‘കെഞ്ചിര’ എത്തുന്നു;

മലയാളചിത്രം ‘കെഞ്ചിര’ ഈ മാസം 17 ന് പ്രേക്ഷകരിലെത്തും. പ്രശസ്ത സംവിധായകന്‍ മനോജ് കാന കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നേര് ഫിലിംസും, മങ്ങാട്ട് ഫൗണ്ടേഷനും സംയുക്തമായാണ് നിര്‍മ്മിച്ചത്. മലയാളത്തിലെ പുതിയ ഒ ടി ടി പ്ലാറ്റ്ഫോമായ ആക്ഷന്‍ ഒ ടി ടി യുടെ പ്രഥമ ചിത്രമായാണ് ‘കെഞ്ചിര’ റിലീസ് ചെയ്യുന്നത്. വയനാട്ടിലെ ആദിവാസി സമൂഹമായ പണിയ വിഭാഗത്തിന്‍റെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും നേര്‍സാക്ഷ്യമാണ് ‘കെഞ്ചിര’. നൂറ്റാണ്ടുകളായി ആദിവാസി സമൂഹം നേരിടുന്ന അവഗണനയും അടിച്ചമര്‍ത്തലുമാണ് ‘കെഞ്ചിര’യുടെ ഇതിവൃത്തം.


2020 ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘കെഞ്ചിര’ ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളില്‍ മികച്ച ഭാഷാ ചിത്രത്തിനുള്ള പുരസ്ക്കാരവും മൂന്ന് കേരള സംസ്ഥാന പുരസ്ക്കാരങ്ങളും നേടിയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രമായും തെരങ്ങെടുക്കപ്പെട്ടു. കാന്‍ ചലച്ചിത്രമേളയില്‍ സ്കീനിംഗിനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോവിഡ് രൂക്ഷമായതിന്‍റെ സാഹചര്യത്തില്‍ സ്ക്രീനിംഗ് നടന്നില്ല. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവെല്ലിലും ഉള്‍പ്പെടെ വിവിധ മേളകളില്‍ ‘കെഞ്ചിര’ പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാര്‍ഡ്, മികച്ച ക്യാമറാമാനുള്ള അവാര്‍ഡ് പ്രതാപ് പി നായര്‍ക്കും വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് അശോകന്‍ ആലപ്പുഴയ്ക്ക് ലഭിച്ചതും ‘കെഞ്ചിര’യിലൂടെയായിരുന്നു.


പണിയ ഭാഷയില്‍ ആവിഷ്ക്കരിച്ച ചിത്രത്തിലെ അഭിനേതാക്കളില്‍ തൊണ്ണൂറ് ശതമാനം പേരും ആദിവാസികളായിരുന്നു. അവതരണത്തിലും പ്രമേയത്തിലും ഏറെ പുതുമയും വ്യത്യസ്തതയുമുള്ള ചിത്രം കൂടിയാണ് ‘കെഞ്ചിര’.


ആദിവാസികളായ വിനുഷ രവി, കെ വി ചന്ദ്രന്‍, മോഹിനി, സനോജ് കൃഷ്ണന്‍, കരുണന്‍, വിനു കുഴിഞ്ഞങ്ങാട്, കോലിയമ്മ എന്നിവരും നടന്‍ ജോയി മാത്യു, തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. കഥ, തിരക്കഥ, സംവിധാനം – മനോജ് കാന, നിര്‍മ്മാണം – നേര് കള്‍ച്ചറള്‍ സൊസൈറ്റി, മങ്ങാട്ട് ഫൗണ്ടേഷന്‍, ക്യാമറ-പ്രതാപ് പി നായര്‍, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, സംഗീതം, പശ്ചാത്തല സംഗീതം – ശ്രീവത്സന്‍ ജെ മേനോന്‍, ഗാനരചന- കുരീപ്പുഴ ശ്രീകുമാര്‍, ആലാപനം- മീനാക്ഷി ജയകുമാര്‍, സൗണ്ട് ഡിസൈനിംഗ് – റോബിന്‍ കെ കുട്ടി, മനോജ് കണ്ണോത്ത്, സിങ്ക് സൗണ്ട് റെക്കോര്‍ഡിംഗ് – ലെനിന്‍ വലപ്പാട്, സൗണ്ട് മിക്സിംഗ് – സിനോയ് ജോസഫ്, ആര്‍ട്ട്- രാജേഷ് കല്‍പ്പത്തൂര്‍, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യൂം – അശോകന്‍ ആലപ്പുഴ, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, ഡി ഐ സ്റ്റുഡിയോ – രംഗ് റേസ് മീഡിയ കൊച്ചി, കളറിസ്റ്റ് – ബിജു പ്രഭാകരന്‍, ഡി ഐ കണ്‍ഫേമിസ്റ്റ്- രാജേഷ് മെഴുവേലി എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.

പി ആര്‍ സുമേരന്‍ ( പി ആര്‍ ഒ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!