വാഗമണ്ണിലേക്കൊരു ജോളി ട്രിപ്പ്

ലക്ഷമി കൃഷ്ണദാസ്

വാഗമണ്ണിലെ മൊട്ടക്കുന്നുകള്‍ അടുത്ത് കാണണമെന്ന വളരെ നാളത്തെ ആഗ്രഹം നടന്നത് ഈയടുത്താണ്. എത്ര തവണ പോയാലും മടുക്കാത്ത കാഴചയാണ് ഞങ്ങള്‍ക്ക് വാഗമണ്‍ സമ്മാനിച്ചത്.വാഗമണ്ണിലെത്തുക എന്നതിനേക്കാൾ സഞ്ചാരികൾക്ക് കൗതുകം പകരുക ഇവിടേക്കുള്ള വഴിയാണ്. കുത്തനെയുള്ള പാറക്കെട്ട് നമ്മുടെ ധൈര്യത്തെ ചോര്‍ത്തിക്കളയും. ഭരണങ്ങാനത്ത എത്തി അല്‍ഫോണ്‍സാമ്മയെ പ്രാര്‍ത്ഥിച്ചാണ് ഞങ്ങള്‍ വാഗമണ്ണിലേക്ക് യാത്ര തിരിച്ചത്.

കൊക്കയുടെ ഓരം ചേർന്നു പോകുന്ന വണ്ടികളും നോക്കെത്താത്ത ദൂരത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടവും ഒക്കെ വാഗമൺ യാത്രയിലെ അമ്പരിപ്പിക്കുന്ന കാഴ്ചയാണ്. വാഗണ്ണിലെ കാലാവസ്ഥ അത് ഒന്ന് വേറെ തന്നെയാണ്. നനുത്ത കാറ്റും കോടയും അവിടുത്തെ പ്രത്യേകതയാണ്. കോടയിറങ്ങിപ്പോകുന്ന കാഴ്ച എത്ര കണ്ടാലും മതി വരില്ല. വാഗമണ്ണിന്‍റെ സൌന്ദര്യം വായിച്ചും വീഡിയോ കണ്ടും എത്തിയ ഞങ്ങളെ കാഴ്ചയുടെ പൊന്‍വസന്തം നല്‍കിയാണ് മൊട്ടക്കുന്നുകള്‍ സ്വാഗതം അരുളിയത്. വാഗമണ്ണിലെ തടാകം സാധരണക്കാരുടെയും സിനിമക്കാരുടെയും പ്രീയപ്പെട്ട ഇടമാണ്. ടീ ഗാര്‍ഡന്‍ ലേക്ക് എത്ര സിനിമയിലൂടെ നമ്മളൊക്കെ കണ്ടിരിക്കുന്നു. ഇവിടെ ബോട്ടിംഗിനും സൌകര്യമുണ്ട്.

മൊട്ടക്കുന്നാണ് വാഗമണ്ണിന്‍റെ ഹൈലൈറ്റ്. ഏതോ ഒരു സിനിമയിലെ ഡയലോഗ് പോലെ ഈ ഹരിതാഭയും പച്ചപ്പും വേറെ എവിടെ കാണാന്‍ സാധിക്കും. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ, മഞ്ഞ്, ഷോളമലകൾ, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളും, അനന്തമായ പൈൻ മരക്കാടുകളും വാഗമണിന്റെ മറ്റ് പ്രത്യേകതകളാണ്. ഇവിടങ്ങളിലെ മലമ്പാതയിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്.

വാഗമൺ മലകളുടെ അടിവാരം തീക്കോയി വരെ നീണ്ടുകിടക്കുന്നു. തങ്ങൾ മല, മുരുകൻ മല, കുരിശുമല എന്നീ മൂന്നു മലകളാൽ വാഗമൺ ചുറ്റപ്പെട്ടിരിക്കുന്നു. ഇവ മൂന്നും തീർത്ഥാടക പ്രാധാന്യമുള്ള സ്ഥലങ്ങളുമാണ്.വാഗമണ്ണിൽ കോലാലഹമേടിനു സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തങ്ങൾപാറ. വിശുദ്ധമായ ഒരു കബറിടമാണ് ഇവിടുത്തെ ആകർഷണം. ഷെയ്ഖ് ഫരീദുദ്ദീന്റെ ഖബറിടമാണിതെന്നാണ് വിശ്വസം. അവിടെ നിന്നും മുന്നോട്ട് നടന്നാൽ വാഗമണ്ണിന്റെ മൊത്തത്തിലുള്ള ആകാശക്കാഴ്ചയാണ് ലഭിക്കുക. മലനിരകൾ വെട്ടിയരിഞ്ഞ് നിർമ്മിച്ചിരിക്കുന്ന റോഡുകൾ. കിഴക്കാംതൂക്കായി നിന്ന മലനിരകൾ വെട്ടിയരിഞ്ഞാണ് പേട്ടയിൽ നിന്നും ഇവിടേക്കുള്ള വഴി നിർമ്മിക്കുന്നത്. പിന്നീട് കാലം കടന്നു പേയപ്പോൾ ഇന്നു കാണുന്ന രീതിയിൽ വികസിപ്പിക്കുകയായിരുന്നു.

ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുളള യാത്ര സുഖകരമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ, കോടമഞ്ഞു മൂടിയ മലനിരകളും. ഈരാറ്റുപേട്ട-പീരുമേട് ഹൈവേയിൽ വെള്ളികുളം മുതൽ വഴിക്കടവ് വരെ ആറുകിലോമീറ്റർ ദൂരം പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണിൽ എത്തുക

.ഈരാറ്റുപേട്ട-പീരുമേട് ഹൈവേയിൽ വെള്ളികുളം മുതൽ വഴിക്കടവ് വരെ ആറുകിലോമീറ്റർ ദൂരം പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണിൽ എത്തുക.തൊടുപുഴയിൽ നിന്നും 36 കിലോമീറ്ററും പാലയിൽ നിന്നും 37 കിലോമീറ്ററും കുമിളിയിൽ നിന്ന് 45 കിലോമീറ്ററും കോട്ടയത്തു നിന്നും 65 കിലോമീറ്ററും കാഞ്ഞിരപള്ളിയിൽ നിന്നും 40 കിലോമീറ്ററും അകലെയാണ് വാഗമൺ.

വീണ്ടും ഓഫീസ് തിരക്കുകളിലേക്ക് ഊളിയിടുമ്പോള് അടുത്ത ട്രിപ്പ് ഇനി ഉടനെ വേണം എന്ന് പറഞ്ഞാണ് എല്ലാവരും പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *