ഡ്രാക്കുള പ്രഭു വെജിറ്റേറിയനോ….?

ഡ്രാക്കുള പ്രഭുവിനെ അറിയാത്തവര്‍ ചുരുക്കമാണ്. വാമ്പയറുകളുടെ അധിപനും രക്തദാഹിയുമായ ഡ്രാക്കുളയെ ഒരു പേടിയോടുകൂടിയാണ് നമ്മളോരോരുത്തരും ഓര്‍ക്കുക. നിരവധി സിനിമകള്‍ ഡ്രാക്കുള പ്രഭുവിനെകുറിച്ച് വന്നിട്ടുണ്ട്. ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കറാണ് 1897 -ൽ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന നോവലിന്റെ രചയിതാവ്. മിത്ത് അനുസരിച്ച്, ഡ്രാക്കുള പ്രഭു വളരെ കരുത്തനും രക്തത്തോട് അടങ്ങാത്ത അഭിനിവേശമുള്ള ഒരാളും ആയിരുന്നു. ഡ്രാക്കുള കഥാപാത്രമായി വരുന്ന എല്ലാ സാങ്കൽപിക സൃഷ്ടിയിലും ഇത് കാണാം.

എന്നാൽ, ഒരു പഠനം പറയുന്നത് ശരിക്കും ഡ്രാക്കുള രക്തം കുടിക്കില്ലായിരുന്നു, ഒരു ശുദ്ധ വെജിറ്റേറിയൻ ആയിരുന്നു എന്നാണ് നോവലെഴുതുമ്പോൾ പതിനഞ്ചാം നൂറ്റാണ്ടിലെ യുദ്ധപ്രഭുവായ വ്ലാഡ് അദ്ദേഹത്തിന് പ്രചോദനമായിരുന്നത്രെ. തന്റെ ഡ്രാക്കുള കഥാപാത്രത്തെ 1400 -കളുടെ മധ്യത്തിൽ ജീവിച്ചിരുന്ന വ്ലാഡ് മൂന്നാമൻ രാജകുമാരനുമായിട്ടാണ് അദ്ദേഹം ബന്ധപ്പെടുത്തിയിരുന്നത്. നോവലിൽ വ്ലാഡിന് എഴുത്തുകാരൻ അതീന്ദ്രിയ ശക്തികൾ നൽകുകയും രക്തം കുടിക്കുന്ന ഒരാളാക്കി മാറ്റുകയും ചെയ്തു.

80,000 ആളുകളെയെങ്കിലും ഈ പ്രഭു കൊന്നിട്ടുണ്ട് എന്നാണ് പറയുന്നത്. അതിനാലായിരിക്കാം എഴുത്തുകാരൻ അയാളെ ഒരു രക്തദാഹിയാക്കിയത്. ഇപ്പോൾ ചില പഠനങ്ങൾ പറയുന്നത് അയാളുടെ ഭക്ഷണരീതികൾ വ്യത്യസ്തമായിരുന്നു എന്നാണ്. അയാൾ പച്ചക്കറികൾ മാത്രമേ കഴിച്ചിരുന്നുള്ളൂ എന്നും പഠനങ്ങൾ പറയുന്നു. 500 വർഷങ്ങൾക്ക് മുമ്പ് ഇയാൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുകളാണ് ഇതിലേക്ക് വിരൽ ചൂണ്ടുന്നത് എന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള പ്രസിദ്ധീകരിച്ച് 125 വർഷങ്ങൾക്ക് ശേഷം, ഒരു കത്തിൽ നിന്ന് രക്തം, വിയർപ്പ്, വിരലടയാളം, ഉമിനീർ എന്നിവ കണ്ടെത്തി പഠനവിധേയമാക്കിയിരുന്നു. 1475 ആഗസ്റ്റ് 4 -ന് എഴുതിയ ആ കത്തിൽ, “ട്രാൻസാൽപൈൻ പ്രദേശങ്ങളിലെ രാജകുമാരൻ” എന്നാണ് കത്തെഴുതിയയാൾ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. ആ കത്ത് സിബിയുവിലെ പൗരന്മാർക്കാണ് അയച്ചിരിക്കുന്നത്. താൻ ഉടൻ തന്നെ അവരുടെ ഗ്രാമത്തിലേക്ക് വരുമെന്നും കത്തിൽ പറയുന്നു. വ്ലാഡ് ഡ്രാക്കുള എന്നെഴുതിയാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കത്തിലെ ഉമിനീരും മറ്റും വിശദമായി പഠിച്ചതിൽ നിന്നും പ്രോട്ടീൻ തന്മാത്രകൾ കണ്ടെത്തി. അതെല്ലാം പ്രഭുവിന്റേതാണ് എന്നും കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *