പൂന്താനഭക്തി
ജിബി ദീപക് (എഴുത്തുകാരി, അദ്ധ്യാപിക )
ഭഗവാൻ കൃഷ്ണനോടുള്ള നിഷ്കളങ്ക ഭക്തിയുടെ ഉത്തമ ഉദാഹരണമാണ് പൂന്താനം നമ്പൂതിരി. അദ്ദേഹത്തിന്റെ ഭക്തിയുടേയും ഭഗവാന് അദ്ദേഹത്തോടുള്ള വാത്സല്യത്തിന്റെയും കഥകൾ ചരിത്രത്തിലുടനീളം കാണാൻ സാധിക്കും.
മേൽപ്പത്തൂർ നാരായണ ഭട്ടതിരിയും പൂന്താനം നമ്പൂതിരിയും ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രണ്ട് പ്രതിഭകളാണ്. മേൽപ്പത്തൂർ നാരായണീയവും, പൂന്താനം ജ്ഞാനപ്പാനയും രചിച്ചത് ഭഗവാൻ കൃഷ്ണന്റെ മുന്നിൽ വെച്ചാണെന്നുള്ളതും സുപരിചിതമാണ്.
വേദ ഭാഷയിൽ ജ്ഞാനം ഇല്ലാതിരുന്ന പൂന്താനം എല്ലാവർക്കും മനസ്സിലാവുന്ന ലളിതമായ ഭാഷയിലാണ് ജ്ഞാനപ്പാന എഴുതിയിരിക്കുന്നത്.
ശ്രീകൃഷ്ണന് കുചേലൻ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം. ജ്ഞാനപ്പാന മലയാളത്തിന്റെ ഭഗവത്ഗീതയയാണ് കരുതപ്പെടുന്നത്. പൂന്താനം നമ്പൂതിരി ജനിച്ചതും ജീവിച്ചതും മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശത്തിൽ കീഴൂർ എന്ന ചെറിയൊരു ഗ്രാമപ്രദേശത്തെ പൂന്താനം എന്ന ഇല്ലത്ത് ആയിരുന്നു.
വളരെ ചെറുപ്രായത്തിൽ തന്നെ വിവാഹിതനായ അദ്ദേഹത്തിന് ഏറെ കാലത്തെ പ്രാർത്ഥനകൾക്ക് ശേഷം ഒരു കുട്ടി ജനിക്കുകയും കുഞ്ഞിന്റെ ചോറൂണ് ദിവസം കുട്ടി മരണപ്പെട്ടു. നടന്ന അത്യാഹിതം പൂന്താനത്തെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത് പിന്നീട് പൂന്താനം തന്നെ ജീവിതം ഭഗവതി ചിന്തകൾക്കായി മാറ്റിവെച്ചു.
‘ ഉണ്ണികൃഷ്ണൻ മനസ്സിൽക്കളിക്കുമ്പോൾ ഉണ്ണികൾ വേണമോ മക്കളായ് ‘
ഈ ചിന്തയോടെ അദ്ദേഹം ആ ദുഃഖത്തെ നേരിട്ടു.
മലയാളത്തിലെ ജനകീയനായ ഭക്തകവി പൂന്താനം നമ്പൂതിരിയുടെ ജന്മദിനമായി കൊണ്ടാടുന്നത് കുംഭമാസത്തിലെ അശ്വതി നാളിലാണ്.
‘ കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രമശ്വതിനാളെന്നും’ എന്ന ജ്ഞാനപ്പാനയിലെ വരികൾ കണക്കിലെടുത്ത് എല്ലാ വർഷവും ഈ ദിനം പൂന്താനം ദിനമായി ആഘോഷിച്ചു പോരുന്നു.
കേരളത്തിലെ ക്ഷേത്രങ്ങളിൽ നിന്ന് ഇന്നും ജ്ഞാനപ്പാന വായിക്കുന്നത് കേൾക്കാം. ഭാഷാകർണ്ണാമൃതം സന്താനഗോപാലം തുടങ്ങിയവ പൂന്താനത്തിന്റെ തന്നെ സൃഷ്ടികളാണ്. പൂന്താനത്തിനെ വരികൾ വായിച്ചാൽ തോന്നുക മനുഷ്യ മനസ്സിനെ പൂർണ്ണമായി മനസ്സിലാക്കിയ ശാസ്ത്രജ്ഞൻ ആണെന്നാണ്. ചിലപ്പോൾ അദ്ദേഹത്തിന്റെ വരികളിൽ വിപ്ലവ സ്വഭാവം കാണാൻ സാധിക്കും. മറ്റുചിലപ്പോൾ മനുഷ്യജീവിതത്തിന്റെ വിഹ്വലതകളും നിഷ്ഫലതയെയും വിവരിക്കുന്നുണ്ട്.
തന്റെ ജ്ഞാനപ്പാന വായിച്ച് വേണ്ട തിരുത്തലുകൾ നിർദ്ദേശിക്കാൻ മേൽപ്പത്തൂരിനെ സമീപിച്ച പൂന്താനത്തോട് സംസ്കൃതം പഠിച്ചിട്ട് എഴുതാൻ പറഞ്ഞു മേൽപ്പത്തൂർ അപമാനിച്ചു. തുടർന്ന് രോഗബാധിതനായ മേൽപ്പത്തൂരിന്റെ മുമ്പിൽ ഒരു ബാലന്റെ രൂപത്തിൽ ഗുരുവായൂരപ്പൻ പ്രത്യക്ഷനായി. മേൽപ്പത്തൂരിന്റെ വിഭക്തിയേക്കാൾ പൂന്താനത്തിന് ഭക്തിയാണ് എനിക്കിഷ്ടം എന്ന് അരുൾ ചെയ്തതായി പറയപ്പെടുന്നു.
പാന സാഹിത്യത്തിന്റെ ഉപജ്ഞാതാവാണ് പൂന്താനം. ഭദ്രകാളി ക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങായിരുന്നു പാന കളി. പാന പാട്ടിന് സാഹിത്യ പദവി നൽകി അതിനെ ഒരു പ്രസ്ഥാനമാക്കി വളർത്തിയത് പൂന്താനമാണ്.
16,17 നൂറ്റാണ്ടുകൾ ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും അദ്ധ്യാത്മിക നവോദ്ധാനത്തിന്റെ കാലഘട്ടമായിരുന്നു. വിദേശാധിപത്യം, രാജാക്കന്മാർ തമ്മിലുള്ള നിരന്തര പോരാട്ടങ്ങൾ, കലാപങ്ങൾ എന്നിവയെല്ലാം ചേർന്ന് ജനജീവിതം ദുസ്സഹമാക്കിയ കാലഘട്ടം. ഈ ധാർമികാപചയത്തിൽ നിന്ന് ഭാരത ജനതയെ മോചിപ്പിച്ചു ഭക്തിമാർഗ്ഗത്തിലേയ്ക്കു നയിക്കുക എന്ന ഉത്തരവാദിത്വമേറ്റെടുത്തത് ഭക്തകവികളാണ്. പുരാണോതിഹാസങ്ങളുടെ പുനരാവിഷ്കാര ത്തിലൂടെ ജനമനസ്സുകളിൽ ഭക്തിയും സച്ചിൻ തകളും ഉണർത്തുന്ന കവിതകൾ അക്കാലത്ത് ധാരാളം എഴുതപ്പെട്ടു. കേരളത്തിൽ ഇതിന് നേതൃത്വം കൊടുത്തത് തുഞ്ചത്തെഴുത്തച്ഛൻ ആണ്. അദ്ദേഹത്തിനു ശേഷം ഈ രംഗത്ത് ശ്രദ്ധേയനായ കവിയാണ് പൂന്താനം നമ്പൂതിരി.
362 വരികളിൽ ഒതുങ്ങുന്ന ഒരു ലഘു കാവ്യമാണ് ജ്ഞാനപ്പാന. സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നവർ, അഷ്ടിക്ക് വക ഇല്ലാത്തവർ, സ്വന്തം കുഞ്ഞിനെ വിൽക്കുന്നവർ, പൂജിക്കേണ്ട വരെ നിന്ദിക്കുന്നവർ,ധനമോഹം കൊണ്ട് അധർമ്മം ചെയ്യുന്നവർ എന്നിങ്ങനെ സമകാലിക സമൂഹത്തിലെ ഒരു പരിച്ഛേദം തന്നെ പൂന്താനത്തിനെ വർണ്ണനകളിൽ പ്രതിപാദിക്കുന്നു.
‘മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’ എന്ന ഒറ്റ വഴിയിലൂടെ തന്നെ ജീവിതത്തിന്റെ അസ്ഥിരതയും പൂന്താനം വെളിപ്പെടുത്തുന്നു. പരലോക യാത്രയിൽ ഉടുതുണി പോലും കൊണ്ടുപോകാൻ ആവില്ലെന്ന് കാര്യവും പൂന്താനം ഓർമിപ്പിക്കുന്നു. ധർമ്മ ധർമ്മ ചിന്ത വെടിഞ്ഞും ദുർവൃത്തികൾ ഏർപ്പെട്ടും ജീവിതം പാഴാക്കുന്ന മനുഷ്യർക്ക് ജീവിതത്തിന്റെ അത്യന്തിക ലക്ഷ്യം കാണിച്ചുകൊടുക്കുകയാണ് ജ്ഞാനപ്പാനയിലൂടെ പൂന്താനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് യശശരീരൻ ആയിട്ടും പൂന്താനം എന്ന കവി മലയാളിയുടെ മനസ്സിൽ മരണമില്ലാതെ ജീവിക്കുന്നത് അദ്ദേഹത്തിന്റെ വരികൾ നമ്മൾ ഇന്നും നെഞ്ചോട് ചേർത്തു പിടിക്കുന്നത്.