പര്യവസാനം
വാസുദേവന്‍ തച്ചോത്
ഒരു വലിയ വ്യവസായ സ്ഥാപനത്തിന്റെ
റിസപ്ഷനിൽ ചെയർമാന്റെ
വിലപ്പെട്ട ഏതാനും നിമിഷങ്ങൾക്കായി
തൻ്റെ ഊഴവും കാത്ത് ഇരിക്കുകയായിരുന്നു
മധ്യവയസ്കനായ ആ ബിസിനസ്സുകാരൻ.
തൻ്റെ പുതിയ പ്രോജക്ടിന്റെ പ്രൊപ്പോസൽ ചുരുങ്ങിയ വാക്കുകളിൽ
ചെയർമാന് വിശദീകരിച്ചു കൊടുക്കാനുള്ള തയ്യാറെടുപ്പിലിരിക്കെയാണ് റിസപ്ഷനിലെ
ചുമരിൽ തൂക്കിയിട്ട ആ ചിത്രത്തിലേക്ക് കണ്ണുകൾ നീണ്ടു ചെന്നത്.
കൃത്രിമ പൂമാലകൊണ്ടും എൽ.ഇ.ഡി ദീപങ്ങളാലും
പ്രശോഭിക്കപ്പെട്ടിരിക്കുന്ന, ആ ചിത്രത്തിനു നല്ല
മുഖ പരിചയം ഉള്ളതുപോലെ തോന്നി.
ചിത്രത്തിൻെറ അടിയിൽ ആ മഹദ് വ്യക്തിയുടെ ജനന- മരണ നാളുകൾ ആലേഖനം ചെയ്തിട്ടുണ്ട്.
ജനന തീയതി കണ്ടപ്പോൾ, ആ ബിസിനസുകാരന് ആശ്ചര്യം തോന്നി.
ഒരേ ദിവസമാണ് രണ്ടുപേരും ജനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സിൽ
സമ്മിശ്രമായ വികാരങ്ങളാണ് അപ്പോൾ ഉടലെടുത്തത്.
അധികം പ്രായമാകുന്നതിനു മുന്നേ തന്നെ ഈ മനുഷ്യൻ ഈ ലോകം വിട്ടു പോയല്ലോ !!.
അതിനിടെ മനസ്സിലെ തത്വചിന്തകൻ മന്ത്രിക്കുവാൻ തുടങ്ങി.
മരിക്കുവാൻ പ്രത്യേകിച്ച് പ്രായമൊന്നുമില്ലല്ലോ…
ഈ ഭൂമിയിൽ ജനിച്ചു കഴിഞ്ഞാൽ ഏതൊരു ജീവിക്കും
എപ്പോൾ വേണമെങ്കിലും മരണത്തിലേക്ക് വഴുതി വീഴാമല്ലോ…
ഭൂമിയിലേക്ക് വരുന്നതിന് മുമ്പ് അമ്മയുടെ ഗർഭപാത്രത്തിലും മരണം ആകാമല്ലോ…
ഇത്തരത്തിലുള്ള ചിന്തകൾക്കിടയിൽ
ചിത്രത്തിന് താഴെ ആലേഖനം ചെയ്തിട്ടുള്ള മരണ തീയതി
വായിച്ചെടുക്കുവാനുള്ള ജിജ്ഞാസ വർദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.നഗ്നനേത്രങ്ങൾ കൊണ്ട്
എത്ര ശ്രമിച്ചിട്ടും അത് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
തൻ്റെ കണ്ണട കാറിൽ മറന്നു വെച്ചതിൽ അയാൾക്ക് അല്പം പശ്ചാത്താപമുണ്ടായി.
കണ്ണുകൾ തിരുമ്മിക്കൊണ്ട് ഒന്നുകൂടി ആ ചിത്രം കാണാൻ ശ്രമിച്ചു. അത് മറ്റാരുമല്ല താൻ തന്നെയാണ് എന്നറിഞ്ഞപ്പോൾ
അദ്ദേഹത്തിന്റെ ഹൃദയമിടിപ്പുകൾ പൂർവാധികം തീവ്രഗതിയിലായി… ചിത്രത്തിനു താഴെയുള്ള
മരണ തീയതി വായിച്ചെടുക്കാനുള്ള
ജിജ്ഞാസ അതിൻെറ പാരമ്യത്തിലെത്തി. കൺതടങ്ങൾ വീണ്ടും തിരുമ്മിയപ്പോൾ അദ്ദേഹത്തിന്റെ നേത്രപടലത്തിൽ
നേരിയ പ്രകാശം പരന്നു. കണ്ണുകൾ തുറക്കപ്പെട്ടു.
പലതും വെട്ടിപ്പിടിക്കാനും പലരെയും തോൽപ്പിക്കാനുമായി വർഷങ്ങളായി താൻ നടത്തിക്കൊണ്ടിരിക്കുന്ന പടയോട്ടങ്ങളിൽ തീവ്രമായ അർത്ഥശൂന്യത അനുഭവപ്പെടുകയായിരുന്നു അപ്പോൾ ആ ബിസിനസ്സുകാരന് !