ആട്ടുകല്ലും നിലവിളക്കും. 5.

ഗീത പുഷ്കരന്‍

പ്രഭാത സവാരിക്കിടയിൽ
പട്ടാളക്കാരനാണ് ആദ്യം കണ്ടത് … അസാധാരണമായ ആ കാഴ്ച..
കടും ചുവപ്പു സാരി ചുറ്റി വലിയ സിന്ദൂരപ്പൊട്ടുംതൊട്ട് വെള്ള മുത്തുമാല യണിഞ്ഞ്, ചോന്ന കുപ്പിവളകൾ കിലുക്കി
ഒരു സുന്ദരി ഒരു അംബാസിഡർ കാറിൽ നിന്നിറങ്ങുന്നു. മുട്ടോളം നീണ്ട മുടിയിൽ ഒരു മുല്ലപ്പൂ മാല കൊരുത്തീട്ടിരിക്കുന്നു അവൾ.. പിന്നാലെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരു അതികായനും .പുരുഷൻ റോഡരികിൽ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിന്റെ ബോർഡ് ഉച്ചത്തിൽ വായിക്കുന്നു..
സബ് റജിസ്ട്രാർ ഓഫീസ്… .പാളയത്തോട് .
തൊട്ടടുത്ത അരയാൽത്തറയിൽ അവർ രണ്ടു പേരും ഇരിപ്പുറപ്പിച്ചപ്പോളാണ് പട്ടാളം പെണ്ണ് ഏതാണെന്ന് തിരിച്ചറിഞ്ഞത്.

മീനാക്ഷി ….അയാൾ വാതുറന്ന പടി നിന്നു.ആ കാഴ്ചയിൽ മയങ്ങി വിശ്വാസം വരാതെ
കണ്ണുതിരുമ്മി നോക്കി.. സാക്ഷാൽ ഭഗവതി ശ്രീ കോവിലിൽ നിന്ന് ഇറങ്ങി വന്നതു പോലെ

ഞാൻ തന്നെയാ പട്ടാളം ചേട്ടാ…
ഭഗവതി മൊഴിഞ്ഞു…
ഇതെന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളാ .അമ്പലപ്പുഴക്കാരനാ. പേര് ബാലഗോപാലൻ.

പട്ടാളം ബാലഗോപാലനെ ഒന്നു സൂക്ഷിച്ചു നോക്കി. കണ്ടു പരിചയമുണ്ടല്ലോ.

ഈ പറഞ്ഞു നിന്ന സമയം കൊണ്ട് വാർത്ത പരന്നു.. ക്ഷേത്രമുറ്റം കവിഞ്ഞൊഴുകി
ജനം..
ഇടക്കെപ്പോഴോ പോലീസ് ജീപ്പ് സ്ഥലത്തെത്തി. എല്ലാവരും നോക്കി നിൽക്കേ അവർ
സബ് രജിസ്ട്രാർ ഓഫീസിലേക്ക് കടന്നുചെന്നു. കൂടെ രണ്ടു പോലീസുകാരും.
ഒരു വിവാഹം നടക്കുകയാണ്.

ആൾക്കൂട്ടത്തിൽ നിന്ന് ഒരാരവം
തിരുവാതിരയാശാട്ടി സരളമ്മ മുന്നോട്ടു ചെന്ന് കുരവയിട്ടു.
ക്ഷേത്രമുറ്റം അടിച്ചുവാരുന്ന ഭാരതി ച്ചേച്ചിയും ഭാഗവതം വായിച്ചു കൊണ്ടിരുന്ന രത്നമ്മച്ചേച്ചിയും കുരവ ഏറ്റെടുത്തു. ക്ഷേത്രത്തിലെ പ്രഭാത പൂജക്ക് നാദസ്വരം വായിക്കുന്ന മാരാൻ ഗോപിയും മകനും ആരും പറയാതെ തന്നെ നാദസ്വരം വായിച്ചു അതിനോഹരമായി.

സീതാ കല്യാണ….

” തള്ളയില്ലാതെ വളർന്ന പെണ്ണാ.
കരേപ്പിക്കല്ലേ സാറേ..
എന്നാലും നീ ഞങ്ങളോടാരോടും പറയാതെ മുങ്ങിയതെന്തിനാടീ..”

സരളാമ്മ മീനാക്ഷിയോട് പരിഭവിച്ചു.

അതേ… എന്റെ ലക്ഷ്യം ഞാനായിട്ടു തന്നെ
നേടിയെടുക്കണമെന്നത് എന്റെ തീരുമാനമായിരുന്നു സരളാമ്മേ..
മീനാക്ഷി ഇടറിയ ശബ്ദത്തിൽ പ്രതിവചിച്ചു.

മീനാക്ഷി ജനക്കൂട്ടത്തെ നോക്കി തൊഴുതു.
ക്ഷമിക്കണം എല്ലാവരും അനുഗ്രഹിക്കണം…

കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം
ആരോ ഒരു വരി പാടി…

ഛീ മിണ്ടാതെടാ… നല്ല അന്തസ്സുള്ളവനാ
കൊത്തിയെടുത്തത്.. അവൻ എസ്.ഐയാടാ.. അങ്ങ് അമ്പലപ്പുഴെല്. എനിക്കറിയാമെടാ… വാധ്യാർ വിളിച്ചു പറഞ്ഞു. എനിക്കറിയാം എന്റെ സ്റ്റുഡന്റാ പുറക്കാട്ടു സ്കൂളിൽ .

മീനാക്ഷിയും വരനും വാധ്യാരെക്കണ്ട്
അടുത്തു ചെന്ന് കാലുതൊട്ടു വന്ദിച്ചു.

ഒരു ഗ്രാമം മുഴുവനും മീനാക്ഷിയേയും ബാലഗോപാലനേയും അനുഗമിച്ചു.

അതേസമയം.. സി.ഐ സേവ്യർ പ്രണയിക്കുന്നവരുടെ പുണ്യാളൻ പോലീസ് സേവ്യറിന്റെ സാന്നിദ്ധ്യത്തിൽ സ്റ്റേഷനിൽ റൈട്ടറുറെ മുൻപിൽ പ്രേമകുമാരന്റെ കൂട്ടുകാരൻ മൊഴി കൊടുത്തു കൊണ്ടിരിക്കയായിരുന്നു.

സ്നേഹിച്ചത് അന്യ മതക്കാരിയെയായിരുന്നു. നാട്ടുകാരും വീട്ടുകാരും എതിരായി.
പ്രേമിച്ച പെണ്ണിനെക്കൂട്ടി നാടുവിട്ടതാണ്.
രാവുത്തരുടെ ഭാര്യയുടെ സ്വന്തക്കാരിയായ പെണ്ണിന്റെ നിർബ്ബന്ധം മൂലം ഒരു രാത്രി
രാവുത്തരുടെ വീട്ടിൽ തങ്ങാമെന്നു കരുതി
ചന്തേ ബസ്സിറങ്ങിയപ്പോൾ റാവുത്തരുടെ കട അടഞ്ഞുകിടക്കുന്നു. അവരുടെ വീട്ടിലേക്കുള്ള വഴി അറിയുകയുമില്ല.
പരിചയക്കാരനും സഹപാഠിയുമായ പ്രേമന്റെ സഹായം തേടിയത് അതിനാലാണ്. അതു നടക്കാതെ വന്നപ്പോൾ
വീണ്ടും കടക്കുമുന്നിലെത്തി ഇരുട്ടിൽ പതുങ്ങിനിന്നു . ആരോടെങ്കിലും റാവുത്തരുടെ വീട്ടിലേക്കുള്ള വഴി ചോദിക്കാമെന്ന് ഓർത്തു നിൽക്കുമ്പോഴാണ് ഒരാൾ വന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞത്.
അയാളുടെ നിർബ്ബന്ധ പ്രകാരമാണ് കടയിൽ കടന്നിരിക്കാം , അതാണ് സുരക്ഷിതം എന്ന വാക്കു വിശ്വസിച്ചു കൂടെ ചെന്നത് . കട തുറന്നു തരാം അവടെ കിടന്നോളു എന്നാണ് പറഞ്ഞു വിശ്വസിപ്പിച്ചത്.. അയാൾ പോയി റാവുത്തരെ കൂട്ടീട്ടു വരാം എന്നാണ് പറഞ്ഞത്. വേറെ മാർഗ്ഗമൊന്നും തോന്നാത്തതിനാൽ സമ്മതിച്ചതാണ്.
ഇരുളിൽ അവിടെ നിൽക്കുന്നത് ആപത്താ
ണെന്നു തോന്നുകയും ചെയ്തു.

അയാളാണ് കടയുടെ പിൻവാതിൽ അനായാസം തുറന്ന്
അകത്തു കയറ്റിയത്. അകത്തു കയറിയ പാടേ ഒരു സെക്കന്റു കൊണ്ട് തന്നെ അടിച്ചു താഴത്തിട്ടു. വലിച്ചു പുറത്തിട്ട് വാതിൽ അയാൾ അകത്തു തഴുതിട്ടു.
അകത്തു കയറാൻ എത്ര ശ്രമിച്ചിട്ടും നടന്നില്ല. പെട്ടന്നാണ് അകത്ത് ഒരു അലർച്ച കേട്ടത്.
എന്നെ കൊല്ലുന്നേയെന്ന നിലവിളിയും.
പിന്നീട് നടന്നതൊന്നും അറിയില്ല. ഏറെ നേരം പുറത്തു നിന്ന് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരുപാടു വിളിച്ചിട്ടും വാതിൽ തുറന്നില്ല. പെണ്ണിന്റയോ മറ്റാരുടേയുമെങ്കിലോ ശബ്ദം കേട്ടുമില്ല. നേരം വെളുക്കാറായപ്പോഴാ ഒരാൾ വന്ന് പിന്നിലെ വാതിൽ വെട്ടിപൊളിക്കുന്നതു കണ്ടത്. അവിടെ നിന്നാൽ പിടിക്കപ്പെടുമെന്ന് തോന്നിയതിനാൽ സർവ്വശക്തീമെടുത്ത് എഴുന്നേറ്റ് ഓടി.
പെണ്ണിനെ കൂടാതെ നാട്ടിലേക്ക് പോയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓർത്ത് ആദ്യം കിട്ടിയ ബസ്സിന് എറണാകുളത്തിനു പോയി.
പിന്നീട് പത്രവാർത്ത കണ്ടാണ് പെണ്ണും രാവുത്തരും കൊല്ലപ്പെട്ടതറിഞ്ഞത്. താനാരേയും കൊന്നിട്ടില്ല.

പിശാശു വേലായുധനാണ് കൊലയാളിയെന്ന്
പോലീസിനു ബോധ്യമുണ്ടായിരുന്നു..
സാധാരണ റാവുത്തർ കടയിൽ കിടക്കാറുപതിവില്ല. അതറിയാവുന്ന പിശാശ്
കടയിലേക്ക് അവരെ വിളിച്ചു കേറ്റിയതാണ്.
ഓർക്കാപ്പുറത്ത് റാവുത്തരെ കണ്ടപ്പോൾ
പിശാശിനു കൊല്ലാനല്ലാതെ മറ്റൊന്നും
തോന്നിക്കാണില്ല. ഭാര്യയുടെ സ്വന്തക്കാരിയായ പെൺകുട്ടിയെ ചതിക്കാൻ റാവുത്തർ കൂട്ടുനിന്നുകാണുകയില്ല. എന്നു തന്നെയല്ല എതിർത്തും കാണും. പിന്നെ പിശാശിനു വേറെ മാർഗ്ഗമില്ലല്ലോ. റാവുത്തരെ തീർക്കുന്നതു കണ്ടു നിന്ന പെണ്ണിനെ അനുഭവിക്കാനും കൊല്ലാനും പിശാശിനു മടിയില്ലല്ലോ.

പ്രേമകുമാരനും ഭാസ്കരൻ മുതലാളീം കൂടിയാണ് പയ്യനു വേണ്ട സഹായങ്ങൾ ചെയ്തത്. അവൻ അവരെ സമീപിച്ച കാര്യവും തിരിച്ചു പറഞ്ഞയച്ച കാര്യവും സത്യമാണെന്ന് മുതലാളിയും പ്രേമനും
പോലീസിനോടു പറഞ്ഞു. അന്യ മതസ്ഥയായ പെൺകുട്ടിയെ ഒളിവിൽ താമസിപ്പിക്കുന്നത് അപകടമാണ് എന്ന ചിന്തയിലാണ് അവരെ സഹായിക്കാതിരുന്നത് എന്ന് ഭാസ്കരൻ മുതലാളി മൊഴി കൊടുത്തു

അപ്പോഴും പിശാശിനെ കൊന്നതാര് എന്ന ചോദ്യം ബാക്കിയായി.

ജനങ്ങളുടെ ഭാഗത്തു നിന്ന് ഒരു സഹകരണവും പോലീസിനു ഈ കാര്യത്തിൽ ലഭിച്ചില്ല.

കാവൽപ്പുരേലെ ദാമോരൻ വാപ്പൻ തലേ രാത്രിയും ഉറങ്ങിയില്ല അന്നും ഉറങ്ങിയില്ല. പിന്നെ ഉറങ്ങിയിട്ടേയില്ല.

അങ്ങ് തൃക്കുന്നപ്പുഴ കടലിൽ ഒരു കോടാലിയും വടിവാളും ദീർഘകാലം കിടന്നു തുരുമ്പെടുത്തു നശിക്കുമെന്ന് അറിയുന്ന രണ്ടു പേരുണ്ടായിരുന്നു അവിടെ .

അമ്പലപ്പുഴക്കാരൻ എസ് ഐ മീനാക്ഷിയെ ആദ്യമായികാണുന്നത് അമ്മയുടെ ജഢം കെട്ടിപിടിച്ചു കിടന്നു കരയുന്ന ഒരു പതിനഞ്ചുകാരിയായാണ്. അന്ന് അയാൾ
ആ പോലീസ്‌സ്‌റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. അന്ന് അവളോടു തോന്നിയ അലിവ് പ്രണയമായി മാറുകയായിരുന്നു

കാവൽപ്പുരയിലെ ദാമോദരൻ അയാൾ ഒന്നും കണ്ടുമില്ല കേട്ടുമില്ല എന്നായിരുന്നു മൊഴി കൊടുത്തത്. പക്ഷേ ആ രാത്രി പൊഴിച്ചാലു വഴി തെക്കോട്ടു പാഞ്ഞ ഒരു വള്ളത്തിൽ രണ്ടു പേരുണ്ടായിരുന്നു എന്നത്
തോന്നലായിരുന്നില്ല അയാളുടെ. അതിൽഒരാൾടെ തലേക്കെട്ട് പിശാശിന്റെ കാൽ വെട്ടി മുറിക്കുന്നതിനിടയിൽ തെറിച്ചു വീണപ്പോൾ നീണ്ടിരുണ്ട മുടി കെട്ടഴിഞ്ഞ് വീണെന്നതും അത് ഒരുപെണ്ണായിരുന്നു എന്നതുംതോന്നലായിരുന്നില്ല.

എത്രയോ പെൺകുട്ടികളുടെ മടിക്കുത്തഴിച്ചിട്ടുള്ള കൈയ്യും നാഭിക്കു ചവിട്ടി വീഴ്ത്തിയിട്ടുള്ള കാലും മാത്രമല്ല
പിശാശിന്റെ പുരുഷാവയവവും അറ്റുപോയിരുന്നു എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപോർട്ട്. അപമാനിക്കപ്പെട്ട നിരവധി പെൺ ജന്മങ്ങളോടു
കാലം കാണിച്ച നീതിയായിരുന്നു അത്.
കാമംകത്തിനിന്ന കണ്ണുകൾ ചോരപ്പൂക്കളായി മണ്ണിൽ കിടന്നിരുന്നു.കാലത്തിന്റെ കാവ്യനീതി.
നാലോ അഞ്ചോ ഇഞ്ചു നീളമുള്ള ഒരു മാംസക്കഷണം വടക്കൻ പുകലക്കഷണം പോലെ ചുരുണ്ട് ചോരയിൽ മുങ്ങി കുറച്ചകലെ തെറിച്ചു കിടപ്പുണ്ടായിരുന്നു… അതിന്റെ പേരിൽ ഊറ്റം കൊണ്ടവന്റ
ആണഹന്തയുടെ അറ്റുവീണ പ്രതീകമായി.

അവസാനിച്ചു

ആദ്യ ഭാഗം മുതല്‍ക്കേ വായിച്ചു തുടങ്ങാന്‍

Leave a Reply

Your email address will not be published. Required fields are marked *