ഡിക്യുവിന്‍റെ ‘കുറുപ്പ്’ തിയേറ്റര്‍ റിലീസിന്
ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ തീയറ്ററുകളിൽ റിലീസിസിന് ഒരുങ്ങി കഴിഞ്ഞു . ഒടിടി പ്ലാറ്റ്‌ഫോമുകൾ കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്‌തെങ്കിലും സിനിമയുടെ നിർമ്മാതാവ് തീയ്യറ്ററുകളിൽ തന്നെ സിനിമ റിലീസ് ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു.35 കോടിയാണ് സിനിമയുടെ മുടക്ക് മുതൽ.റിലീസ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കി.
സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘കുറുപ്പ്’ ഒരുങ്ങുന്നത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
ഡിക്യുവിന്‍റെ ആദ്യചിത്രം സെക്കൻഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെത്തുന്ന കുറുപ്പ് ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്‌ജറ്റ് ചിത്രം കൂടിയാണ് . ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി കുറുപ്പ് ചിത്രീകരിച്ചത്.
കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ക്രിയേറ്റീവ് ഡയറക്ടര്‍ വിനിവിശ്വലാല്‍.
.