അശ്വത്ഥാമാവ് ധ്യാനത്തിനെത്തുന്ന മുനിപ്പാറ
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് പതിനൊന്ന് കിലോമീറ്ററോളം ദൂരെയായി, തിരുവല്ലം പരശുരാമസ്വമിക്ഷേത്രവും കടന്ന് പൂങ്കുളത്ത് ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കുന്നുംപാറ ക്ഷേത്രവും കഴിഞ്ഞു മുൻപോട്ട് നടക്കുമ്പോൾ ഒരു ചെറിയ പാറക്കൂട്ടം കാണാം.
സ്വച്ഛവും ശാന്തവുമായ പ്രകൃതിയിൽ, അരയാലിലകൾ മന്ത്രം ചൊല്ലുന്ന,,ഒരു കൽവിളക്കും ചിത്രകൂടം പോലെ ചെറിയൊരു മണ്ഡപത്തറയുമുള്ള സ്ഥലം.അതാണ് ‘മുനിപ്പാറ ‘ എന്ന ഈയിടത്തെ അശ്വത്ഥാമാവിന്റെ ദേവസ്ഥാനം.അതിനുമുൻപ്, ആരാണ് അശ്വത്ഥാമാവ് എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.കുതിരയെപ്പോലെ ശക്തനും കുതിരയുടെ ശബ്ദവുമുള്ളതിനാൽ അശ്വത്ഥാമാവ് എന്ന പേരുപേറുന്നവൻ . പിന്‍വലിക്കാനറിയാത്ത ആയുധം പ്രയോഗിച്ചതിന് ശാപമേറ്റവൻ . പിതാവിനെ ചതിച്ചുകൊന്നവരോട് പകരം വീട്ടിയ ക്ഷുഭിതയൗവനത്തിന് തിരസ്‌കൃതനായവൻ .താൻ എത്തുന്നതിനു മുന്‍പ് തന്നെക്കുറിച്ചുള്ള അപഖ്യാതി എത്തുന്നതറിഞ്ഞ്, എവിടെയും അവഹേളനവും തിരസ്‌കാരവും ഏറ്റുവാങ്ങി, ദേഹം മുഴുവൻ ഒടുങ്ങാത്ത ചൂടും അസ്വസ്ഥതയും പേറി, പകപൂണ്ട ഭീമൻ തിരുനെറ്റിയിലെ ചൂഡാരത്‌നം ആഴത്തിൽ ചൂഴ്‌ന്നെടുത്തതിനാൽ ചോരയും ചലവും ഊർന്നിറങ്ങുന്ന ഉണങ്ങാത്ത വൃണവുമായി, ഭഗവാൻ ശ്രീകൃഷ്ണന്റെ ശാപവുമേറ്റുവാങ്ങി അലയുന്ന അശ്വത്ഥാമാവ് എന്ന മഹാഭാരതത്തിലെ കഥാപാത്രം.
ശാപമോക്ഷത്തിനുവേണ്ടി ആ അശ്വത്ഥമാവ് ഇവിടെ,, ഈ മുനിപ്പാറ എന്ന സ്ഥലത്ത് നിതാന്ത തപസിലാണത്രേ….പണ്ടുകാലത്ത് നിരവധി സന്യാസിമാർ തപസ്സിനെത്തിയിരുന്ന സ്ഥലമായിരുന്നു ഇത്.വനവാസകാലത്ത് പാണ്ഡവരും മുനിപ്പാറയിൽ എത്തിയിരുന്നു.അന്ന് ഭീമന്റെ പാദം പതിഞ്ഞിടത്ത് ഇന്നും വലിയ പാദത്തിന്റെ ആകൃതിയിൽ രണ്ട് കുളങ്ങൾ കാണാം.” ഭീമന്‍ കിണർ “എന്ന പേരിൽ.ഇതിലെ ജലം ഔഷധഗുണമുള്ളതാണെന്ന വിശ്വാസവുമുണ്ട്.അസ്വസ്തമായ മനസുകൾക്ക് ശാന്തിപകരുന്ന ഒരിടമാണിത്. മോഷത്തിനുള്ള മാർഗ്ഗമാണ് മുനിപ്പാറയിലെ ശാന്തതയിലുള്ള ധ്യാനം.
കടലും കായലും കാണാൻ സാധിക്കുന്ന മലമുകളിലെ ധ്യാനത്തിലൂടെയാണ് അശ്വത്ഥാമാവിന് മോക്ഷപ്രാപ്തി. മറ്റൊന്ന് സ്യാനന്ദപുരത്തെ ശ്രീപദ്മനാഭന്റെ സന്നിധിയിലെ സന്ധ്യാദീപാരാധന ദർശിക്കലും.ക്ഷേത്രത്തിലെ ഉത്സവസമയങ്ങളിൽ ആൾക്കൂട്ടത്തിലൊരാളായി അദ്ദേഹം അലഞ്ഞുനടക്കാറുണ്ടത്രെ. അനന്തപുരിയിൽ ശ്രീപദ്മനാഭന്റെ സന്ധ്യാദീപാരാധന ദർശിക്കാൻ നാമറിയാതെ ആൾക്കൂട്ടത്തിൽ അന്യനായി ഒപ്പമുണ്ടാകും.
അശ്വത്ഥാമാവിന് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ പ്രതിഷ്ഠയുമുണ്ട്.വ്യാസനു സമീപം നിൽക്കുന്നതായാണ് പ്രതിഷ്ഠ. കുരുക്ഷേത്ര യുദ്ധാനന്തരം ശാപഗ്രസ്ഥനായ അശ്വത്ഥാമാവ് വ്യാസനെയാണ് അഭയം പ്രാപിച്ചത്. അതാണിവിടുത്തെ സങ്കല്പം.ശ്രീപദ്മനാഭന് പൂജയ്ക്കായി താമര വിരിയിക്കാൻ അശ്വത്ഥാമാവ് ഗംഗാജലം കൊണ്ടുവന്ന് നിർമ്മിച്ചതാണത്രെ വെള്ളായണി കായൽ.
കോവളത്തെ പാറക്കെട്ടുകൾക്കിടയിലുള്ള ഗുഹയായ ഉടയൻ വാഴിയിൽ വീഴുന്ന സമുദ്രജലം വെള്ളായണിക്കായലിൽ എത്തുന്നുവെന്നതും സങ്കല്പം. ഉടയൻവാഴിയിലേക്ക് വീഴുന്ന സമുദ്രജലം വറ്റിത്തുടങ്ങുമ്പോൾ തെളിയുന്ന ആൾരൂപം അശ്വത്ഥാമാവിന്റേതെന്ന് വിശ്വാസം.
പൂർണമായി തെളിയുന്നതിനുമുന്നേ അടുത്ത തിരവന്ന് നിറയും. വെള്ളായണിക്കായലോരത്ത് ചിലർ അശ്വത്ഥാമാവിനെ കണ്ടിട്ടുണ്ടത്രെ. മുനിപ്പാറയിലെ ഗുഹയിലും ചിലർ അശ്വത്ഥമാവിനെ കണ്ടതായി പറയുന്നുണ്ട്.അടുത്തു ചെല്ലുമ്പോഴേക്കും മാഞ്ഞു പോകുന്ന രൂപം.സത്യമായാലും മിഥ്യയായാലും മരണമില്ലാത്ത അശ്വത്ഥാമാവ് ജീവിച്ചിരിക്കുന്നു….. നിത്യതപസ്വിയായി.
കടപ്പാട് പ്രവീണ്‍ പ്രകാശ്