മലയാള സിനിമയുടെ മുഖ ‘ശ്രീ’മാഞ്ഞിട്ട് ഇന്ന് പതിനഞ്ചാണ്ട്
മെലോഡ്രാമകളാൽ മുഖരിതമായ മലയാള സിനിമയുടെ ചരിത്രത്തിൽ ശ്രീവിദ്യ അഭിനയത്തികവുകൊണ്ടാണ് തന്റെ പേര് എഴുതിച്ചേർത്തത്. റൌഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ പുതിയ ഒരു ഭാഷ രചിക്കുകയായിരുന്നു ശ്രീവിദ്യ
1953 ജൂലൈ 24 ന് സംഗീതജ്ഞയായ എം. എൽ വസന്തകുമാരിയുടെയും ആർ. കൃഷ്ണമൂർത്തിയുടെയും മകളായിട്ടാണ് ശ്രീവിദ്യ ജനിച്ചത്. അമ്മയുടെ സംഗീത പാരമ്പര്യം കിട്ടിയിരുന്നെങ്കിലും കുഞ്ഞ് ശ്രീവിദ്യ കൂടുതൽ ശ്രദ്ധ വച്ചത് നൃത്തത്തിലാണ്. 13-ാം വയസിൽ അരങ്ങേറിയ അവർ അധികം താമസിയാതെ സിനിമയിലുമെത്തി. ആഗ്രഹത്തിന്‍റെ പേരിൽ മാത്രം അഭിനയം തുടങ്ങിയ നടിയാണ് ശ്രീവിദ്യ. എന്നാല്‍ അമ്മ ഒരു കാർഅപകടത്തിൽ പെട്ടതോടെ ശ്രീവിദ്യയ്ക്ക് സിനിമ ഗൗരവമായി എടുക്കേണ്ടിവന്നു.
ചെറുപ്പം മുതൽക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. 13-ആം വയസ്സിൽ ‘തിരുവുൾ ചൊൽവർ’ എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിലെത്തുന്നത്. ‘അമ്പലപ്രാവ്’ എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തിൽ മാത്രം അഭിനയിച്ചിരുന്നു. മനോഹരമായ കണ്ണുകളുള്ള ഈ പെൺകുട്ടി പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു.
1969-ൽ എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ‘ചട്ടമ്പിക്കവല‘ എന്ന ചിത്രത്തിൽ ആദ്യമായി സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയുടെ മുഖ്യധാരയിലെത്തി. കുസൃതിനിറഞ്ഞ നോട്ടവും നിഷ്കളങ്കമായ ചിരിയുമുള്ള ശ്രീവിദ്യ മലയാളിയുടെ മനസ്സിൽ ഈ ഒരു ചിത്രത്തിലൂടെ നടന്നുകയറി. പ്രശസ്തപുണ്യപുരാണചിത്രമായ ‘അംബ അംബിക അംബാലികയിലെ’ വേഷവും ശ്രദ്ധേയമായി. ‘സൊല്ലത്താൻ നിനക്കിറേൻ’, ‘അപൂർവരാഗങ്ങൾ’ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും അവർ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ‘ചെണ്ട’, ‘ഉത്സവം’, ‘തീക്കനൽ’, ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘വേനലിൽ ഒരു മഴ’, ‘ആദാമിന്റെ വാരിയെല്ല്’, ‘എന്റെ സൂര്യപുത്രിക്ക്’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്
അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ അവർ പ്രേക്ഷകരെ ആകർഷിച്ചു. ‘സൊല്ലത്താൻ നിനിക്കിറേനും’ ‘അപൂർവ രാഗങ്ങളും’ ഹിറ്റായതോടെ തമിഴും ശ്രീവിദ്യയുടെ തട്ടകമായി .
സിനിമയുടെ ഈ സൗന്ദര്യങ്ങളൊന്നും ആ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. പ്രണയത്തിലും വിവാഹത്തിലും ഒക്കെ മലയാളികളുടെ പ്രിയ നായിക പരാജയപ്പെട്ടുപോയി.ഒടുവിൽ 2006 ഒക്ടോബർ 19ന്, 53-ാം വയസില്‍ മരണത്തിന്‍റെ രൂപത്തിൽ ജീവിതത്തിലെ അവസാന പരാജയം. പക്ഷെ നടിയെന്ന നിലയിലുള്ള ശ്രീവിദ്യയുടെ കലാജീവിതം പരാജയമേ ആയിരുന്നില്ല.
.