വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ ജാഗ്രത വേണം

വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മടങ്ങുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. വെള്ളപ്പൊക്കം ബാധിച്ച മേഖലകളിലെ‍ വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം നന്നായി കഴുകി വൃത്തിയാക്കണം. 


പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്കയും കുമ്മായവും ഉപയോഗിക്കാം. കക്കൂസ് മാലിന്യം കൊണ്ട് മലിനമാകന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശുചീകരിക്കണം. വെള്ളക്കെട്ടില്‍ മലിനമായ കിണറുകളും കുടിവെള്ള ടാങ്കുകളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ക്ലോറിനേഷന്‍ നടത്തണം. 


മലിന ജലവുമായി സമ്പര്‍ക്കത്തില്‍പ്പെടുന്നവര്‍  എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സി സൈക്ലിന്‍ ഗുളിക ആഴ്ചയിലൊരിക്കല്‍ ഭക്ഷണത്തിനുശേഷം കഴിക്കണം.  കൈകാലുകളില്‍ മുറിവുള്ളവര്‍ ഡോക്ടറുടെ സഹായം തേടുകയും പ്രതിരോധ ഗുളിക കഴിക്കുകയും വേണം. മലിന ജലത്തില്‍ ജോലിചെയ്യേണ്ട സാഹചര്യത്തില്‍ ഗംബൂട്ട്, കൈയ്യുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപാധികള്‍ തുടങ്ങിയവ നിര്‍ബന്ധമായും ഉപയോഗിക്കണം. 


വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന വീടുകളില്‍ തുറന്ന നിലയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യ വസ്തുക്കള്‍ എലികളുടെ മൂത്രം വീണ് മലിനമാകാന്‍ ഇടയുള്ളതിനാല്‍  ഉപയോഗിക്കരുത്. അടഞ്ഞു കിടക്കുന്ന മുറികളില്‍ വായു മലിനീകരണം ഉണ്ടായേക്കാം. അതുകൊണ്ട് വായു സഞ്ചാരം ഉറപ്പാക്കണം. ഇലക്ട്രിക് ഉപകരണങ്ങള്‍ സ്വയം പരിശോധിക്കുന്നത് അപകടകരമാണ്. ഇതിനായി ഇലക്ട്രീഷ്യന്‍റെ സേവനം തേടണം. അണുബാധ ഒഴിവാക്കുന്നതിന് പ്രമേഹ രോഗികള്‍ കൃത്യമായി ചികിത്സ തേടണം. 


ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ക്ലോറിനേറ്റ് ചെയ്ത വെള്ളത്തില്‍ കഴുകി ഉപയോഗിക്കണം. കൈയും വായും കഴുകുന്നതിന് ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രമേ ഉപയോഗിക്കാവൂ. വീടു വൃത്തിയാക്കുമ്പോള്‍ പാഴ്‌വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കി ചാക്കില്‍കെട്ടി മഴ നനയാതെ സൂക്ഷിക്കണം. ശുചീകരണ പ്രവര്‍ത്തനം നടത്തുമ്പോള്‍ വിഷപ്പാമ്പുകള്‍ക്കെതിരെ ജാഗ്രത വേണം.


ഭക്ഷണ സാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം. ചുറ്റുപാടും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കുക. വീടിനു പുറത്ത് ഇറങ്ങുന്പോള്‍ നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ.വൈറല്‍ പനി, ചിക്കന്‍ പോക്‌സ്, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കണം. പാത്രം കഴുകുന്നതിനായി ശേഖരിക്കുന്ന വെള്ളത്തില്‍ 20 ലിറ്ററിന് ഒന്ന് എന്ന കണക്കില്‍ ക്ലോറിന്‍ ഗുളിക ഉപയോഗിക്കണം.

Leave a Reply

Your email address will not be published. Required fields are marked *