കേരളത്തിന്റെ പടനായകന് പിറന്നാൾ മധുരം
എഡിറ്റോറിയൽ ഡെസ്ക്
തിളക്കമാർന്ന വിജയത്തിലൂടെ തുടർഭരണമെന്ന ചരിത്രം സൃഷ്ടിച്ച കേരളത്തിന്റെ പടനായകൻ പിണറായി വിജയന് ഇന്ന് 76-ാം പിറന്നാൾ മധുരം.
പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളന ദിനത്തിൽ മുഖ്യമന്ത്രിയുടെ പിറന്നാൾ വന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ഔദ്യോഗിക രേഖകൾ പ്രകാരം മാർച്ച് 21 ആണ് ജന്മദിനമെങ്കിലും, മുഖ്യമന്ത്രി തന്നെയാണ് തൻ്റെ ജന്മദിനം മെയ് 24 ആണന്ന് ഒരിക്കൽ വെളിപ്പെടുത്തിയത്.
1945 മേയ് 24-ന് കണ്ണൂർ മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും ഇളയ മകനായി ജനനം. പിണറായി ശാരദ വിലാസം എൽ പി സ്കൂളിലും പെരളശേരി ഗവ.ഹൈസ്കൂളിലുമായി വിദ്യാഭ്യാസം. സ്കൂൾ ഫൈനലിനു ശേഷം ഒരു വർഷം നെയ്ത്ത് തൊഴിലാളിയായി. പിന്നീട് പ്രീ- യൂണിവേഴ്സിറ്റി കോഴ്സിന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ.
വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ എസ്.എഫ്.ഐ യുടെ പൂർവ്വിക സംഘടനയായ കെ.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവേശനം. തലശ്ശേരി ബ്രണ്ണൻ കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിന് പഠിക്കുമ്പോൾ കെ.എസ്.എഫ് ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി. തുടർന്ന് നിരവധി വിദ്യാർത്ഥി സമര മുന്നേറ്റങ്ങളിൽ നേതൃത്വം വഹിച്ചു. വൈകാതെ കെ.എസ്.എഫ് ന്റെ സംസ്ഥാന സെക്രട്ടറിയായി.
1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ പിണറായി വിജയൻ 1967-ൽ സിപിഎം തലശ്ശേരി മണ്ഡലം സെക്രട്ടറിയായി. 1968-ൽ മാവിലായിൽ നടന്ന കണ്ണൂർ ജില്ല-പ്ലീനറി സമ്മേളനത്തിൽ വച്ച് സിപിഎം കണ്ണൂർ ജില്ലക്കമ്മറ്റി അംഗമായി.1972-ൽ ജില്ല സെക്രട്ടേറിയറ്റ് അംഗമായ പിണറായി വിജയൻ 1978-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിലെത്തി.
1970-ൽ ഇരുപത്തിയാറാം വയസിൽ നിയമസഭ അംഗമായ പിണറായി വിജയൻ പാർലമെൻ്ററി രംഗത്തും മികവ് തെളിയിച്ചു. 1970, 1977, 1991 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ കൂത്ത്പറമ്പിൽ നിന്നും 1996-ൽ പയ്യന്നൂരിനെ പ്രതിനിധീകരിച്ചും നിയമസഭയിലെത്തി. 1996-2001 ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി-സഹകരണ വകുപ്പ് മന്ത്രിയായി. 1998ൽ പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
വിഭാഗീയതയ്ക് നടുവിലും പാർട്ടിയെ ഒറ്റകെട്ടായി മുന്നോട്ടു കൊണ്ട് പോകാൻ പിണറായി വിജയന് കഴിഞ്ഞു. 2007 ൽ വി എസ് അച്യുതാനന്ദനുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നു പൊളിറ്റ് ബ്യൂറോയില്നിന്നു മാറ്റി നിർത്തി. പരാജയത്തിൽ നിന്ന് ഊർജമുൾകൊള്ളുന്ന നേതാവെന്നാണ് പിണറായിയെ എതിരാളികൾ പോലും വിശേഷിപ്പിക്കുന്നത്. പ്രതിസന്ധികളെ തരണ൦ ചെയ്തു പിണറായി നടന്നു കയറിയത് മുഖ്യമന്ത്രി പദത്തിലേക്കായിരുന്നു. 2016 മെയ് 25ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായിക്കു 2021 മെയ് എത്തുമ്പോൾ രണ്ടാമൂഴത്തിനൊപ്പം പിറന്നാൾ മധുരവും.
പിണറായിക്ക് ആഘോഷങ്ങൾ പതിവ് ഇല്ലാത്തതിനാൽ ജന്മദിനം ആശംസകളിൽ മാത്രം ഒതുങ്ങാനാണ് സാധ്യത.