കുട്ടികളെ സ്മാര്‍ട്ടാക്കാന്‍ അഞ്ച് വഴികള്‍
“നിന്‍റെ മോന്‍ ആള് സ്‌മാര്‍ട്ടാണല്ലോ!” ഏതൊരമ്മയും ഇത്തരമൊരു കമെന്റ് കേള്‍ക്കാന്‍ കൊതിക്കും. സന്തുഷ്‌ടനായ കുട്ടി കുടുംബത്തിന്റെ ഭാഗ്യം തന്നെയാണ്. എന്നാല്‍ ഇത്തരം സ്വഭാവം ജന്മനാലഭിക്കുന്നതിലുപരി, ആര്‍ജിച്ചെടുക്കുന്നതാണ് എന്നതാണ് സത്യം. സന്തുഷ്‌ട ജീവിതം നയിക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള അഞ്ച് വഴികള്‍.
- നന്ദിയുള്ളവനാകാന്‍ പഠിപ്പിക്കുക
സന്തോഷത്തിന്റെ അടിസ്ഥാനം സ്വന്തമായുള്ള സമ്പത്തിന്റെ വലുപ്പമല്ല. മറിച്ച് ജീവിതത്തോടും സഹജരോടും പുലര്‍ത്തുന്ന മനോഭാവമാണ്. കുഞ്ഞുന്നാള്‍ മുതല്‍ അനേകം ദാനങ്ങളാണ് ഒരു വ്യക്തി സൌജന്യമായി സ്വീകരിക്കുന്നത്. അതൊക്കെ തിരിച്ചറിയുകയും അതിനൊക്കെ നന്ദിയുള്ളവനാകാന്‍ അവനെ പരിശീലിപ്പിക്കുകയും ചെയ്യണം. സ്വീകരിക്കുന്നതിനെയൊക്കെ വിലമതിക്കുകയും അതിനൊക്കെ നന്ദിപറയുകയും ചെയ്യുന്ന രീതി, കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാവണം. അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം മാതാപിതാക്കള്‍ നന്ദിയുള്ളവരാകുക എന്നതാണ്.
- പറയാനുള്ളത് കേള്‍ക്കുക
കുട്ടികളെ ശ്രവിക്കുകയും അവരായിരിക്കുന്ന രീതിയില്‍ അവരെ അംഗീകരിക്കുകയും ചെയ്യണം. അവര്‍ക്ക് പറയാനുള്ള അവരുടെ പ്രശ്‌നങ്ങള്‍ മുതിര്‍ന്നവര്‍ക്കു നിസ്സാരങ്ങളായി തോന്നിയേക്കാം. എന്നാല്‍അവര്‍ക്ക് അതെല്ലാം വലിയ കാര്യങ്ങളാണെന്ന് തിരിച്ചറിയുക. നിസ്സാരങ്ങളായി തള്ളാതെ അവരെ കേള്‍ക്കുക. അവനെ നിങ്ങള്‍ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് തോന്നുമ്പോള്‍ അവന്റെ ആത്മവിശ്വാസം കൂടും; അവന്റെ സന്തോഷം വര്‍ധിക്കും. കൂട്ടുകാരി കളിയാക്കിയതിന്, “ഞാനിനി അവളോട് കൂടില്ല” എന്നു പറയുന്ന മകളോട് അങ്ങനെ പറയരുത്, “അത് ശരിയല്ല” എന്ന് പറഞ്ഞാല്‍ അവളുടെ വിഷമം വര്‍ധിക്കുകയേ ഉള്ളൂ. അതിനുപകരം മകളുടെ വിഷമം മനസ്സിലാക്കുകയും, അത് അംഗീകരിക്കുകയുമാണ് വേണ്ടത്. “അത് ശരി, മോളെ ശരിക്കും വിഷമിപ്പിക്കുന്നത് എന്തോ അവള്‍ ചെയ്‌തെന്നു തോന്നുന്നല്ലോ!” ഇത്തരം പ്രതികരണം അവളെ ആശ്വസിപ്പിക്കും; അവള്‍കൂടുതല്‍ കാര്യങ്ങള്‍ പങ്കുവക്കും. കുറ്റപ്പെടുത്താതെയുള്ള കേള്‍വിയും സംഭാഷണവുമാണ് ആവശ്യം. അച്ഛനും അമ്മയും എന്നെ മനസ്സിലാക്കുന്നു എന്ന അവബോധമുള്ള കുട്ടി കൂടുതല്‍ സന്തോഷവാനായിമാറും.
- പതിവുകള്‍ ശീലമാക്കുക
പതിവുകള്‍ ആവര്‍ത്തിച്ച് നല്ല ശീലങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. അത് അവരില്‍ സുരക്ഷിതത്വബോധം വളര്‍ത്തും; അവരെസന്തുഷ്‌ടരുമാക്കും. ഉറക്കത്തിനും, ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നതിനും, ഭക്ഷണത്തിനും, കളിക്കുമൊക്കെ സമയവും സമയ നിഷ്‌ഠയുമുണ്ടാ യിരിക്കണം.
- പരാജയവും ഇച്ഛാഭംഗവും കൈകാര്യം ചെയ്യാന്‍ പരിശീലിപ്പിക്കുക
കുട്ടികള്‍ക്ക് എല്ലാം ചെയ്‌തു കൊടുക്കരുത്. സ്വയം ചെയ്യാന്‍അവരെ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. എങ്കിലേ പലകഴിവുകളും അവര്‍ ആര്‍ജിക്കുകയുള്ളൂ. കൂടാതെ, പരാജയപ്പെടുമ്പോഴുണ്ടാകുന്ന ഇച്ഛാഭംഗവും വിഷമവും കൈകാര്യം ചെയ്യാനും അവര്‍ പ്രാപ്‌തിയുള്ളവരായിത്തീരും.
- സ്വാതന്ത്ര്യം അനുവദിക്കുക
സ്വന്തം ഇഷ്‌ടങ്ങളും അഭിരുചികളും കണ്ടെത്താനുള്ള സാഹചര്യം കുട്ടികള്‍ക്ക് കൊടുക്കണം, അതിനുള്ള സാവകാശവും അനുവദിക്കണം. അല്ലാതെ എല്ലാം കൃത്യമായി ചിട്ടപ്പെടുത്തി കര്‍ശനമാക്കരുത്.