ജാഗ്രതൈ …… തട്ടിപ്പുവീരന്മാർ നിങ്ങൾക്കു പിന്നിലുമുണ്ട് …
തട്ടിപ്പുവീരന്മാർ എക്കാലങ്ങളിലുമിവിടെ ഉണ്ടായിട്ടുള്ളവർ തന്നെയാണ്. എന്നും അവരുടെ ഇര പ്രായോഗിക ബുദ്ധിയില്ലാത്ത മനുഷ്യരും. അതിൽ തന്നെ ഏറിയ പങ്കും സ്ത്രീകളാണെന്ന വസ്തുത ഏറെ ഖേദകരം മാത്രം ….സോഷ്യൽ മീഡിയകളിൽ, മറ്റു മാധ്യമങ്ങളിലുമൊക്കെയായി നിരവധി തട്ടിപ്പു വിരുതന്മാരുടെ വാർത്തകൾ, കഥകൾ നമ്മൾ വായിക്കാറുണ്ട് , കേൾക്കാറുണ്ട്, കാണാറുമുണ്ട്. ആ വാർത്തകളിൽ പറ്റിക്കപ്പെട്ടുപോയ കഥാപാത്രങ്ങളെ കണക്കറ്റ് പരിഹസിക്കാറുമുണ്ട്.എന്നിട്ടും സ്വന്തം ജീവിതപ്രശ്നങ്ങളുടെ പിടിയിലമരുമ്പോൾ, ഈ വായനക്കാർ തന്നെ, ഈ പരിഹാസികൾ തന്നെ തട്ടിപ്പുകാർക്കു മുന്നിൽ ,അവരുടെ ചുണ്ടക്കുരുക്കിൽ കുടുങ്ങിക്കൊടുക്കുന്നു.
മനുഷ്യൻ വിവേക ബുദ്ധിയുള്ളവനാണ് എന്നു ഉദ്ഘോഷിക്കുമ്പോഴും , സ്വന്തം പ്രയത്നത്തിൽ, വിശ്വസിക്കാതെ എളുപ്പ വഴിയിലൂടെ ക്രിയ ചെയ്യാൻ വൃഗ്രത കാട്ടുന്നു. അതെ മനുഷ്യരുടെ ഈ ഷോർട്കട്ട് മേതേഡ് തന്നെയാണ് തട്ടിപ്പു വീരുത്നമാരുടെ തുറുപ്പുചീട്ടും…
മാസങ്ങൾക്കു മുന്നേ M.Phil അഡ്മിഷനെ പറ്റി അന്വേഷിക്കാനായി എന്നെ തേടി പാലക്കാട് നിന്നും ഒരു ഫോൺകാൾ വന്നു..എന്റെ പരിചയത്തിൽ തന്നെയുള്ള Govt സ്കൂളിൽ നിന്നും വിരമിച്ച ഹിന്ദി അദ്ധ്യാപകനായ ശശിധരൻസർ ആണ് അവർക്ക് എന്റെ നമ്പർ കൊടുത്തത്…
ആ സമയത്ത് ഞാനൊരു പരീക്ഷക്കു വേണ്ടി തയ്യാറെടുക്കുന്ന തിരക്കിലായതിനാലും, അവർ ചോദിച്ച സ്ഥാപനത്തിലെ M.Phil അഡ്മിഷന്റെ കാര്യങ്ങളെ പറ്റി എനിക്ക് വലിയ അറിവൊന്നമില്ലാതിരുന്നതിനാലും, ഞാനാ നമ്പർ ആ സമയത്ത് ആ സ്ഥാപനത്തിൽ തന്നെ M.Phil ചെയ്തു കൊണ്ടിരിക്കുന്ന ഒരു സുഹൃത്തിന് കൈമാറി. കൂടാതെ ആ പെൺകുട്ടിയോട് ഇത്രയും കൂടി പറഞ്ഞു, “നിങ്ങൾ പറയുന്ന സ്ഥാപനത്തിൽ M.Phil ചെയ്യുന്ന വിദ്യാർത്ഥിയാണയാൾ, അയാൾക്ക് അവിടെ നല്ല സ്വാധീനമുണ്ട്, അയാൾ പറഞ്ഞാൽ അഡ്മിഷൻ കിട്ടുമെന്ന് പറയുന്നുണ്ട്. നിങ്ങൾ അയാളെ വിളിക്കൂ…”.
ഓർമ്മയിൽ നിന്നു തന്നെ ആ കാളും, കാര്യങ്ങളും, പറിച്ചെറിഞ്ഞു കൊണ്ട് ഞാനെന്റെ തിരക്കുകളുമായി മുന്നോട്ടു പോയി.
എന്റെ സുഹൃത്തിന് നമ്പർ കൈമാറി എന്ന് ഞാനിവിടെ പരാമർശിച്ചുവല്ലോ… ഞങ്ങൾക്കിടയിൽ സൗഹൃദം വളർന്നു വന്ന കഥ കൂടി പരാമർശിക്കാതെ ഇവിടെ നിന്നും മുന്നോട്ടു പോവുക വയ്യ …
പഠന സംബന്ധമായ കാര്യങ്ങൾക്കു വേണ്ടിയാണ് ഞങ്ങൾ പരസ്പരം പരിചിതരായത്… ഫോൺ നമ്പറുകൾ കൈമാറിയത്…. ആദ്യം കുശലാന്വേഷണങ്ങളിൽ തുടങ്ങിയ വാട്ട്സാപ്പ് മെസ്സേജുകൾ അവൻ എനിക്കയച്ചു തുടങ്ങി. മുടങ്ങാതെയുള്ള ഗുഡ് മോർണിംഗും, ഗുഡ് നൈറ്റും എന്തിന്റെയോ സൂചനകളായി എനിക്കാദ്യമേ തോന്നിയിരുന്നു. ഒരെഴുത്തുകാരിയോട് തോന്നുന്ന ഒരു ഭ്രമം മാത്രമാവാം അതെന്ന് കരുതി ആ നിലയ്ക്ക് ഞാനാ മെസ്സേജുകളെ കണ്ടു തുടങ്ങി… അതിനിടയിൽ തന്നെ അവൻ പ്രണയിക്കാത്തവരായി കേരളത്തിൽ ഒരു പെണ്ണും ഉണ്ടാവില്ല എന്നും, ലോക പഞ്ചാരയാണവൻ എന്നും എന്റെ സുഹ്യത്തായ മിനി പറഞ്ഞു തന്നതും എന്റെ മനസ്സിൽ ഉണ്ടായിരുന്നു …
അവൻ ഒരു പ്രണയം ഉണ്ടായിരുന്നെന്നും, പെണ്ണവൾ അവനെ തേച്ചിട്ടു മറ്റൊരുത്തനെ വിവാഹം ചെയ്ത് പോയപ്പോൾ ആത്മഹത്യക്കു ശ്രമിച്ച് പരാജയപ്പെട്ടതാണെന്ന കഥ ഒരിക്കൽ അവൻ തന്നെയാണ് എന്നോട് പറഞ്ഞത് …. കടുത്ത ഡിപ്രഷൻ അനുഭവിച്ചിരുന്ന അവൻ ഇടയക്കിടെ സ്വയം വാട്ട്സാപ്പും, എ ഫ് ബി യും അൻ ഇൻസ്റ്റാൾ ചെയ്ത് പോകാറുണ്ട്. പൊടുന്നനെ ഒരു ദിവസം പ്രത്യക്ഷപ്പെട്ട് മെസ്സേജുകൾ അയക്കാറുമുണ്ട്. വിഷാദ രോഗത്തിന്റെ ഭീകരത നന്നായി അറിയാവുന്ന എനിക്ക് അവനോട് വലിയ സഹതാപം ഉണ്ടായിരുന്നു … എന്നാലാവുംവിധം മോട്ടിവേഷൻ നല്കി, പോസിറ്റിവ് വൈബ് നല്കി സാധാരണ നിലയിലേക്കവനെ കൊണ്ടുവരാൻ ഞാൻ മനസ്സാൽ ആഗ്രഹിച്ചിരുന്നു …. അതിനായി ശ്രമിച്ചിരുന്നു ….
ഇതിനിടയിൽ അവന്റെ അച്ഛൻ ക്യാൻസർ വന്ന് ചികത്സയിൽ കഴിയുന്ന സമയത്ത് എന്നോടവൻ പലപ്പോഴായി പണം കടം ചോദിച്ചിരുന്നു. പല ചെറിയ തുകകളായി ചോദിക്കുന്ന പണം ഞാനും അയച്ചു കൊണ്ടിരുന്നു. രോഗിയായ ഒരു മനുഷ്യന് ആവശ്യം വേണ്ട പണം നല്കുന്നതിലൂടെ ഒരു പുണ്യ പ്രവൃത്തി ചെയ്യുന്ന ഭാവമായിരുന്നു എനിക്ക് :മാത്രമല്ല സമൂഹത്തിൽ മാന്യമായ ജീവിതം നയിക്കുന്ന അവൻ പണം തീർച്ചയായും തിരികെ തരുമെന്ന ഉറച്ച വിശ്വാസവും എനിക്കുണ്ടായിരുന്നു… എന്നാൽ ആ പണം എനിക്ക് ആവശ്യമായ ഒരു ഘട്ടത്തിൽ ,അവന്റെ അച്ഛൻ മരിച്ച് മാസങ്ങൾക്കു ശേഷം തിരിച്ചു ചോദിച്ചതോടെ എന്റെ മനസ്സിന്റെ നിഗമനങ്ങൾ എല്ലാംതെറ്റി തുടങ്ങി. ….
എന്നെ ബ്ലോക്കി പോയവന്റെ കൈയിൽ നിന്നും പതിനെട്ട് അടവും പുറത്തെടുത്ത്… ഞാനാ പണം നയാ പൈസ കുറയാതെ വാങ്ങിയെടുത്തു … ആ സൗഹ്യദവും ഉപേക്ഷിച്ചു ….
ഇതെല്ലാം മാസങ്ങൾക്കു മുൻപ് നടന്ന കഥയാണ്… ഇന്ന് വൈകീട്ട് എന്നെത്തേടി ഒരു ഫോൺ കോൾ എത്തി. അങ്ങേത്തല്ക്കൽ ഒരു സ്ത്രീ ശബ്ദം …
” എന്നെ ഓർമ്മയുണ്ടോ ടീച്ചറേ….’
‘ആരപ്പാ ഇത് ‘
ഞാൻ മനസ്സിൽ ഓർത്തു…
“ടീച്ചറേ ഞാൻ പണ്ടു വിളിച്ചുട്ടുണ്ട് “
ഒന്നിട്ട് വലിച്ചു നീട്ടാതെ വേഗം ആരാന്നു പറയു കൊച്ചേ…”
ഞാൻ മനസ്സിൽ പറഞ്ഞു.
“ടീച്ചറേ, ഞാൻ ശശിധരൻ സർ പറഞ്ഞിട്ട് അന്ന് ടീച്ചറേ വിളിച്ചിരുന്നു , MPhil ന്റെ അഡ്മിഷനു വേണ്ടി … അന്ന് ടീച്ചർ എനിക്ക് ഒരു അരുൺ ദാസിന്റെ (പേര് യഥാർത്ഥ്യമല്ല) നമ്പർ തന്നു.”
ഓർമ്മയിൽ നിന്നു പോലും എനിക്കെളുപ്പം ആ കാര്യങ്ങൾ ഓർത്തെടുക്കാനായില്ല.. ആ കുട്ടി പിന്നെയും പല കാര്യങ്ങൾ പറഞ്ഞു വ്യക്തമാക്കി തന്നുകൊണ്ടിരിക്കേ എന്റെ ഓർമ്മയിൽ മിന്നായം പോലെ ചിലത് കടന്നുവന്നു പോയി …പിന്നെ സമയമെടുത്താണെങ്കിലും വ്യക്തതയോടെ എനിക്കാ ഓർമ്മകളെ എത്തിപ്പിടിക്കാൻ പറ്റി …
“ഓക്കെ ഒക്കെ ….ഇപ്പോ ഓർമ്മ വന്നു പറയു …എന്താ കാര്യം “
“ടീച്ചർ, ടീച്ചറിന്റെ സുഹൃത്താണോ അരുൺ ദാസ് ?”
ആ കുട്ടിയുടെ കനത്തശബ്ദം എനിക്ക് ചില സൂചനകൾ തന്നു . ധൈര്യമായി പറഞ്ഞോളൂ എന്ന ഭാവത്തിൽ ഞാനവൾക്ക് ഊർജ്ജം നല്കി …
“എന്റെ സുഹൃത്തായിരുന്നു … ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളല്ല …പറയു എന്താ കാര്യം “
“ടീച്ചർ . അന്ന് ഞാനാ അരുൺസർനെ വിളിച്ചു സംസാരിച്ചു … ആ സർ പറഞ്ഞത് MPhil സീറ്റിനായി നിങ്ങൾ 25000 രൂപ അക്കൗണ്ട് ലോട്ട് ട്രാൻസ്ഫർ ചെയ്യു …. കേരളത്തിന് പുറത്തുള്ള യൂണിവേഴ്സിറ്റിയിൽ MPhil ന് ഞാനൊരു സീറ്റ് തരപ്പെടുത്തി തരാം . അയാൾ പറഞ്ഞ ഉടനേ ഞാനാ പണം അയച്ചു കൊടുത്തു ടീച്ചർ…. മാസങ്ങൾ കഴിഞ്ഞിട്ടും എനിക്കാ കോളേജിനെ പറ്റി ഒരു വിവരവും അയാൾ തന്നില്ല ….ടീച്ചർ”
കഥയുടെ പോക്ക് എങ്ങോട്ടാണെന്ന സൂചന ഞാൻ മണം പിടിച്ചെടുത്തു … കുറ്റപ്പെടുത്തുന്ന മട്ടിൽ ഞാനാ കുട്ടിയോടു ചോദിച്ചു …
“നിങ്ങൾ എന്തുകൊണ്ട് അന്വേഷിച്ചില്ല”
“അന്വേഷിക്കുമ്പോഴൊക്കെ ഓരോ കാര്യങ്ങൾ പറയുമായിരുന്നു അയാൾ, പിന്നീട് എന്നോട് പറഞ്ഞു … KTET എക്സാം വരുവല്ലേ ഞാൻ വിചാരിച്ചാൽ നിങ്ങളെ പാസ്സാക്കാൻ പറ്റും , നിങ്ങൾ പരീക്ഷക്ക് കുറച്ച് ചോദ്യങ്ങൾക്ക് മാത്രം ഉത്തരം ബബിൾ ചെയ്താൽ മതി … ബാക്കി പേപ്പറ് നോക്കുന്ന ആൾ ബബിൾ ചെയ്ത് ജയിക്കാനുള്ള മാർക്ക് നിങ്ങൾക്കിടും .അങ്ങനെ നിങ്ങൾ KTET പാസ്സാകും. അതിനു വേണ്ടി 5000 രൂപ കൂടി അയക്കണം .ആ തുകയും ഞാൻ അയച്ചു കൊടുത്തു ടീച്ചർ”
കേട്ടിരുന്ന ഞാൻ അന്തം വിട്ടിരുന്നു ….
എന്റെ നിശ്ബദ്ധത കേട്ടിട്ടാവാം ആ കുട്ടി തുടർന്നു.
” തീർന്നില്ല ടീച്ചർ, പിന്നീട് അയാൾ എന്നോട് പറഞ്ഞു … M.Phil ന്റെ വ്യാജസർട്ടിഫിക്കറ്റ് തയ്യാറാക്കിത്തരാം… , അതിനു വേണ്ടി 25000 രൂപ കൂടി അക്കൗഡിലോട്ട് ഇട്ടു തരണം ….എന്റെ എല്ലാ പ്രശ്നങ്ങളും അതോടെ തീരുമല്ലോയെന്നോർത്തു ഞാൻ എന്റെ കൈയിൽ കിടന്ന വള വിറ്റിട്ട് 25000 രൂപ കൂടി അയാൾക്ക് അയച്ചു കൊടുത്തു ….അങ്ങനെ മൊത്തം 55000 രൂ ഞാനയാൾക്ക് കൊടുത്തിട്ടുണ്ട് ടീച്ചർ ….”
എന്റെ വാക്കുകൾ തൊണ്ടയിൽ മരിച്ചു കിടന്നു … സത്യത്തിൽ അരുൺഭാസ് ഇത്ര ഭീകരൻ ആണെന്ന വസ്തുത ഞാൻ ആ കുട്ടിയുടെ വാക്കുകളിലൂടെ തിരിച്ചറിയുകയായിരുന്നു …
“ഞാനാ പണം തിരികെ ചോദിക്കാൻ തുടങ്ങിയിട്ട് തന്നെ മാസങ്ങളായി … ഓരോ കാരണങ്ങൾ പറഞ്ഞ് അയാൾ ആദ്യമാദ്യം ഫോൺ വെച്ചു … ഇപ്പോൾ എന്റെ നമ്പറും block ചെയ്തു …… എനിക്കയാളെ കോൺഡാക്ട് ചെയ്യാൻ സാധിക്കുന്നില്ല … ഞാനാകെപ്പെട്ടിരിക്കുകയാണ് ടീച്ചർ …. എനിക്കീ വിഷമം ആരോടും പറയാൻ സാധിക്കില്ല….എന്റെ ഭർത്താവ് ഗൾഫിലാണ്.. അദ്ദേഹമറിയാതെയാണ് ഞാനീ പണമെല്ലാം കൊടുത്തത് ….ഞാനിനി എന്തു ചെയ്യും ടീച്ചർ ഞാനാരോട് പറയും …..”
എങ്ങലടികൾ അപ്പുറത്ത് ഉയരുന്നത് ഞാനറിയുന്നുണ്ടായിരുന്നു ….
സമാധാനിപ്പിക്കാൻ ഞാൻ വാക്കുക്കൾക്കായി പരതി ..കാരണം അരുൺ ദാസ് എന്ന ഫ്രോഡിന്റെ മുഖത്തേക്കായിരുന്നു ഞാൻ ചിന്തകളിൽ തുറിച്ചു നോക്കി കൊണ്ടിരുന്നത് …. മറ്റൊന്ന് ഇത്ര ബുദ്ധിശൂന്യമായ പ്രവൃത്തി ചെയ്ത ആ കുട്ടിയെ എന്തു സമാധാന വാക്കുകൾ കൊണ്ടാണ് ഞാൻ ചേർത്തുപിടിക്കേണ്ടത് ..അവൾ അത് അർഹിക്കുന്നില്ലല്ലോ …
എങ്കിലും ഞൊടിയിട നേരം കൊണ്ട് ഞാൻ ആ കൊച്ചിന്റെ നിവൃത്തി കേട് തിരിച്ചറിഞ്ഞു …. ലക്ഷങ്ങൾ കോഴ കൊടുത്തതിന്റെ പേരിൽ മാനേജ്‌മെന്റെ സ്ഥാപനത്തിലെ അദ്ധ്യാപന തസ്തികയിലേക്ക് നിയമിക്കപ്പെട്ടവൾ…. KTET യോഗ്യത നിർബന്ധമാക്കിയതോടെ …. ജോലി നഷ്ടപ്പെടുമെന്ന ഭയത്തിൽ അകപ്പെട്ടു പോയവൾ …. KTET യോഗ്യത അല്ലെങ്കിൽ M.Phil എന്നൊരു ആശ്രയം എളുപ്പ വഴിയിൽ നേടാൻ അവൾ ആഗ്രഹിച്ചു എന്നതിൽ തെറ്റുപറയാൻ പറ്റുമോ …. സ്ത്രീകളുടെ ചിന്തകൾ അല്ലെങ്കിലും ഇങ്ങനെയാണല്ലോ .. പെണ്ണിന് പിന്നിലല്ലേ ബുദ്ധിയെന്നൊക്കെയാവാം നിങ്ങളിവിടെ പറയുക … ശരിയാണ് സ്ത്രീകൾ അവരുടെ ശക്തി തിരിച്ചറിയാത്തവരാണ്…. എളുപ്പ വഴിയിൽ ക്രിയ ചെയ്യുന്നവരാണ്.. മായാ ഭ്രമങ്ങളിൽ എളുപ്പം അടിമപ്പെട്ടു പോകുന്നവരാണ് ..
എല്ലാം സത്യം തന്നെ … അതു കൊണ്ടു തന്നെയാണല്ലോ മണി ചെയിൻ മാർക്കറ്റിംഗ് ഇവിടെയിന്ന് വളരെ വിജയകരമായി മുന്നോട്ടു പോകുന്നത്. ഇതിൽ ഏറിയ കണ്ണികളും സ്ത്രീകൾ തന്നെയാണ് … സ്ത്രീകളിലൂടെയാണ് അവർ അവരുടെ ബിസ്സിനസ്സ് വർദ്ധിപ്പിക്കുന്നത് എന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ നിഷേധിക്കുമോ…..?
എന്തുകൊണ്ടാണീ കേരളത്തിൽ വിദ്യാഭ്യാസം കൊണ്ട് മുന്നിട്ടു നിന്നിട്ടും, പ്രായോഗിക ബുദ്ധിക്കു പിന്നിലായ തലമുറ വളർന്നു വരുന്നത് … ‘വിദ്യാഭ്യാസം ഉണ്ട് വിവേകം ഇല്ല ‘എന്ന സ്ഥിതിയിലാണിവിടെ ഇന്നത്തെ തലമുറയിൽ ഏറിയപങ്കും ….
മാറി ചിന്തിക്കാൻ നേരമായി …. :സത്യമേ നിലനില്ക്കൂ ” എന്ന പരമ സത്യം നിങ്ങൾ തിരിച്ചറിയുക ….. കള്ളത്തരങ്ങളിലൂടെ നേടുന്നതൊന്നും ശാശ്വത മാവില്ല ….നിങ്ങൾ നിങ്ങളെ തിരിച്ചറിയൂ …. മനുഷ്യന്റെ അപാര ശക്തിയെ പറ്റി ബോധമുള്ളവരാകൂ …. സ്വന്തം കഴിവിലും, ആത്മാവിലും വിശ്വസിക്കൂ …പോരുതിയാൽ നേടാനാവാത്തതായിവിടെയൊന്നുമില്ല … അഭിമാനത്തെ പണയപ്പെടുത്തി വ്യക്തിത്വത്തെ പണയപ്പെടുത്തി എളുപ്പ വഴികൾ തേടാതിരിക്കൂ ചതിയന്മാരുടെ …. വഞ്ചകന്മാരുടെ ഇരകളായി മാറാതിരിക്കു ….ഉള്ളിലെ സ്വത്യത്തെ തിരിച്ചറിയു …….
ജിബി ദീപക്