കണ്ണടയില്ലാതെ വായിക്കാന്‍ കഴിഞ്ഞില്ല ;വിവാഹത്തില്‍ നിന്ന് പിന്‍മാറി വധു

കണ്ണടവയ്ക്കാതെ പത്രം വായിക്കാൻ കഴിയില്ലെന്ന കാരണത്താൽ വിവാഹത്തിൽ നിന്ന് പിന്മാറുക മാത്രമല്ല വരനും കുടുംബത്തിനും എതിരെ കേസും കൊടുത്തു. ഉത്തർപ്രദേശിലെ ഒറായയിലാണ് സംഭവം.


അടുത്തിടെയാണ് അർച്ചനയും ബാൻഷി ഗ്രാമത്തിലെ ശിവവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. വിവാഹ ദിവസം വരെ വരനു ശരിയായ രീതിയിൽ കാഴ്ചയില്ലെന്ന യാഥാർഥ്യം അർച്ചനയുടെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. വധുവായ അർച്ചന തന്നെയാണ് വിവാഹദിവസം വരന് കാഴ്ചക്കുറവുണ്ടെന്ന് ആദ്യം മനസ്സിലായത്. വരന്റെ രീതികളിൽ സംശയം തോന്നിയ അർച്ചനയും ബന്ധുവായ മറ്റൊരു സ്ത്രീയും കണ്ണടയില്ലാതെ പത്രം വായിക്കാൻ വരനോട് ആവശ്യപ്പെട്ടു.


എന്നാൽ, ഈ പരീക്ഷണത്തിൽ വരൻ പരാജയപ്പെട്ടു. കണ്ണടയില്ലാതെ ഒരക്ഷരം പോലും ശിവത്തിന് വായിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് വധുവും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറിയത്. ‘വരന്റെ കാഴ്ച സംബന്ധിച്ച് എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. മകളാണ് ഇക്കാര്യം കണ്ടെത്തിയത്. അവൾ വിവാഹത്തിൽ നിന്നും പിന്മാറി.’– വധുവിന്റെ അച്ഛൻ അർജുൻ സിങ് പറഞ്ഞു. വിവാഹചിലവും വരനു നൽകിയ മോട്ടർസൈക്കിളും തിരികെ നൽകണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. എന്നാൽ വരന്റെ കുടുംബം ഇതിനു തയ്യാറാകാത്തതിനെ തുടർന്ന് വധുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!