ഇന്ത്യയെ പൊന്നണിയിച്ചു നീരജ് ചോപ്ര
ഒളിമ്പിക്സിൽ ഇന്ത്യയെ പൊന്നണിയിച്ചു നീരജ് ചോപ്ര. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ സ്വർണമണിഞ്ഞത്.
ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ജാവ്ലനിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം ഹരിയാനക്കാരനായ സുബേദാർ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സിൽ സ്വർണം നേടുന്നത്.
ഫൈനലിൽ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വർണദൂരം കണ്ടെത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റർ) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റർ) വെങ്കലവും നേടി.
തികഞ്ഞ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങിയ ചോപ്ര ആദ്യ ശ്രമത്തിൽ തന്നെ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ശ്രമത്തിൽ തന്നെ താരം 87.03 മീറ്റർ ദൂരം കണ്ടെത്തി വരവറിയിച്ചു. പ്രാഥമിക റൗണ്ടിൽ കണ്ടെത്തിയ ദൂരത്തേക്കാൾ മികച്ച പ്രകടനമാണ് ആദ്യ ശ്രമത്തിൽ തന്നെ ഇന്ത്യൻ താരം കണ്ടെത്തിയത്. ആദ്യ റൗണ്ടിൽ നീരജ് തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
രണ്ടാം റൗണ്ടിൽ ആദ്യ റൗണ്ടിനേക്കാൾ മികച്ച പ്രകടനമാണ് ചോപ്ര പുറത്തെടുത്തത്. ഇത്തവണ താരം 87.58 മീറ്റർ ദൂരമാണ് കണ്ടെത്തിയത്. എന്നാൽ മൂന്നാം ശ്രമത്തിൽ ചോപ്രയ്ക്ക് അടിതെറ്റി. ലാൻഡിങ്ങിൽ പിഴവ് വരുത്തിയതോടെ താരത്തിന് വെറും 76.79 മീറ്റർ ദൂരം മാത്രമാണ് കണ്ടെത്താനായത്. പക്ഷേ രണ്ടാം റൗണ്ടിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ചോപ്ര തന്നെ ഒന്നാം സ്ഥാനം നിലനിർത്തി. മൂന്നാം റൗണ്ട് അവസാനിച്ചപ്പോൾ അതുവരെയുള്ള പ്രകടനങ്ങളിൽ മുന്നിട്ടുനിന്ന എട്ടുപേർ ഫൈനലിലേക്ക് യോഗ്യത നേടി. നാലുപേർ പുറത്തായി. ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ചോപ്ര ഫൈനലിലെത്തിയത്.
നാലാം റൗണ്ടിലും അഞ്ചാം റൗണ്ടിലുമുള്ള നീരജിന്റെ ശ്രമങ്ങൾ ഫൗളിൽ കലാശിച്ചു. ആറാം ശ്രമത്തിൽ താരം 84.24 മീറ്റർ കണ്ടെത്തി. അപ്പോഴേക്കും ചോപ്ര സ്വർണം ഉറപ്പിച്ചിരുന്നു. മത്സരത്തിൽ നീരജിന്റെ അടുത്തെത്താൻപോലും ഒരു താരത്തിനും കഴിഞ്ഞില്ല.
പ്രാഥമിക റൗണ്ടിൽ 86.65 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലിൽ എത്തിയത്. ഇതോടെ, ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോഡും താരം സ്വന്തമാക്കി.