ചെണ്ടുമല്ലി കൃഷി വേഗം തുടങ്ങിക്കോ!!! ??ഓണക്കാലത്ത് പോക്കറ്റ് നിറയ്ക്കാം
ഉത്സവങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പൂക്കള്‍ പ്രത്യേകിച്ചും ഓണത്തിന് . വാണിജ്യാടിസ്ഥാനത്തില്‍ വിവിധയിനം പൂക്കള്‍ കൃഷി ചെയ്യുന്ന തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളെയാണ് ഈ അവസരങ്ങളില്‍ മലയാളി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് .എന്നാല്‍ കേരളത്തില്‍ തന്നെ നമുക്ക് പൂക്കൃഷി ചെയ്യാം. കേരളത്തിന്‍റെ കാലാവസ്ഥക്ക് കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒന്നാണ് ചെണ്ടുമല്ലി (Marigold) കൃഷി. ചൂട് ഉള്ള സ്ഥലങ്ങളില്‍ ചെണ്ടുമല്ലിക്ക് നന്നായി വളര്‍ച്ചയും ഉത്പാദനശേഷിയും ഉണ്ടായിരിക്കും. അലങ്കാരപുഷ്പം എന്നപോലെത്തന്നെ പ്രസ്തുത വിഭാഗത്തിലുള്‍പ്പെടുന്ന പൂക്കളുടെ സത്ത് സുഗന്ധവസ്തുക്കളുടെ നിര്‍മ്മാണത്തിനും, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നിറം പകരാനും ഉപയോഗിക്കുന്നു.
അല്പം സമയം കണ്ടെത്തുകയാണെങ്കില്‍ നമ്മുടെ കാലാവസ്ഥയിലും ചെണ്ടുമല്ലി വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാം. ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതും ജൈവ സമ്പുഷ്ടവും മണല്‍ കലര്‍ന്ന പശിമയുള്ള മണ്ണുമുള്ള സ്ഥലമാണ് ചെണ്ടുമല്ലി കൃഷിക്ക് അനുയോജ്യം. ഒരു സെന്റ് സ്ഥലം കൃഷി ചെയ്യാന്‍ ഏകദേശം രണ്ടുഗ്രാം വിത്തു മതിയാകും.
വിത്ത് എത്ര അളവിലാണോ അത്ര അളവിലാണ് സ്യൂഡോമോണാസ് ചേർക്കേണ്ടത്. വിത്തിന് മുകളിൽ നിൽക്കുന്ന അളവിൽ വെള്ളം കൂടി ചേർത്ത് 20 മിനിറ്റ് വയ്ക്കുക. ശേഷം നടന്ന വിത്തുകൾക്ക് രോഗപ്രതിരോധശേഷി കൂടുതലാണ്. 4 ആഴ്ചയാകുമ്പോൾ ട്രേയിൽ നിന്ന് തൈ പറിച്ചു നടാം. മഴക്കാലത്ത് വാരങ്ങൾ കോരിയും, വേനൽക്കാലത്ത് ചാലുകൾ ആയിട്ട് നിലമൊരുക്കിയുമാണ് കൃഷി ചെയ്യുന്നത്. തൈകൾ പറിച്ചു നടുമ്പോൾ വാരങ്ങൾ തമ്മിൽ 60 സെൻറീമീറ്ററും, ഒരു വാരത്തിൽ ചെടികൾ തമ്മിൽ 40 സെന്റീമീറ്റർ അകലവും ഉണ്ടായിരിക്കണം. തൈകൾ പറിച്ചുനടുന്നതിന് മുമ്പ് സ്യൂഡോമോണോസിൽ മുക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ബാക്ടീരിയ മൂലമുള്ള വാട്ടം തടയുകയും ചെയ്യുന്നു.
രണ്ടാഴ്ച ഇടവിട്ട് സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിലും തണ്ടുകളിലും മറ്റും തളിക്കണം. എല്ലാ ആഴ്ചയും KAU സമ്പൂർണ മൾട്ടി മിക്സർ 5 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിനും ഇലകൾക്ക് സുരക്ഷയും നൽകുന്നു. നട്ട് മൂന്നാഴ്ച കഴിയുമ്പോൾ തൈകളുടെ അഗ്രഭാഗം മുറിച്ചു കളയണം. ധാരാളം ശാഖകൾ ഉണ്ടാകാനാണ് ഇങ്ങനെ ചെയ്യുന്നത്. നട്ട് 45 ദിവസത്തിനുള്ളിൽ മൊട്ട് ഉണ്ടാകും.
മൊട്ട് വിരിഞ്ഞശേഷം ഒന്നരമാസത്തോളം വിളവെടുക്കാൻ സാധിക്കും. ഒരു ചെടിയിൽ നിന്ന് 6 മുതൽ 7 തവണ വരെ വിളവെടുക്കാം. ഒരു ചെടിയിൽ 750 ഗ്രാം മുതൽ ഒരു കിലോ വരെ പൂക്കൾ ലഭിക്കും. നാടൻ ഇനങ്ങൾ ആണെങ്കിൽ ഒരു ചെടിയിൽ നിന്ന് 500 ഗ്രാമാണ് ലഭിക്കുന്നത്. 10 സെന്റിൽ അടിവളമായി 20 കിലോ കുമ്മായം, 750 കിലോ ജൈവവളം, 15 കിലോ യൂറിയ എന്നിവ നൽകണം.
കൃഷിക്ക് കൃത്യമായ നന ആവശ്യമാണ്. എന്നാൽ വെള്ളം കെട്ടി നിൽക്കാനും പാടില്ല. ചിലർ തെങ്ങിൻ തോട്ടങ്ങളിലും വാഴത്തോട്ടങ്ങളിലും പച്ചക്കറികൾക്കിടയിലും ഇടവിളയായും ചെണ്ടുമല്ലി കൃഷി ചെയ്യാറുണ്ട്. വാണിജ്യ അടിസ്ഥാനത്തിൽ പാടശേഖരങ്ങളിൽ മാരിഗോൾഡ് കൃഷി ചെയ്യുന്നവരുമുണ്ട് .
ഇത്തരം കർഷകർക്ക് കൃഷി വകുപ്പ് അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങളും നൽകാറുണ്ട്. കൃത്യമായ ഇടവേളകളിൽ കളനീക്കം ചെയ്യണം. മഴയുള്ളപ്പോൾ വിളവെടുക്കാൻ പാടില്ല. വിളവെടുപ്പ് കഴിഞ്ഞ് ഓരോ ആഴ്ചയിലും 5 ഗ്രാം 19:19: 19 ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കണം. ശാസ്ത്രീയ പരിചരണത്തിലൂടെ ഒരു ഏക്കറിൽ നിന്ന് 5 ടൺ മുതൽ 8 ടൺ വരെ കിട്ടും എന്നാണ്..