിടെ ചിലവഴിച്ചിട്ടാണ് ഞങ്ങള്‍ തിരിച്ചു മലയിറങ്ങിയത്….

ദൈവം കനിഞ്ഞു നല്‍കിയ ഈ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഇനിയും വരുമെന്ന ഉറച്ച തീരുമാനമെടുത്താണ് ഞങ്ങള്‍ വണ്ടിയിലേക്ക് കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *