ചക്ക എരിശ്ശേരി
റെസിപ്പി : രോഷ്നി കെ.വി
ചുവന്ന കടല (അര കപ്പ്)
ചക്ക ചുളയും കുരുവും ചെറുതായി മുറിച്ചത് (മുക്കാൽ – ഒരു കപ്പ്)
തേങ്ങ ഒരു മുറി
ജീരകം, കുരുമുളക് പൊടി, മുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് – ആവശ്യത്തിന്
വറ്റല്‍ മുളക് രണ്ട് എണ്ണം
കടുക് – ഒരു ടി സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുതിർത്ത കടല കുക്കറിൽ മൂന്ന് – നാല് വിസിൽ വരെ വേവിക്കുക.ശേഷം അരിഞ്ഞുവെച്ച ചക്ക ചേർക്കുക. ഒരു സ്പൂൺ മുളക് പൊടി, അര സ്പൂൺ മഞ്ഞൾപ്പൊടി, ( ചിലർ അൽപം മല്ലിപ്പൊടിയും ചേർക്കാറുണ്ട് ) ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് ചക്കയുടെ വേവനുസരിച്ച് വീണ്ടും വേവിക്കുക.(ഒന്നോ- രണ്ടോ വിസിൽ )ഒരു വലിയ തേങ്ങയുടെ ഒരു ഭാഗം മുഴുവൻ ചിരകിയെടുത്തതിൽ പകുതിയെടുത്ത് അര സ്പൂൺ ജീരകം ചേർത്ത് മിക്സിയിൽ ഒന്ന് ഒതുക്കിയെടുക്കുക. കൂടുതൽ അരയരുത്.വേവിച്ചു വെച്ച കൂട്ടിൽ ഒന്നര സ്പൂൺ കുരുമുളക് പൊടിയും തേങ്ങ അരപ്പും ചേർത്ത് നന്നായി തിളപ്പിച്ച് മാറ്റിവെക്കുക.(വെള്ളം ആവശ്യമാണെങ്കിൽ ചേർക്കാം, അധികം ലൂസാകരുത്. എന്നു വെച്ച് നല്ല കട്ടിയുമാകരുത്. എണ്ണ താളിച്ചത് ചേർക്കുമ്പോൾ എരിശേരി വീണ്ടും ഒന്നുറക്കും)എണ്ണയിൽ കടുക് പൊട്ടിച്ച് രണ്ട് മൂന്ന് വറ്റൽ മുളകും നേരത്തേ ചിരകിവെച്ചതിൽ ബാക്കിയുള്ള തേങ്ങയും ചേർത്ത് മൂപ്പിക്കുക. ചെറിയ ബ്രൗൺ നിറമാകുമ്പോൾ കറിവേപ്പില കൂടി ചേർത്തിളക്കി കറിയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തേങ്ങ വറുത്തിടുന്നത് അളവ് അധികമായാൽ കുഴപ്പമില്ല. ഒട്ടും കുറയരുത്.