കപ്പിൽ മുത്തമിട്ടു മെസ്സി; കണ്ണീരണിഞ്ഞു നെയ്മർ
കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടു മെസ്സി. മാരക്കാനയുടെ മണ്ണിൽ കിരീടം നഷ്ടമായ നെയ്മർ കണ്ണീരണിഞ്ഞു. 28 വര്ഷങ്ങള്ക്കു ശേഷമാണ് അർജന്റീന ലോകക്കപ്പ് നേടുന്നത്.
22-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജന്റീന ജയം സ്വന്തമാക്കിയത്. 1993-നുശേഷമുള്ള അർജന്റീനയുടെ കിരീട നേട്ടമാണിത്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയിൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന യുറഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അർജന്റീനയ്ക്കായി.
അർജന്റീന ജേഴ്സിയിൽ ഒരു കിരീടമെന്ന ലയണൽ മെസ്സിയുടെ കാത്തിരിപ്പും ഇതോടെ അവസാനിച്ചു. ബ്രസീലിന്റെ മണ്ണിൽ തന്നെ കിരീടം നേടാനും ടീമിനായി.
2004-ലും 2017-ലും ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് കിരീടമുയർത്തിയ ബ്രസീലിന് ഇത്തവണ ആ പ്രകടനം ആവർത്തിക്കാനായില്ല.
മത്സരത്തിന്റെ നിയന്ത്രണം ആദ്യം തന്നെ ഏറ്റെടുത്തത് ബ്രസീലായിരുന്നു. ആദ്യ 15 മിനിറ്റ് ഇരു ടീമും പരുക്കൻ കളി പുറത്തെടുത്തു. നിരവധി ഫൗളുകളാണ് ഈ സമയത്ത് ഉണ്ടായത്. പിന്നീട് പതിയെ താളം കണ്ടെത്തിയ അർജന്റീന 22-ാം മിനിറ്റിൽ മുന്നിലെത്തി. റോഡ്രിഡോ ഡി പോൾ നീട്ടിനൽകിയ ഒരു പാസിൽ നിന്നായിരുന്നു ഏയ്ഞ്ചൽ ഡി മരിയയുടെ ഗോൾ. പന്ത് തടയുന്നതിൽ ബ്രസീൽ ഡിഫൻഡർ റെനൻ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീൽ ഗോൾകീപ്പർ എഡേഴ്സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാൻ ബ്രസീലിന് സാധിച്ചില്ല. 29-ാം മിനിറ്റിൽ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാൽ താരത്തിന്റെ ഷോട്ട് മാർക്കിന്യോസ് തടഞ്ഞു. 33-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.
രണ്ടാം പകുതിയിൽ ഫ്രെഡിനെ പിൻവലിച്ച് റോബർട്ടോ ഫിർമിനോയെ കളത്തിലിറക്കിയതോടെ ബ്രസീൽ ആക്രമണങ്ങൾക്ക് ജീവൻ വെച്ചു. 52-ാം മിനിറ്റിൽ റിച്ചാർലിസൺ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. 54-ാം മിനിറ്റിൽ റിച്ചാർലിസന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായി. 87-ാം മിനിറ്റിൽ ഗബ്രിയേൽ ബാർബോസയുടെ ഗോളെന്നുറച്ച വോളിയും എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തി.