നടൻ വിവേക് അന്തരിച്ചു

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു. ഇന്ന് രാവിലെ 4 35 നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെയാണ് വിവേകിന് ഹൃദയാഘാതം സംഭവിച്ചത്. ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു താരം.അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചത്.

വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. എന്നാൽ കോവിഡ് വാക്സിന്‍ സ്വീകരിച്ചത് കൊണ്ടല്ല ഇത് സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തു. തുടര്‍ന്ന് ഇസിഎംഒയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്, സഹതാരമായി തിളങ്ങിയിട്ടുള്ള താരം നായകവേഷത്തിലും എത്തിയിട്ടുണ്ട്. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നണി ഗായകനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം തേടിയെത്തിയിട്ടുണ്ട്. കമല്‍ഹാസന്റെ ഇന്ത്യന്‍-2 ആണ് വരാനിരിക്കുന്ന ചിത്രം. തമിഴ്നാട്ടിലെ വനവത്കരണപദ്ധതികളിലടക്കം സജീവ പങ്കാളിയായിരുന്നു.

One thought on “നടൻ വിവേക് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *