കുടിവെള്ളത്തിന്‍റെ കാര്യത്തിലും ജാഗ്രതവേണം
ജലജന്യരോഗങ്ങൾക്കെതിരേ ജാഗ്രത വേണമെന്ന് മെഡിക്കൽ വിദഗ്ദര്‍ അറിയിച്ചു. നന്നായി തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ. ആർ.ഒ പ്ലാന്റിലെ വെള്ളമാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കുക. കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം തുടങ്ങിയ പാനീയങ്ങൾ കുടിക്കുക. കാർബണേറ്റഡ് പാനീയങ്ങളും കൃത്രിമ പാനീയങ്ങളും ഒഴിവാക്കുക. മോരുംവെള്ളം, ഐസ്‌ക്രീം, ജൂസുകൾ തുടങ്ങിയവ തയാറാക്കുമ്പോൾ ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. വൃത്തിയായും സുരക്ഷിതമായും നിർമിച്ച ഐസാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.
പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകുക. തണ്ണിമത്തൻ പോലെയുള്ള ഫലങ്ങൾ മുറിക്കുന്നതിന് മുൻപ് ഉറപ്പായും കഴുകുക. ആഹാര സാധനങ്ങൾ അടച്ച് സൂക്ഷിക്കണം. പഴകിയ ആഹാരം കഴിക്കരുത്. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകണം. കുഞ്ഞുങ്ങളുടെ വിസർജ്യം ശുചിമുറിയിൽ തന്നെ ഇടുക. ഉപയോഗശേഷം ഡയപ്പറുകൾ സുരക്ഷിതമായി സംസ്‌ക്കരിക്കുക. കുടിവെള്ള സ്രോതസുകൾ വൃത്തിയാക്കിയ ശേഷം ക്ലോറിനേറ്റ് ചെയ്യുക. വൃത്തിയുള്ള പാത്രത്തിലേ വെള്ളം ശേഖരിച്ച് വയ്ക്കാവൂ. പാത്രം നന്നായി മൂടി വയ്ക്കുക. കൃത്യമായ ഇടവേളകളിൽ പാത്രം കഴുകി വൃത്തിയാക്കുക. വ്യക്തി ശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കണം.