ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി ലെന
പി.ആര് സുമേരന്‍
ജീവിതത്തിലായാലും സിനിമയിലായാലും ഉറച്ചനിലപാടുകള്‍ ഉള്ള വ്യക്തിയാണ് ലെന. ജീവിതത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നപ്പോളും മറുചിന്തയ്ക്ക് വകനല്‍കാതെ മുന്നോട്ടുപോകാന്സാധിച്ചത് അതുകൊണ്ട് തന്നെയാണെന്നും താരം. എന്നും ചെറുപ്പമായി ഇരിക്കുന്ന താരത്തിന്റെ സൌന്ദര്യ രഹസ്യം കൂട്ടുകാരിയിലൂടെ വെളിപ്പെടുത്തുന്നു.
ഉഷാറാവാന്‍ നെല്ലിക്ക
ജ്യൂസ് കഴിക്കുകയാണെങ്കില്‍ നെല്ലിക്ക ജ്യൂസ് കഴിക്കണം. നല്ല ഉഷാറായിരിക്കും. പറഞ്ഞറിയിക്കാന്‍ കഴിയില്ല അത്രയ്ക്കും രസമാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോഴെ മൂന്ന് നെല്ലിക്കയെടുത്ത് കഴുകി അരിഞ്ഞ് മിക്സിയിലിട്ട് ജ്യൂസാക്കി കഴിക്കണം ഒരു ഗ്ലാസ്സ് മതി. പാകത്തിന് മധുരവും ചേര്‍ത്ത് കഴിക്കണം. വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കഴിക്കുന്നതുകൊണ്ട് ശരീരത്തിനും മനസ്സിനും ഉണര്‍വുണ്ടാകും. വിശപ്പും ദാഹവും നന്നായി കിട്ടും. അകാലനര മാറ്റി മുടിക്ക് നല്ല കറുപ്പ് കിട്ടും. ഞാന്‍ പരമാവധി നെല്ലിക്ക ജ്യൂസ് കഴിക്കാറുണ്ട്. ജോലിയുടെ സ്വഭാവം കൊണ്ട് ദിവസവും കഴിക്കാന്‍ പറ്റില്ല. എങ്കിലും അനുഭവത്തില്‍നിന്ന് ഞാന്‍ പറയുകയാണ് നിങ്ങളെല്ലാവരും നെല്ലിക്കജ്യൂസ് കഴിക്കാന്‍ ശ്രമിക്കണം. ചൂടുകാലത്ത് കുടിക്കാന്‍ പറ്റിയ ജ്യൂസ് മുസമ്പിയാണ്. തളര്‍ച്ചയ്ക്കും ക്ഷേമത്തിനും മുസമ്പി നല്ലയൊരു ഐറ്റമാണ്.
കുടിക്കണമെങ്കില്‍ ജീരകവെള്ളം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജീരകവെള്ളം കുടിക്കാനാണ്. ഞങ്ങളുടെ മുത്തശ്ശി താമസിക്കുന്നത് തൃശ്ശൂര്‍ വടക്കാഞ്ചേരിയിലാണ്. അവിടെ പോകുമ്പോഴാണ് ജീരകവെള്ളം കുടിക്കുന്നത്. മുത്തശ്ശി എപ്പോഴും ജീരകവെള്ളം തിളപ്പിച്ചിട്ടിരിക്കും. ചെറുപ്പം മുതലേ എനിക്ക് അവിടെ പോകുന്നത് ഇഷ്ടമായിരുന്നു. ഇന്നും സമയം കിട്ടുമ്പോഴൊക്കെ തൊണ്ണൂറ്റിരണ്ട് വയസ്സായ മുത്തശ്ശിയെ കാണാന്‍ ഞാന്‍ പോകാറുണ്ട്.
വേറെ വഴിയില്ലല്ലോ
ഏത് ബ്രാന്‍ഡ് കമ്പനിയുടേതായാലും മിനറല്‍ വാട്ടര്‍ കുടിക്കാതിരിക്കുന്നതാണ് നല്ലത്. എന്തെല്ലാം വാഗ്ദാനങ്ങളുമായി കുപ്പിവെള്ളം വിപണിയില്‍ വന്നാലും അതിലെല്ലാം തട്ടിപ്പേ ഉള്ളൂ. പിന്നെയും പിന്നെയും വെള്ളം നിറച്ചുകൊണ്ടാണ് ആ കുപ്പികള്‍ കടകളിലെത്തുന്നത്. പലതും മാസങ്ങളോളം പഴക്കമുള്ളതാണ്. ദിവസങ്ങളോളം വെയില് കൊണ്ട് ചൂടായിക്കിടക്കുന്ന ആ വെള്ളം കഴിയുമെങ്കില്‍ കുടിക്കാതിരിക്കുക. വീട്ടില്‍ തിളപ്പിച്ചാറിയ വെള്ളം യാത്രയില്‍ കൂടെ നടന്നാല്‍ നല്ലതാണ്. പക്ഷേ എന്തുചെയ്യാം അതിനൊന്നും ഒരു മാര്‍ഗ്ഗവുമില്ല. ദാഹം വരുമ്പോള്‍ ഇതുപോലുള്ള വെള്ളം തന്നെ നമ്മള് വാങ്ങിക്കുടിക്കും. വേറെ വഴിയില്ലല്ലോ?
കാഴ്ചയും ഭംഗിയുമല്ല കാര്യം
പല നിറത്തിലുള്ള എത്രയെത്ര ടിന്‍ഫുഡുകളാണ് വിപണിയില്‍ ഉള്ളത് സാധാരണക്കാരെ ആകര്ഷിപ്പിക്കാന് അവയുടെ നിറവും ഭംഗിയും ഒന്നുവേറെ തന്നെയാണ്. ദൈവത്തെയോര്ത്തെങ്കിലും അതൊന്നും വാങ്ങികഴിക്കരുതേ എന്നാണ് എന്റെ അപേക്ഷ. ഇന്നത്തെ ചെറുപ്പക്കാരും കുട്ടികളും ഇത്തരത്തിലുള്ളതെല്ലാം വാങ്ങി കഴിക്കാറുണ്ട്. എപ്പോഴും എന്തെങ്കിലുമൊക്കെ ചവച്ചുകൊണ്ടു നടക്കുന്നതാണ് ഇന്ന് പലര്‍ക്കും താല്പര്യം. ഷോപ്പിംങ് മാളിലും മറ്റും ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍ സങ്കടവും ദേഷ്യവും തോന്നാറുണ്ട്. ഇന്നത്തെ പല രോഗങ്ങള്‍ക്കും കാരണം ഇത്തരത്തിലുള്ള വലിച്ചുവാരിയുള്ള തീറ്റയും കുടിയുമാണ്.
ഫോട്ടോയ്ക്ക് കടപ്പാട്; ലെന ഫെയ്സ്ബുക്ക് പേജ്