കോവിഡ് വാക്സിനെതിരെ പ്രചാരണം; കോവിഡ് ബാധിച്ച് മരണം
ന്യൂയോർക്ക്: കോവിഡ് വാക്സിനെ എതിർത്ത് നിരന്തരം പ്രചാരണം നടത്തിയിരുന്ന ക്രിസ്തീയ ചാനൽ ഉടമ മാർക്കസ് ലാംബ് കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയിലെ ഡേസ്റ്റാർ ടെലിവിഷൻ ഉടമയാണ് 64കാരനായ ലാംബ്.
കോവിഡ് വാക്സിനെതിരെ നിരന്തരണ പ്രചാരണമാണ് ലാംബ് ഡേസ്റ്റാർ ചാനലിലൂടെ നടത്തിയിരുന്നത്. കോവിഡ് വാക്സിനെതിരെ സംസാരിക്കുന്നവർക്ക് ചാനൽ മണിക്കൂറുകളോളം സമയം അനുവദിച്ചിരുന്നു. ലോകത്തെങ്ങും 200 കോടി പ്രേക്ഷകരുണ്ടന്നാണ് ഡേസ്റ്റാർ ചാനലിന്റെ അവകാശവാദം.
ദൈവത്തോടൊപ്പം കഴിയാൻ വീട്ടിലേക്ക് മടങ്ങിയെന്നാണ് ഡേസ്റ്റാർ ടെലിവിഷന്റെ ട്വിറ്റർ അക്കൌണ്ടിലൂടെ ലാംബിന്റെ മരണവാർത്ത ട്വീറ്റ് ചെയ്തുകൊണ്ട് കുറിച്ചത്. അതേസമയം കോവിഡ് ബാധിതനായിരുന്നുവെന്ന വിവരം ട്വീറ്റിൽ പറയുന്നുമില്ല.
കോവിഡിൽ നിന്ന് പിതാവിന് മുക്തി ലഭിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് ലാംബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകൊണ്ട് മകൻ ജൊനാഥൻ ലാംബ് ടെലിവിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. ലാംബിന്റെ ഭാര്യ ജൊനി ലാംബും തന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തിരുന്നു.