തെക്കന് കേരളത്തിലെ മുടിപ്പുര ക്ഷേത്രങ്ങൾ
തെക്കൻ കേരളത്തിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും കാണുന്ന ഭദ്രകാളിയുടെ പ്രതിരൂപം ആരാധിക്കുന്ന ദേവീക്ഷേത്രങ്ങളെയാണ് മുടിപ്പുരകൾ എന്ന് പറയുന്നത് . മറ്റ് ഭദ്രകാളി ദേവീ ക്ഷേത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി മുടിപ്പുരകളിൽ സ്ഥിരപ്രതിഷ്ട ആയിരിക്കില്ല . ഇവിടുത്തെ പ്രതിഷ്ഠയെ ചലിക്കുന്ന വിഗ്രഹം എന്ന അർത്ഥംവെച്ചുള്ള ചരംബിംബമായിട്ടാണ് പ്രതിഷ്ടിക്കുന്നത് . എന്നാൽ സ്ഥിരപ്രതിഷ്ടയും ഒപ്പം തിരുമുടിയും ഉള്ള ക്ഷേത്രങ്ങളും അപൂർവ്വം ആയി കാണാറുണ്ട് അതുപോലെ തന്നെ മുടിപ്പുരകളിലെ പൂജകളും ആചാരങ്ങളും.പ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രം മുമ്പ് മുടി വെച്ച് പൂജിച്ച ഒരു മുടിപ്പുര ആയിരുന്നുവെന്നും, പിന്നീട് വരിക്ക പ്ലാവിൻറെ തടികൊണ്ട് ചതുർബാഹുവായ ദേവീവിഗ്രഹം പണി കഴിപ്പിച്ചു എന്നും പറയപെടുന്നുണ്ട്.
മുഖം ഇല്ലാത്ത തിരുമുടികളും ധാരാളമായി കാണപെടുന്നുണ്ട്.രണ്ട് ഭാവത്തിൽ ആണ് തിരുമുടികൾ സാധാരണയി കൊത്തുന്നത് ശാന്ത രൂപത്തിലും മറ്റൊന്ന്, രൗദ്ര ഭാവത്തിലും. മുടി കൊത്താൻ വേണ്ടി എടുക്കുന്നത് ക്ഷേത്ര അതിർത്തിക്ക് ഉള്ളിൽ വരിക്കപ്ലാവ് തന്നെ ആയിരിക്കും അതിനെ മാതൃവൃക്ഷം എന്നാണ് പറയുന്നത്.മുടി കൊത്തി ശേഷം സ്വർണ്ണവും ഒപ്പം വിലയേറിയ കല്ലുകളും കൊണ്ടും അലങ്കരിച്ചാണ് പ്രതിഷ്ഠ തിരുമുടിയോടൊപ്പം ദേവിയുടെ പള്ളിവാളും ത്രിശൂലവും മുലഹാരവും ചിലമ്പുകളും വെച്ചാരാധിക്കുന്നു.
മണിപീഠത്തിനുമുകളിലാണ് തിരുമുടി ഇരുത്തിയിരിക്കുന്നത്.വടക്കു ദർശനമായാണ് പ്രധാനമായും തിരുമുടി പ്രതിഷ്ഠിക്കുക.രണ്ടു തിരുമുടി പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളും നിരവധിയാണ്.രണ്ടു തിരുമുടികൾ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തിൽ കിഴക്കോട്ടും വടക്കോട്ടുമായിയാണ് പ്രതിഷ്ഠിക്കുക.മുടിപ്പുരകളുടെ ഉത്സവ രീതി മറ്റിടങ്ങളെ അപേക്ഷിച്ച് വളരെ വിത്യാസം നിറഞ്ഞതാണ് മുടിപ്പുരകളിലെ ഉത്സവങ്ങളെ പൊതുവിൽ കാളിയൂട്ട് എന്ന പേരിലാണ് പറയുന്നത്.കാളിയെ ഊട്ടുക എന്നാണ് അർത്ഥം. ദേവിയുടെ ജന്മ നാളായ ഭരണി നാളിൽ ആണ് ഇത് നടക്കുന്നത്,ചില സ്ഥലത്ത് കുംഭഭരണി കാളിയൂട്ടും,ചില സ്ഥലത്തിൽ മീന ഭരണി കാളിയൂട്ടും നടക്കും .
പച്ച തെങ്ങോല കൊണ്ട് പന്തൽ ഉണ്ടാക്കി ദേവിയുടെ വിഗ്രഹം ശ്രീകോവിൽ നിന്ന് പുറത്ത് എടുത്ത് ഈ പന്തലിൽ ഇരുത്തുന്നു. തുടർന്ന് തോറ്റം പാട്ടിലൂടെ ഭദ്രകാളി ദേവിയെ കൊടുങ്ങലൂർ ക്ഷേത്രത്തിൽ നിന്ന് ആവാഹിച്ചു കാപ്പു കെട്ടി കുടിയിരുത്തുന്നു.തുടർന്ന് തോറ്റംപാട്ടുകാർ ഭദ്രകാളി ചരിതം പാടുന്നു.ഈ പാട്ടിൻറെ ഓരോ സന്ദർഭത്തിന് അനുസരിച്ചാണ് പൂജകൾ നടക്കുന്നത്. ദേവിയുടെ മുടി പച്ചപന്തലിൽ കുടിഇരുത്തി കഴിഞ്ഞാൽ പൂജകൾ ചെയ്യുന്നത്.
മുടിപ്പുരകളിൽ പൊതുവേ ഭദ്രകാളി ചരിതം ആണ് തോറ്റമായി പാടുന്നത്.ദേവിയുടെ ഭർത്താവായ പാലകന്റെ ജനനം മുതലാണ് പാട്ട് പാടിത്തുടങ്ങുക.തുടർന്ന് ശിവൻ തെക്കുംകൊല്ലത്തെ മറയാർക്കു ദേവിയെ വളർത്താൻ കൊടുക്കുന്നതും പാടുന്നു. ദേവിയുടെയും പാലകന്റെയും തൃക്കല്യാണം വർണിക്കുന്ന ഭാഗമാണ് ‘മലപ്പുറംപട്ട്’. ശേഷം പാലകർ ചതിച്ചു കൊല്ലപ്പെടുന്നതും ദേവി തോറ്റിഉണർത്തുന്നതും പാണ്ട്യനെയും തട്ടാനെയും വധിക്കുന്നതും കൊടുങ്ങല്ലൂരിൽ വന്നിരുക്കുന്നതും വരെയാണ് പാട്ടിലെ (ചില ചുരുക്കം) പ്രതിപാദ്യം.ഒരു പ്രേത്യേക താളത്തിൽ കുഴിത്താളം എന്ന വാദ്യോപകരണം ഉപയോഗിച്ചാണ് പാട്ടുപാടുന്നത്.ഉത്സവം തുടങ്ങുന്ന ദിവസം രാത്രിയിൽ ദേവിയെ മൂലസ്ഥാനമായ കൊടുങ്ങല്ലൂരിൽ നിന്ന് പാടിയാവാഹിച്ച് തിരുമുടിയിൽ കാപ്പുകെട്ടി കുടിരുത്തുന്നു ശേഷം ഉത്സവത്തിന്റെ അവസാനദിവസം കാപ്പഴിച്ചു കുടിയിളക്കി തിരിച്ചു കൊടുങ്ങല്ലൂരിൽ കൊണ്ട് വിടുന്നു എന്നാണ് വിശ്വാസം..