കോവിഡ് വാക്സിനേഷൻ ഈ സംശയങ്ങൾ നിങ്ങൾക്കുണ്ടോ



വാക്സിനേഷൻ സംബന്ധിച്ച് സര്‍ക്കാര്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് എത്തിവേണം വാക്സിന്‍ സ്വീകരിക്കാന്‍. ചില സംശയങ്ങള്‍ക്കുള്ള മറുപടി താഴെ.

(1) കോവിഡ് വാക്സിന്‍ ലഭ്യമാകുന്നത് ആര്‍ക്കൊക്കെയാണ്.

45 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാണ്. 18 വയസ്സ് കഴിഞ്ഞവരില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കി ആദ്യ ദിവസങ്ങളില്‍ വാക്സിന്‍ ലഭ്യമാക്കും. തുടര്‍ന്ന് മറ്റുള്ളവര്‍ക്കും വാക്സിന്‍ ലഭിക്കുന്നതാണ്.

(2) വാക്സിന്‍ ലഭിക്കാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണോ?

ആദ്യ ഡോസ് വാക്സിന്‍ ലഭിക്കുന്നതിന് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.

(3) രജിസ്ട്രേഷന്‍ എങ്ങനെ ചെയ്യാം?

www.cowin.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. ഒരാളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നാലുപേരെ വരെ രജിസ്റ്റര്‍ ചെയ്യാനാവും. ഓരോരുത്തരുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയിലെ നമ്പരും രജിസ്ട്രേഷന്‍ നടത്തുന്നതിനാവശ്യമാണ്.

(4) രജിസ്ട്രേഷന്‍ സ്വയം ചെയ്യാന്‍ അറിയാത്തവര്‍ക്ക് ആരുടെ സഹായം തേടണം?

വാര്‍ഡ്തല ജാഗ്രത സമിതിയെ അറിയിക്കുക. അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുക. നിങ്ങളുടെ സ്ഥലത്തെ ആരോഗ്യ വോളണ്ടിയര്‍മാരുടെ സഹായവും തേടാനാവും. ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വയോജന കാള്‍ സെന്‍ററില്‍ ബന്ധപ്പെടുക.

(5) രണ്ടാമത്തെ ഡോസെടുക്കാന്‍ എന്തു ചെയ്യണം?

രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ ഓണ്‍ലൈന്‍ ആയി സമയവും വാക്സിനേഷന്‍ കേന്ദ്രവും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ സൈറ്റില്‍ നിന്നും ഷെഡ്യൂള്‍ ചെയ്ത് സ്ലോട്ട് ഉറപ്പാക്കുക.

(6) രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ഷെഡ്യൂള്‍ ചെയ്യാന്‍ പ്രയാസം ഉണ്ടാകുന്നതെന്തുകൊണ്ടാണ്?

വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്കുള്ള വാക്സിനേഷന്‍ ഡോസുകള്‍ തീരുമാനിച്ചു സമയാനുസൃതമായി വരുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയ ശേഷമാണ് സൈറ്റില്‍ സ്ലോട്ടുകള്‍ തുറക്കുന്നത്. ഗുണഭോക്താക്കള്‍ സ്വാഭാവികമായും കൂടുതലുള്ളതുകൊണ്ട് സ്ലോട്ടുകള്‍ പെട്ടെന്ന് ബുക്ക്ഡ് ആകാറുണ്ട്. സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്നതിനായി സൈറ്റ് ഇടയ്ക്കിടെ പരിശോധിക്കണം.

(7) രണ്ടാമത്തെ ഡോസ് എപ്പോഴാണെടുക്കേണ്ടത്?

കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസത്തിനു ശേഷം 112 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടതാണ്. കോവാക്സിന്‍ ആദ്യഡോസ് സ്വീകരിച്ച് 28 ദിവസത്തിനു ശേഷം 42 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം.

(8) രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുക്കാനുള്ള സമയ പരിധി കൂട്ടുന്നത് വാക്സിനേഷന്‍റെ ഫലപ്രാപ്തിയെ ബാധിക്കുമോ?

രണ്ടാമത്തെ ഡോസ് എടുക്കാനുള്ള ഇടവേള കൂടുന്നത് പ്രതിരോധ ശക്തിയെ ഗുണപരമായി സ്വാധീനിക്കുന്നുവെന്നുള്ള പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇടവേള തീരുമാനിക്കുന്നത്.

(9) ഒന്നാം ഡോസെടുത്ത കേന്ദ്രത്തില്‍ നിന്നും തന്നെ രണ്ടാമത്തെ ഡോസു മെടുക്കേണ്ടതുണ്ടോ?

നിര്‍ബന്ധമില്ല. രണ്ടാമത്തെ ഡോസ് കൃത്യസമയത്തെടുക്കാന്‍ സൗകര്യം ലഭിക്കുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്യാനാവും.

(10) കിടപ്പുരോഗികള്‍ക്ക് വാക്സിനെടുക്കാന്‍ എന്തു ചെയ്യണം?

ജില്ലയിലെ വയോജന കേന്ദ്രങ്ങളിലേക്കുള്ള വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വീടുകളിലെ കിടപ്പു രോഗികള്‍ക്കുള്ള വാക്സിനേഷനുള്ള നടപടികള്‍ നടന്നു വരുന്നു. കഴിയുന്നതും കിടപ്പു രോഗികളെ പരിചരിക്കുന്നവര്‍ രണ്ടു ഡോസ് വാക്സിനും സ്വീകരിക്കുക. കിടപ്പു രോഗികളുടെ സുരക്ഷയുറപ്പാക്കാന്‍ മറ്റ് അംഗങ്ങള്‍ കരുതലെടുക്കുക.

(11) കുഞ്ഞുങ്ങള്‍ക്ക് വാക്സിനേഷന്‍ ലഭിക്കുമോ?

കുഞ്ഞുങ്ങള്‍ക്ക് നിലവില്‍ വാക്സിനേഷന്‍ ലഭ്യമല്ല. വാക്സിന്‍ ട്രയലുകള്‍ നടന്നു വരുന്നു.

(12) കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് വാക്സിന്‍ എപ്പോഴെടുക്കാം?

കോവിഡ് പോസിറ്റീവ് ആയവര്‍ നെഗറ്റീവ് ആയി ആറുമാസത്തിനു ശേഷം വാക്സിന്‍ എടുക്കാനാവും.

(13) കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായി സ്വയം നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്ക് എപ്പോള്‍ വാക്സിനെടുക്കാനാവും?

സമ്പര്‍ക്കത്തിലായവര്‍ 7 ദിവസത്തെ സ്വയം നിരീക്ഷണത്തിന് ശേഷം ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്നുറപ്പാക്കിയ ശേഷം വാക്സിനെടുക്കുക.

(14) ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും വാക്സിനെടുക്കാനാവുമോ?

നിലവിലെ മാര്‍ഗ്ഗ രേഖ അനുസരിച്ച് ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും വാക്സിനെടുക്കാന്‍ കഴിയും.

(15) കോവിഡ് വാക്സിനെടുത്താല്‍ മറ്റ് രോഗങ്ങള്‍ക്കുള്ള വാക്സിന്‍ എടുക്കാന്‍ കഴിയുമോ?

കഴിയും. വാക്സിനുകള്‍ എടുക്കുന്നത് ഒരു മാസത്തെ ഇടവേളയിലായിരിക്കണം.

(16) വീട്ടിലെ ഒരംഗം കോവിഡ് പോസിറ്റീവ് ആകുമ്പോള്‍ രണ്ടു ഡോസ് വാക്സിനും എടുത്ത മറ്റ് അംഗങ്ങള്‍ എന്തൊക്കെ ശ്രദ്ധിക്കണം.

കോവിഡ് രോഗി ഹോം ഐസോലേഷനില്‍ കഴിയുന്നുണ്ടെങ്കില്‍ വാക്സിനെടുത്തവരാണെങ്കില്‍ പോലും വീട്ടിലെ അംഗങ്ങള്‍ രോഗിയുമായോ രോഗി ഉപയോഗിക്കുന്ന വസ്തുക്കളുമായോ സമ്പര്‍ക്കത്തില്‍ വരരുത്.

(17) രണ്ടു ഡോസ് വാക്സിനും എടുത്തു കഴിഞ്ഞാല്‍ കോവിഡ് രോഗത്തില്‍ നിന്നും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാനാവുമോ?

വാക്സിന്‍ രണ്ടുഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാല്‍ കോവിഡ് രോഗത്തിനെതിരെ മികച്ച പ്രതിരോധം ലഭിക്കും. എന്നാല്‍ വാക്സിനെടുത്താലും രോഗം വരാതിരിക്കാന്‍ മാസ്ക് ശരിയായി ധരിച്ച് കൈകള്‍ അണുവിമുക്തമാക്കി സാമൂഹിക അകലം പാലിച്ച് പ്രതിരോധ പാഠങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.

(18) രണ്ട് ഡോസ് വാക്സിനെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞവര്‍ക്കും രോഗം വരുന്നതെന്തുകൊണ്ടാണ്?

രണ്ട് ഡോസ് വാക്സിനെടുത്താലും പ്രതിരോധ മാര്‍ഗങ്ങള്‍ ശരിയായി പാലിക്കാതെ കോവിഡ് രോഗിയുമായി കൂടുതല്‍ സമയം അടുത്തിടപഴകിയാല്‍ രോഗം പിടിപെടും.

(19) രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് എങ്ങനെ സര്‍ട്ടിഫിക്കേറ്റ് ലഭിക്കും?

രജിസ്ട്രേഷന്‍ ചെയ്ത സൈറ്റില്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് ലഭ്യമാണ്. സര്‍ട്ടിഫിക്കേറ്റ് എന്നതില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റെടുക്കാന്‍ കഴിയും. ( വാക്സിനേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് 0477 2239999/ ദിശ 1056/ ദിശ 104 വിളിക്കുക.)

Leave a Reply

Your email address will not be published. Required fields are marked *