കുട്ടികളിലെ കോവിഡ് അനുബന്ധ പ്രശ്നങ്ങള്‍: ആറ് മാസത്തിനുള്ളില്‍ ഭേദമാവുമെന്നു പഠനം
ഹെൽത്ത് ഡെസ്‌ക്
ലണ്ടന്‍: കോവിഡ് ബാധിതരായ കുട്ടികളിലെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ണമായും മാറുമെന്ന് പഠനം. ലണ്ടന്‍ ആസ്ഥാനമാക്കി നടന്ന പഠനത്തിന്റെ വിശദാംശങ്ങള്‍ ഗാര്‍ഡിയന്‍ പത്രമാണ് പുറത്തുവിട്ടത്.
ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ കോവിഡ് കുട്ടികളില്‍ മാരകമാവുന്നില്ലെന്നാണ് വ്യക്തമാവുന്നത്. കോവിഡ് സ്ഥിരീകരിച്ച 60-70 ശതമാനം കുട്ടികളിലും ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരില്‍ 1-2 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് തീവ്രപരിചരണം ആവശ്യമായി വന്നത്. തീവ്രപരിചരണ ആവശ്യമുള്ള മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കണക്കുകള്‍ തീരെ കുറവാണ്.
ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന കുട്ടികളിലെ കോവിഡ് കേസുകള്‍ വളരെ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശ്വസിക്കുമ്പോവുണ്ടാവുന്ന വേദന, ഓര്‍മപ്രശ്‌നം, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതിരിക്കുക, ക്ഷീണം, ഛര്‍ദ്ദി, മസില്‍ വേദന, തൊണ്ട വേദന, തലവേദന, പനി, കണ്ണിന്റെ നിറം മാറല്‍, മൂക്കില്‍ നിന്ന് രക്തം വരുന്നത്, തളര്‍ച്ച തുടങ്ങിയവയാണ് കുട്ടികളിലുണ്ടാവുന്ന ദീര്‍ഘകാല ലക്ഷണങ്ങള്‍. കുട്ടികളിലെ കോവിഡ് മരണ നിരക്കും തീരെ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.