ഒരു സിനിമ കണ്ട കഥ
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് റിലീസ് ചെയ്തിട്ട് മേയ് 6 ന് 34 വർഷം പിന്നിടുന്നു. എത്ര കണ്ടാലും പുതുമ നഷ്ടമാവാത്ത, ചിരിയുടെ മാലപടക്കങ്ങൾ നിറഞ്ഞ നാടോടിക്കാറ്റ് ആദ്യമായി കണ്ട ഒരു സാഹസ കഥ ഈ മുപ്പത്തിയേഴു വയസുകാരനും പറയാനുണ്ട്. തൊണ്ണൂറുകളിലെ ഒരു ഫ്ലാഷ് ബാക്ക്.
മതിൽ കെട്ടുകൾ വരുന്നതിന് മുൻപ് വീട്ടിൽ നിന്ന് എണ്ണി 30 ചുവടുവച്ചാൽ ഞാൻ പഠിച്ച വളവനാട് പി ജെ എൽ പി എസ് സ്കൂൾ ആയി. കൃത്യമായി ഏത് ഇടവേളകളിലും ഡ്രിൽ പിരീഡിനും ഒക്കെ പോയി വെള്ളം കുടിച്ചു വരാൻ പറ്റുന്ന സുന്ദരമായ കാലം. പെട്ടന്ന് ഒരു ദിവസം ടീച്ചർ ഞങ്ങൾ കുട്ടികളുടെ ഇളം മനസുകളെ ആനന്ദത്തിൽ ആറാടിച്ച ആ അനൗൺമെന്റ് നടത്തി. നാളെ മോഹൻലാൽ തകർത്തഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമ നാടോടിക്കാറ്റ് കുട്ടികൾക്കായി സ്കൂളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഞങ്ങൾ കുരുന്നുകളുടെ മനസുകളിൽ സന്തോഷത്തിന്റെ ആയിരം തൃശ്ശൂർ പൂരങ്ങൾ അരങ്ങേറി.
കർക്കശക്കാരനായ അച്ഛനോട് കാര്യം അവതരിപ്പിക്കാനും , സമ്മതം വാങ്ങാനും രാത്രി പതിവ് പോലെ അമ്മയെ ഇടനിലകാരിയാക്കി. ഇടിവെട്ടുന്നപോലെ അച്ഛന്റെ പ്രതികരണം വന്നു… ഇവിടെ ടി വിയുണ്ട്.. വി സി ആർ ഉണ്ട് ആവശ്യം പോലെ സിനിമയും മറ്റു പരിപാടികളും ഇവിടെ കാണുന്നുണ്ട്. സിനിമ കാണാൻ ഒന്നും പോകണ്ട..വീട്ടിൽ ഇരുന്നാൽ മതി.(അച്ഛൻ ഗൾഫിൽ നിന്ന് വന്നപ്പോൾ സോണിയുടെ കളർ ടിവിയും വിസിആർ ഉം കൊണ്ടു വന്നിരുന്നു.അന്നൊക്കെ ഞായറാഴ്ച ടി വിയിൽ വരുന്ന സിനിമ കാണാൻ അയല്പക്കത്തെ എല്ലാവരും കൂട്ടുകാരും വരും. വളരെ പഴയ സിനിമ അയാൽ പോലും ഒരു ഉത്സവം പോലെ ആയിരുന്നു അന്നത്തെ ഞങ്ങളുടെ സിനിമ കാഴ്ചകൾ) .അച്ഛന്റെ തീരുമാനത്തോടെ മനസിലെ ഉത്സവങ്ങൾക്ക് ഒരു നിമിഷം കൊണ്ട് തിരശീല വീണു എന്നു പറഞ്ഞാൽ മതിയല്ലോ…
പിറ്റേന്ന് വീട് നോക്കാനുള്ള ഉത്തരവാദിത്വം എന്ന ഏൽപ്പിച്ച് അച്ഛനും അമ്മയും ജോലി സംബന്ധമായ കാര്യങ്ങൾക്ക് യാത്ര തിരിച്ചു.അമ്മ പോസ്റ്റ് ഓഫീസ് ആർ ഡി ഏജന്റ് ആണ് അന്നും.അച്ഛന്റെ സഹായത്തോടെയാണ് പൈസ കളക്റ്റ് ചെയ്യാൻ പോയിരുന്നത്.സ്കൂളിൽ സിനിമ പ്രദർശനം തുടങ്ങിയ ശബ്ദം വീട്ടിൽ ഇരുന്നാൽ ഭംഗിയായി കേൾക്കാം.പതിവ് ഇടവേളകളിൽ ഓടി വീട്ടിൽ വന്നു വെള്ളം കുടിച്ചു പോകുന്നത് പോലെ ഒന്ന് സ്കൂൾ വരെ ഓടിച്ചെന്നു നോക്കിയിട്ടു വരാൻ മനസ്സ് നിർബന്ധിക്കുകയാണ്. അച്ഛന്റെ ചൂരൽ വടി പ്രയോഗങ്ങൾ മനസിൽ പെട്ടന്ന് മിന്നി മറഞ്ഞപ്പോൾ റിയലിറ്റിയിലേക്ക് ഞാൻ തിരികേ വന്നു. മനസിനെ നിയന്ത്രിക്കാൻ എട്ട് വയസുകാരന് കഴിഞ്ഞില്ല എന്നതാണ് സത്യം. ഒറ്റ ഓട്ടത്തിന് സ്കൂളിൽ എത്തി.
ക്ലാസ് മുറികളിലെ ബെഞ്ചുകൾ മാറ്റി വെള്ള തുണി വലിച്ചു കെട്ടി അതൊരു തീയറ്ററാക്കി മാറ്റിയിരുന്നു.
അഭ്രപാളികളിൽ ദാസനും വിജയനുമായി മോഹൻലാലും ശ്രീനിവാസനും അറബികളുടെ വേഷത്തിൽ തകർക്കുകയാണ്…മാമുക്കോയയുടെ ഗഫൂർക്കയുടെ കഥാപാത്രം അവരെ അറബി പഠിപ്പിക്കുന്നുണ്ട്.. സിനിമയുടെ മായിക ലോകം എന്നെ സ്കൂളിന്റെ തറയിൽ അറിയാതെ പിടിച്ചിരുത്തി.
അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് എനിക്ക് ആ സത്യം ഓർമ്മ വന്നത്…വീടിന്റെ വാതിൽ അടയ്ക്കാതെയാണ് വന്നത്…ആവുന്നത്ര വേഗത്തിൽ ഓടി വീട്ടിൽ എത്തിയപ്പോൾ അച്ഛൻ വാതുക്കൽ നിൽപ്പുണ്ട് ചൂരൽ വടിയുമായി..പിന്നെ നടന്നതിനേ കുറിച്ച് ഞാൻ വിശദീകരിക്കാതെതന്നെ നിങ്ങൾക്ക് ഊഹിക്കാമല്ലോ. നാടോടിക്കാറ്റ് എപ്പോൾ കണ്ടാലും ഒരു ചെറു ചിരിയോടെ പഴയകഥ ഓർമ്മയിൽ നിറയും.
പിന്നീട് വർഷങ്ങൾക്ക് ശേഷം അച്ഛന്റെ മുന്നിൽ വച്ചു തന്നെ സ്കൂളിലെ അധ്യാപകരും, കുട്ടികളും എത്തി എന്നെ ആദരിച്ചത് ഇരട്ടിമധുരമായി. കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് സ്കൂളിൽ മുൻപ് പഠിച്ച കലാസാഹിത്യ സാംസ്കാരിക പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി വളവനാട് PJLPS ലെ അദ്ധ്യാപകരായ ജയ ,അഭിലാഷ് , ആന്റണി ഹെഡ് മിസ്ട്രസ് സൂസി തുടങ്ങിയവരുടെയും 15ഓളം വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ വീട്ടിൽ വന്ന് പൂച്ചെണ്ട് നൽകി ആദരിച്ചു. കലാരംഗത്തെ നേട്ടങ്ങളെക്കുറിച്ചും കാവ്യരചനയെക്കുറിച്ചുമുളള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും കവിതകൾ ചൊല്ലിയും കുട്ടികളെ സന്തോഷിപ്പിക്കുകയും ചെയ്തു ….പഠിച്ച സ്കൂളിൽ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം …ഒപ്പം നാടോടി കാറ്റിന്റെ ഓർമ്മകളും.. അതിലെ പാട്ടിന്റെ ഓർമ്മകളും
കരകാണാ കടലലമേലെ..മോഹപൂം കുരുവി പറന്നെ…
ജി കണ്ണനുണ്ണി