വഴിത്തിരിവ്
വാസുദേവന്‍ തച്ചോത്ത്
സ്കൂൾ ഫൈനൽ പരീക്ഷയ്ക്ക് തയ്യാറെടുത്തു കൊണ്ടിരുന്ന ആ ബാലന്, ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പരീക്ഷയിൽ നല്ല മാർക്കു നേടി പാസ്സാകണം, ഇഷ്ടപ്പെട്ട വിഷയത്തിൽ ഇഷ്ടപ്പെട്ട കോളേജിൽ അഡ്മിഷൻ ലഭിക്കണം.കോളേജ് പഠനം പൂർത്തിയായപ്പോൾ, മാന്യമായ ഒരു ജോലി ലഭിക്കുക എന്നതു മാത്രമായിരുന്നു ആ യുവാവിന്റെ ആഗ്രഹവും ലക്ഷ്യവും…ജോലി ലഭിച്ച്, സാമ്പത്തിക ഭദ്രത കൈവരിച്ചപ്പോൾ ജീവിത പങ്കാളിയുടെ അനിവാര്യത സ്വാഭാവികമായി മനസ്സിനുള്ളിൽ ഉടലെടുത്തു. അധികം സമ്പത്തും സൗന്ദര്യവും ഒന്നുമില്ലെങ്കിലും പരസ്പരം മനസ്സിലാക്കാനും വിട്ടുവീഴ്ചകൾ ചെയ്യാനും തയ്യാറുള്ള ഒരു പെൺകുട്ടിയെ ലഭിക്കുക എന്നതായിരുന്നു ഏക ആഗ്രഹം. കുടുംബ ജീവിതം ആരംഭിച്ചതോടെ ആഗ്രഹങ്ങളും, ലക്ഷ്യങ്ങളും വ്യത്യസ്തമായ ദിശകളിലേക്ക് സഞ്ചരിക്കുവാൻ തുടങ്ങി. കുട്ടികൾക്ക് ഏറ്റവും നല്ല സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കുക, എല്ലാ വിഷയങ്ങളിലും എ.പ്ലസ് ലഭിക്കുക അങ്ങനെ കുടുംബത്തെ ചുറ്റിപ്പറ്റി പലതും. അതോടൊപ്പം തന്നെ സ്വന്തമായി ഒരു ഫ്ലാറ്റ് ഉണ്ടാവുക, സഞ്ചരിക്കാൻ ഒരു നാലു ചക്ര വാഹനം ഉണ്ടാവുക എന്നിവയെല്ലാം അനിവാര്യമായി മാറി. അതിവേഗതയിൽ സഞ്ചരിക്കുന്ന സമയയാനം പുതിയ മോഹങ്ങളും, ലക്ഷ്യങ്ങളും സൃഷ്ടിച്ചുകൊണ്ടേയിരുന്നു. നഗരത്തിലെ ഏറ്റവും ആഡംബരമായ ആവാസ സമുച്ചയത്തിൽ തന്നെ തനിക്കും ഒരു വീട് ഉണ്ടായിരിക്കണം. തന്റെ അപൂർവ്വം ചില സുഹൃത്തുക്കൾക്ക് മാത്രം കൈവശം വെക്കാൻ കഴിയുന്ന വിദേശ നിർമ്മിത കാറും തനിക്കും സ്വന്തമാക്കണം.താൻ സേവനം ചെയ്തു കൊണ്ടിരിക്കുന്ന കമ്പനിയുടെ പരമോന്നത സ്ഥാനത്തിരിക്കണം. അങ്ങനെ ആഗ്രഹങ്ങളുടെ രൂപവും വ്യാപ്തിയും സമയാനുസൃതമായി മാറിക്കൊണ്ടേയിരുന്നു… ആ മധ്യവയസ്കന്റെ ജീവിതത്തിലെ പല ആഗ്രഹങ്ങളും പൂർണമായോ ഭാഗികമായോ പൂർത്തീകരിക്കപ്പെട്ടപ്പോൾ, ചിലത് നിറവേറാതെയും ജീവിതം മുന്നോട്ട് പാഞ്ഞു കൊണ്ടിരുന്നു…പതിവ് പോലെ ഒരു ദിവസം ഓഫീസിലേക്ക് പുറപ്പെടുമ്പോഴായിരുന്നു ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ജീവിതത്തിൽ എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെയും പ്ലാനിങ്ങിലൂടെയും ചെയ്യുന്ന വ്യക്തി ആയതിനാൽ പഞ്ചനക്ഷത്ര ഹോസ്പിറ്റലിലെ ചികിത്സാ ചിലവുകളെക്കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. എല്ലാം ഇൻഷുറൻസ് കമ്പനിയുടെ മാത്രം ചുമതലയായിരുന്നു. ആഴ്ചകളോളം നീണ്ടുനിന്ന ഇൻവെസ്റ്റിഗേഷനിലൂടെ ആ മനുഷ്യൻ AML (ആക്യൂട്ട്മൈലോയ്ഡ് അക്യൂട്ട് ലുക്കീമിയ) എന്ന മാരകരോഗ ബാധിതനാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ചികിത്സാ ചിലവുകൾ വഹിക്കുവാനല്ലേ ഇൻഷുറൻസ് കമ്പനിക്ക് കഴയു… മാനസികവും ശാരീരികവുമായുള്ള വേദനകൾ സ്വയം അനുഭവിച്ചല്ലേ പറ്റൂ…ബിസിനസ് മീറ്റിംഗുകളും വിമാന യാത്രകളും ഇല്ലാതെ, വിലയേറിയ ഓവർകോട്ടും ടൈയും, ഷൂവും എല്ലാം ശരീരത്തിൽ നിന്നും അഴിച്ചു മാറ്റപ്പെട്ട്, ഹോസ്പിറ്റലിലെ നാലു ചുമരുകൾക്കുള്ളിൽ തഴക്കപ്പെട്ടപ്പോൾ, മൊബൈൽ ഫോൺ നിശബ്ദമായപ്പോൾ, ഏതോ മയക്കുമരുന്നിന്റെ ലഹരിയിൽ നിന്ന് മോചിതനായ പോലെ അയാൾക്ക് അനുഭവപ്പെട്ടു. അപ്പോൾ ആ മനുഷ്യന്റെ മനസ്സ് ഗതകാലങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങി…ഒന്നാം ക്ലാസ്സ് മുതൽ സ്കൂൾ ഫൈനൽ വരെ സഹപാഠിയായിരുന്നു രാധാകൃഷ്ണൻ. പഠിത്തത്തിൽ തന്നെക്കാൾ മോശമല്ലായിരുന്നുവെങ്കിലും കുടുംബ സാഹചര്യത്തിനാൽ, ഓട്ടോറിക്ഷ ഡ്രൈവർ ആകേണ്ടി വന്നു. സ്വന്തം മകനേക്കാൾ കൂടുതൽ തന്നെ സ്നേഹിച്ചിരുന്ന രാധാകൃഷ്ണന്റെ അമ്മ ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിൽ ആയപ്പോൾ തന്നെ ഒരു നോക്ക് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ ജീവിതത്തിലെ ഭ്രാന്തമായ നെട്ടോട്ടത്തിനിടെ കൈവിട്ടുപോയ അമൂല്യമായ എത്രയെത്ര ബന്ധങ്ങൾ…രണ്ടു മാസം മുന്നേ രാധാകൃഷ്ണന്റെ മകളുടെ വിവാഹ തലേന്ന്, അവന്റെ കൂടെ ഒരു മണിക്കൂർ ചിലവഴിച്ചത് തികച്ചും അവിസ്മരണീയമായിരുന്നു. അവനെപ്പോലെ മനസ്സ് തുറന്ന് ചിരിക്കുവാൻ എനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. അവന്റെ ഭാര്യയും മക്കളും ജീവിതത്തിൽ ഇത്രമാത്രം സന്തുഷ്ടരാണെന്ന് തനിക്ക് വിശ്വസിക്കാനായില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച 100 കമ്പനികളിൽ ഒന്നിന്റെ ചെയർമാനായ തനിക്ക്, തന്റെ കുടുംബത്തിനു പ്രദാനം ചെയ്യാൻ കഴിയാത്ത സംതൃപ്തിയും സന്തോഷവും ഒരു ഓട്ടോറിക്ഷ ഡ്രൈവർക്ക് തന്റെ കുടുംബത്തിന് എങ്ങിനെ കൊടുക്കാൻ കഴിയുന്നു???കോർപ്പറേറ്റ് ഭാഷയിൽ പറയുകയാണെങ്കിൽ ഓട്ടോ രാധാകൃഷ്ണൻ ആ തട്ടകത്തിൽ അറിയപ്പെടുന്ന ഒരു ബ്രാൻഡ് ആണ്. കുട്ടികൾക്ക് രക്ഷിതാവായി, സ്ത്രീകൾക്ക് സഹോദരനായി, മുതിർന്ന വ്യക്തികൾക്ക് മകനായി 24മണിക്കൂറും സേവന സന്നദ്ധനായി നിൽക്കുന്ന ഓട്ടോ രാധാകൃഷ്ണൻ ആ തട്ടകത്തിലെ എല്ലാ വീടുകളിലും ഒരു അനിവാര്യതയാണ്.കമ്പനിയുടെ ചെയർമാൻ പദവി നില നിർത്തി കൊണ്ടു പോകുന്നതിന് കമ്പനിയെ നിരന്തരം ഉയരങ്ങളിലേക്ക് കൊണ്ടു പോകുവാൻ കീഴ് ഉദ്യോഗസ്ഥർക്ക് വലിയ ടാർഗറ്റുകൾ കൊടുക്കേണ്ടി വരുമായിരുന്നു. അത് പൂർത്തികരിക്കാനാവാതെ എത്രയോ പേരുടെ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്… വിട ചോദിക്കാൻ എത്തുന്നവരോട് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിലെ സുപ്രധാനമായ ഒരു കൊട്ടേഷൻ താൻ കേൾപ്പിക്കുമായിരുന്നു. സർവൈവൽ ഓഫ് ദി ഫിറ്റെസ്സ്റ്റ് (അർഹതയുള്ളവ അതിജീവിക്കും) അവരെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കുടുംബം ഉണ്ട് എന്ന് മന:പ്പൂർവ്വം താൻ മറക്കാൻ ശ്രമിക്കുമായിരുന്നു.എത്ര പെട്ടെന്നായിരുന്നു എല്ലാം മാറിമറിഞ്ഞത്! ആ മനുഷ്യന്റെ മനസ്സിൽ ഇനി ഒരേയൊരു ആഗ്രഹമേ ബാക്കിയായിട്ടുള്ളൂ.ഒരു രാത്രി കൂടി സുഖമായി ഉറങ്ങണം… സ്കൂൾ അവധി ദിവസങ്ങളിലെ തലേ രാത്രികളിൽ ഉറങ്ങിയിരുന്ന പോലെ നിശ്ചിന്തമായ ഉറക്കം…പക്ഷേ അത് ഇനി സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം ഏറ്റവും ശക്തമായ വേദനാ സംഹാരികൾ പോലും ആ മനുഷ്യന്റെ ശരീരത്തിൽ പ്രവർത്തിക്കാനാകാതെ നിസ്സഹായത പ്രകടിപ്പിക്കുവാൻ തുടങ്ങിയിരിക്കുന്നു…