സ്വകാര്യത സ്വപ്നമാകുന്ന ഡിജിറ്റൽ ഇലക്ട്രോണിക് യുഗം

ശ്രീകുമാർ ചേർത്തല


സമൂഹമാദ്ധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവക്കും യൂട്യൂബ് ആമസോൺ പ്രൈം, നെറ്റ് ഫ്ലിക്സ്, ഹോട്സ്റ്റാർ തുടങ്ങിയ വീഡിയോ പ്ലാറ്റ്ഫോമുകൾക്കും എൻറർടെയ്ൻമെൻറ് പോർട്ടലുകൾക്കും കേന്ദ്ര സർക്കാറിൻറെ ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് ബാധകമാകുകയാണ്. നിലവിലുള്ള ഐ.ടി.ആക്ട് പരിഷ്കരിച്ച് ഏർപ്പെടുത്തുന്ന ഈ നിയമം സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം, വ്യാജവും, വംശീയ വിദ്വേഷം, ദേശീയ സുരക്ഷ, ദേശദ്രോഹം എന്നിവക്കു കാരണമാകുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കൽ എന്നിവക്ക് തടയിടാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. സോഷ്യൽ മീഡിയ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പുതിയ ഈ ഐ.ടി. നിയമങ്ങൾ പാലിക്കുന്നതിന് ഇലട്രോണിക്സ് ആൻറ് ഇൻഫർമേഷൻ മന്ത്രാലയം ഫെബ്രുവരി 25 ന് ഇറക്കിയമാർഗനിർദേശത്തിൻറെ കാലാവധി മേയ്25 ന് അവസാനിച്ചതോടെ സമൂഹമാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയേക്കാം. പുതിയ നിർദേശങ്ങൾ പാലിക്കാത്ത പക്ഷം ഇവയുടെ സംരക്ഷണവും പദവിയും നഷ്ടമാകുന്നതോടൊപ്പം ക്രിമിനൽ നിയമനടപടികളും ഉണ്ടായേക്കാം. നിലവിൽ ട്വിറ്ററിൻറെ ഇന്ത്യൻ വകഭേദമായ ‘കൂ’ ഒഴികെ മറ്റ് സോഷ്യൽമീഡിയ പ്ലാറ്റഫോമുകളൊന്നും തന്നെ നിർദേശങ്ങൾ പാലിച്ചിട്ടില്ല. ഫേസ്ബുക്ക് ഇതു സംബന്ധിച്ച് സർക്കാരുമായി കൂടിയാലോചനകൾ നടത്തുകയാണ്.
സമൂഹത്തിൽ സോഷ്യൽ മീഡിയ ആഴത്തിൽ സ്വാധീനം സൃഷ്ടിക്കുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 2016 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലം. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ ഹിലരി ക്ലിന്റണും മത്സരിക്കുന്നു. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻറെ പത്നി ഹിലരി അഭിപ്രായ സർവ്വേകളിൽ ഏറ്റവും മുന്നിൽ… തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഭിമുഖങ്ങളിലും പരസ്പരമുള്ള മാധ്യമ വാഗ്വാദ സദസ്സുകളിലും ഹിലരി ക്ലിന്റൺ ട്രംപിനെ പിന്തള്ളി. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ വനിതാ പ്രസിഡന്റ് ഹിലരി ക്ലിന്റൺ ആകുമെന്ന് ഉറച്ചു വിശ്വസിച്ച കാലം. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അവിശ്വസനീയമായി ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.


അപ്രതീക്ഷിതമായി നടന്ന ഈ സംഭവവികാസം എങ്ങനെ എന്ന് ലോകം മുഴുവൻ അതിശയിച്ചു. ഇപ്പോൾ അതിന് ഉത്തരം ലഭിച്ചിരിക്കുന്നു.. ലോകം മുഴുവൻ വലകളുള്ള ഫേസ്ബുക്ക് എന്ന നവ മാധ്യമത്തിലെ കോടാനു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ “കേംബ്രിഡ്ജ് അനലിറ്റിക്ക” എന്ന സ്ഥാപനം ചോർത്തുകയും ഓരോ പ്രൊഫൈലും വിശകലനം ചെയ്ത് ഓരോരുത്തരേയും സ്വാധീനിക്കുകയും, മസ്തിഷ്ക പ്രക്ഷാളനം നടത്തുകയും ചെയ്യുന്ന രീതിയിൽ മാധ്യമങ്ങളിലേയും സോഷ്യൽ മീഡിയകളിലേയും വാർത്തകളും ലേഖനങ്ങളും പോസ്റ്റുകളും കമന്റുകളും ട്രംപിന് അനുകൂലമായ രീതിയിൽ വളച്ചൊടിച്ച് പൊതുബോധം ഉണ്ടാക്കുകയുമാണ് ചെയ്തത്. മുഖപ്പുസ്തകത്തിൻറെ സ്ഥാപകൻ സുക്കർബർഗ് അത് ഏറ്റു പറയുകയും ചെയ്തു.


മനുഷ്യന്റെ അമൂല്യമായ സ്വകാര്യത ഹനിക്കുന്ന രീതിയിലുള്ള സംഭവം ഇങ്ങനെ അരങ്ങറിയതിൽ ലോകം ആശങ്ക പ്രകടിപ്പിച്ചു.
അമേരിക്കയിൽ റിച്ചാർഡ് നിക്സൻറെ കാലത്തെ “വാട്ടർ ഗേറ്റ്” സംഭവവും ഇതിനോട് ചേർത്ത് വായിക്കണം. ഡൽഹിയിൽ ശ്രീ അരവിന്ദ് കെജ്‌രിവാളിന്റെയും ആംആദ്മി പാർട്ടിയുടേയും തെരഞ്ഞെടുപ്പ് വിജയത്തിന് സമൂഹമാധ്യമങ്ങൾ വഹിച്ച നിസ്തുലമായ പങ്ക് സുവിധിതമാണല്ലോ.
പുസ്തകവായന കുറവുള്ളവർ പോലും ദിനവും പത്രവും ആനുകാലികങ്ങളും വായിക്കുകയും ടി.വി.ന്യൂസ് കാണുകയും ചെയ്യുന്നവരാണ്. വിദഗ്ധനായ ജേണലിസ്റ്റിന് തന്റെ ഭാഷയിലൂടെയും ലേഖനത്തിലൂടെയും ഒരു സ്ഥിരവായനക്കാരനിൽ സ്വാധീനം ചെലുത്താനാവും.

             അമേരിക്കൻ മാധ്യമ രാജാവ് "റുപെർട്ട് മർഡോക്ക്" ഏഷ്യാനെറ്റ് ചാനലും മലയാള മാധ്യമങ്ങളുമൊക്കെ ഏറ്റെടുക്കുന്നത് ഇത്തരുണത്തിൽ ശ്രദ്ധാപൂർവ്വം വീക്ഷിക്കേണ്ടതുണ്ട്.
             അടുത്തിടെ ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ 'പെഗാസസ് സ്പൈവേർ' ഉപയോഗിച്ച് മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ് വഴി മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ള ഇരുപത്തഞ്ചോളം ഇന്ത്യാക്കാരുടെ വിവരങ്ങൾ ചോർത്തി എന്നതും ഞെട്ടിപ്പിക്കുന്നതാണ്. നയതന്ത്രജ്ഞരും രാഷ്ട്രീയ വിമതരും 20 രാജ്യങ്ങളിലെ 1400 വാട്സ്ആപ് ഉപഭോക്താക്കളുടെ വിവരം ഇത്തരത്തിൽ ചോർത്തിയതിനെതിരെ ഇസ്രയേലി സൈബർ ഇന്റലിജൻസ് കമ്പനികളായ എൻ.എസ്.ഒ. ഗ്രൂപ്പ് ഓഫ് ടെക്നോളജീസിനും ക്യൂ സൈബർ ടെക്നോളജീസിനുമെതിരെ വാട്സ്ആപ് ഉടമകളായ ഫെയ്സ്ബുക്ക് സാൻഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ പരാതി നല്കിയതും അടിയന്തിര പ്രാധാന്യത്തോടെ നിരീക്ഷിക്കേണ്ടതുണ്ട്.

      വ്യക്തികളുടെ സ്വകാര്യത ഓരോരുത്തരുടേയും മൗലികാവകാശമാണ്. അത് ഹനിക്കുന്ന തരത്തിലുള്ള ഏതു പ്രവൃത്തിയും ഗുരുതരമായ ഭരണഘടനാലംഘനവും കഠിനശിക്ഷ ലഭിക്കാവുന്ന  ക്രിമിനൽ കുറ്റകൃത്യവുമാണ്. 
      ബഹുമാനപ്പെട്ട കോടതി ഇടപെട്ട് ‘ടിക്ടോക്’ പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചു. അതിനേക്കാൾ എത്രയോ മോശവും ഹാനികരവും ഉപദ്രവകരവുമായ മൊബൈൽ ആപ്ലിക്കേഷനുകൾ  ഇന്ന് സർവ്വസാധാരണമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. തീർത്തും നിയമവിരുദ്ധവും നീതിക്ക് നിരക്കുന്നതല്ലാത്തതുമായ മൊബൈൽ ആപ്പുകളാണ് ‘മൊബൈൽ ട്രാക്കിംഗ്’, ‘മൈൻഡ് മാപ്പിംഗ്’ തുടങ്ങിയ ആപ്പുകൾ. ജിയോ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) സംവിധാനമുപയോഗിച്ച് സ്മാർട്ട് ഫോൺ കൈവശമുള്ള ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ അതീവ രഹസ്യമായി പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്നുവെന്നത് വളരെ ശ്രദ്ധാപൂർവ്വവും ജാഗ്രതയോടെയും നോക്കിക്കാണേണ്ടുന്നതുണ്ട്. ഭാരതത്തിന്റെ ഭരണഘടന പ്രകാരം ഗുരുതരമായ മൗലികാവകാശലംഘനവും ആപത്കരമായ മനുഷ്യാവകാശ ലംഘനവുമാണ് ഈ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുക വഴി സംജാതമാകുന്നത്. ഒരു വ്യക്തിയുടെ മാനസിക വ്യാപാരങ്ങൾ പോലും ‘ജി.പി.എസ്.’ സംവിധാനമുപയോഗിച്ച് “മൈൻഡ് മാപ്പിംഗ്” വഴി ചോർത്തുന്നത് അധാർമികമാണ്. ഒരു പക്ഷേ, ആഭ്യന്തര വകുപ്പോ, രഹസ്യാന്വേഷണ വിഭാഗമോ, പോലീസോ ചെയ്യേണ്ടുന്ന ഇത്തരം ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്ത് കൊച്ചുകുട്ടിക്കു  പോലും സുഗമവും ആയാസരഹിതവുമായി ഉപയോഗിക്കാനാകുമെന്നത് അത്യന്തം ആപത്കരമാണ്. 

ഇത്തരം ആപ്ലിക്കേഷനുകൾ പ്രയോഗത്തിൽ വരുത്തുക മൂലം റേഡിയേഷൻ വഴി മസ്തിഷ്ക കോശങ്ങളായ ന്യൂറോണുകളിൽ ജീൻ മ്യൂട്ടേഷൻ ( പാരമ്പര്യ വാഹകഘടകങ്ങളായ ജീനുകളിലും ക്രോമസോമുകളിലും ഹാനികരമായ മാറ്റം വരുത്തൽ) സംഭവിക്കാനും “ബ്രെയിൻ ട്യൂമർ” പോലുള്ള പ്രത്യാഘാതങ്ങൾക്കും കാരണമാകുന്നുവെന്നും വൈദ്യശാസ്ത്രം അഭിപ്രായപ്പെടുമ്പോൾ പോലും ഇവയുടെ വ്യാപനം വളരെ ഉദാസീനമായി നിരീക്ഷിക്കുന്നുവെന്നത് മ്ലേച്ഛവും ജുഗുപ്സാവഹവുമായ അനീതി എന്നേ പറയാനാകൂ. ബഹുമാനപ്പെട്ട സുപ്രീം കോടതിയോ ആദരണീയ ഗവൺമെന്റുകളോ ഇടപെട്ട് ഇത്തരം ആപ്ലിക്കേഷനുകൾ ജനക്ഷേമകരമല്ലാത്തതിനാൽ തന്നെ നിരോധിക്കുന്നത് ഏറ്റവും ഉത്തമവും ഭാവി തലമുറയുടെ ശ്രേയസിനും അഭ്യുദയത്തിനും ഉചിതവുമായിരിക്കും.

ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം ലേഖകന്‍റെ മാത്രം അഭിപ്രായം മാത്രമാണ്. കൂട്ടുകാരികാരിയുടേതല്ല

Leave a Reply

Your email address will not be published. Required fields are marked *