ചീരകഴിച്ച് രോഗങ്ങളകറ്റാം; അറിയാം കൃഷി രീതികള്‍
ഇലക്കറികൾ ധാരാളമായി നമ്മുടെ ഭക്ഷണത്തിൽ ഉപയോഗപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇലക്കറികളായി ഉപയോഗിക്കുന്ന എല്ലാ കുറ്റിച്ചെടികളെയും ചീര എന്നാണ് വിളിക്കുന്നത്. ഇന്ന് നാം നോക്കുന്നത് ചുവന്ന ചീര എങ്ങനെ കൃഷി ചെയ്യാം, കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിളവെടുപ്പ് രീതി എന്നിവയാണ്.
ഒട്ടുമിക്ക ഭക്ഷണ പ്രേമികളും ഇഷ്ടപ്പെടുന്ന ഇലക്കറിയാണ് ചുവന്ന ചീര. അതിന്റെ നിറം കൊണ്ടും രുചികൊണ്ടും കൂടുതൽ ആകർഷണീയമായവ. നമ്മുടെ അടുക്കള തോട്ടത്തിൽ അനായാസം കൃഷി ചെയ്യാവുന്ന വിളയാണിത്. നല്ല ശ്രദ്ധയും പരിപാലനവും ഉണ്ടെങ്കിൽ നല്ലൊരു വിളവെടുപ്പ് തന്നെ കിട്ടും.
കൃഷി രീതി
ആദ്യംതന്നെ ചീര കൃഷി ചെയ്യാനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നുള്ളതാണ്. ആവശ്യാനുസരണം സൂര്യപ്രകാശവും ജലസേചനവും നൽകാൻ കഴിയണം. ഒന്നാന്തരം വളക്കൂറുള്ള മണ്ണും ആയിരിക്കണം. ചീര വിത്തുകൾ പാകുവാൻ അനുയോജ്യമായ തടം ഒരുക്കിയ ശേഷം ചീര വിത്തുകൾ മണൽ ചേർത്തുവേണം ഒരുക്കിയ തടത്തിലേക്ക് വിതറാൻ. ചീര വിത്തുകൾ ഉറുമ്പുകളുടെ ഇഷ്ടഭക്ഷണമായതുകൊണ്ട് തന്നെ ഇവ തലത്തിലേക്ക് കടക്കാതെ ശ്രദ്ധിക്കണം. അതിനായി മഞ്ഞൾപ്പൊടിയോ അരിപ്പൊടിയോ വിതറണം. ശേഷം കൈ വെള്ളം തളിക്കാവുന്നതാണ്. ദിവസവും രണ്ടു നേരം ഇത് നിർബന്ധമാണ്. വിത്തുകൾ മുളപൊട്ടി നാലഞ്ച് ഇലകൾ വന്നാൽ ചീര തൈകൾ പിഴുതു നടാം.30-40 സെന്റീമീറ്റർ അകലം ഓരോ തൈകൾക്കും ഉണ്ടാകണം. കൃത്യമായി ജലസേചനം നടത്തണം. ഉണങ്ങിയ ചാണകം, ഗോമൂത്രം, മണ്ണിരവളം തുടങ്ങിയ ജൈവവളങ്ങളുടെ ഉപയോഗം ചീര കൃഷി കൂടുതൽ കാര്യക്ഷമമാക്കും. ചീരയിലയിൽ പുഴുക്കൾ ഉണ്ടെങ്കിൽ ആ ഇലകൾ നിർബന്ധമായും പറിച്ചു കളയണം. പുഴുക്കളുടെ ആക്രമണം രൂക്ഷമാകുന്ന പക്ഷം മഞ്ഞൾപൊടിയും ബാർസോപ്പും കൊണ്ട് തയ്യാറാക്കിയ മിശ്രിതം ഇലകളിൽ തളിക്കുന്നത് പുഴുക്കളുടെ ആക്രമണം ഇല്ലാതാക്കും. 25 ദിവസത്തിനുശേഷം ആദ്യ വിളവെടുപ്പ് നടത്താവുന്നതാണ്. ഓരോ വട്ടവും ചീരകൾ എടുക്കുമ്പോഴും അല്പം ചാണകം ചേർത്ത് മണ്ണ് കൂട്ടി കൊടുക്കണം. ഒപ്പം അടുത്ത വട്ടം കൃഷി ചെയ്യുവാനായി വിത്തുകൾ ശേഖരിച്ചശേഷം അവ വെയിലത്ത് വെച്ച് നന്നായി ഉണക്കി. കിഴികെട്ടി കീടങ്ങൾ കേറാതെ സൂക്ഷിക്കുക.
വളരെയധികം ഔഷധഗുണങ്ങളുള്ള ചീരക്ക് വിളർച്ച,ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ,
ആസ്ത്മ, അതിസാരം, അസ്ഥി രോഗങ്ങൾ,മഞ്ഞപ്പിത്തം എന്നീ രോഗങ്ങളെ പ്രതിരോധിക്കുവാനും കഴിയും.