ചരിത്രവും രാഷ്ട്രീയവും സമന്വയിപ്പിക്കുന്ന കലാസൃഷ്ടിയുമായി ബ്ലോഡ്‌സോ
ലോകമേ തറവാട് കലാ പ്രദര്‍ശന വേദിയില്‍ കലാകാരന്‍ വി. എസ്. ബ്ലോഡ്സോയുടെ ഓരോ കലാസൃഷ്ടിയും അദ്ദേഹം കണ്ടതോ അനുഭവിച്ചതോ ആയ ഓരോ സന്ദര്‍ഭത്തെ ഉള്‍കൊള്ളിച്ചാണ്. ആലപ്പുഴ നഗരത്തിലെ പ്രധാന തുണിക്കടകളിലൊന്നില്‍ വീട്ടുകാര്‍ക്കൊപ്പം പോയപ്പോള്‍ വിവിധ നിറത്തിലുള്ള നിരവധി ബ്ലൗസിന്റെ കഷണങ്ങള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടു. കലാ പ്രദര്‍ശത്തിലെ ഛായാരൂപത്തിന്റെ ഉത്ഭവവും അതായിരുന്നു. ലോകമേ തറവാട് കലാ പ്രദര്‍ശനത്തില്‍ അദ്ദേഹം തന്നെ പൂര്‍ണ്ണമായി വികസിപ്പിച്ച കൃതിയായ ‘സ്‌പെക്ട്രം- ഡിയര്‍ മിസ്റ്റര്‍ എല്‍സ് വര്‍ത്ത് കെല്ലി ആന്റ് അതേഴ്സ്’ ആണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഇരു വശത്തായി വെച്ചിരിക്കുന്ന 23 അടി നീളമുള്ള കലാസൃഷ്ടിയില്‍ ആലപ്പുഴയിലെ ഒരു തുണി കടയില്‍ നിന്നും കൊണ്ടുവന്ന 99 നിറങ്ങളിലുള്ള തുണികളാണ് ഉപയോഗിച്ചിട്ടുള്ളത്. കലാകാരന്റെ തന്നെ മുഖംമൂടി ധരിച്ച 19 തൂണുകളില്‍ ഓരോന്നിനും 7.3 അടി ഉയരമുണ്ട്.
അന്തരിച്ച അമേരിക്കന്‍ കലാകാരനായ എല്‍സ്വര്‍ത്ത് കെല്ലിയുടെ സൃഷ്ടികളും ബ്ലോഡ്സോ പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. അശോക സ്തൂപങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ശില്‍പങ്ങള്‍ ഓരോന്നും ഒരോ മുഖംമൂടി കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അവയില്‍ ഇന്ത്യന്‍ ഭരണഘടന എന്ന് എഴുതിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം നിര്‍വചിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ലേക്കുള്ള വഴിയും കലാകാരന്‍ വിശദീകരിക്കുന്നു.
ജോലിയില്‍ അവരുടെ അന്തസ്സ് സംരക്ഷിക്കാന്‍ പരിശ്രമിച്ച പില്‍ക്കാല തലമുറയിലെ സ്തന നികുതിക്കെതിരെ പോരാടിയ നങ്ങേലിയില്‍ നിന്നുള്ള സ്ത്രീകളുടെ ലിംഗസമരങ്ങളെയും ഈ സൃഷ്ടി പ്രതിനിധീകരിക്കുന്നു.