ഹൃദയസ്തംഭനം; പ്രഥമ ശുശ്രൂഷ നല്‍കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം
ഡോ. അനുപ്രീയ ലതീഷ്
രക്തസമ്മര്‍ദം, പ്രമേഹം, പാരമ്പര്യം, പുകവലി എന്നിവയ്ക്ക് പുറമേ മനസിനേല്‍ക്കുന്ന ഷോക്കുകളും ഹൃദയസ്തംഭനത്തിലേക്ക് നയിക്കാം. പ്രഥമ ശുശ്രൂഷയ്ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടേണ്ട ഒരു രോഗാവസ്ഥയാണ് ഹൃദയസ്തംഭനം. ഭക്ഷണരീതി, ജീവിതശൈലി, ടെന്‍ഷന്‍ എന്നിവയൊക്കയാണ് ചെറുപ്പക്കാരിലും ഹൃദയസ്തംഭനം സംഭവിക്കുന്നത്.
ഏതുതരം ഹൃദയസ്തംഭനമായാലും നെഞ്ചുവേദനയിലാവും തുടങ്ങുന്നത്. ചിലപ്പോള്‍ നെഞ്ചുവേദനയ്‌ക്കൊപ്പം ഛര്‍ദിയും കാണപ്പെടാം. ഒരാള്‍ പെട്ടെന്ന് കുഴഞ്ഞ് വീഴുകയോ അബോധാവസ്ഥയിലാവുകയോ ചെയ്താല്‍ അയാള്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി സംശയിക്കാം.
ബോധം മറയുന്നതിന് മുന്‍പ് നെഞ്ചുവേദനയുടെയോ കൈകാല്‍ കഴപ്പിന്റെയോ സൂചനകളെന്തെങ്കിലും രോഗി പ്രകടിപ്പിക്കുകയാണെങ്കില്‍ മുന്‍പ് ഹൃദയസ്തംഭനം ഉണ്ടായിട്ടുള്ള ആളാണെങ്കിലും ഹൃദയസ്തംഭന സാധ്യത വളരെക്കൂടുതലാണ്.
ഏതുതരം അപകടാവസ്ഥയായാലും ബോധരഹിതനായ വ്യക്തിയില്‍ ആദ്യം പുനരുജ്ജീവനപ്രവര്‍ത്തനങ്ങളാണ് ചെയ്തുതുടങ്ങുക. വളരെ വേഗതയില്‍ത്തന്നെ എയര്‍വേ, ശ്വാസോച്ഛ്വാസം, രക്തചംക്രമണം അഥവാ പള്‍സ് തുടങ്ങിയവ ശരിയായവിധമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. താടിഭാഗം പിന്നിലേക്ക് ഉയര്‍ത്തി തല പിന്നിലേക്ക് ചരിയുന്ന രീതിയില്‍ വയ്ക്കുമ്പോഴാണ് എയര്‍വേ കൃത്യമായി തുറക്കുന്നത്.
നെഞ്ചുവേദനയ്‌ക്കൊപ്പം ഛര്‍ദിയും ഉണ്ടായ ശേഷമാണ് ബോധക്ഷയം സംഭവിച്ചതെങ്കില്‍ വായില്‍ ഛര്‍ദിയുടെ അവശിഷ്ടങ്ങളും അപകടം മൂലം ഇളകിയ പല്ലോ മറ്റോ ശ്വാസകോശത്തില്‍ കടക്കാനിടയുണ്ട്. അതിനാല്‍ തല പിറകിലേക്ക് ചരിച്ചുവയ്ക്കുന്നതിന് പകരം രോഗിയെ ചരിച്ചു കിടത്തണം.
രണ്ടാമത്തെ പരിശോധനയായ ശ്വാസോച്ഛ്വാസ പരിശോധനയി ല്‍ ശ്വാസോച്ഛ്വാസം നടക്കുന്നുണ്ടോ എന്ന് മൂക്കിനടിയില്‍ വിരലുകള്‍ ചേര്‍ത്തുവച്ച് പരിശോധിക്കണം. ശ്വാസോച്ഛ്വാസം നിലച്ചിരിക്കുകയാണെങ്കില്‍ പുനരുജ്ജീവനത്തിനായി കൃത്രിമ ശ്വാസോച്ഛ്വാസം കൊടുക്കണം.
കൃത്രിമ ശ്വാസോച്ഛ്വാസം കൊടുക്കുന്നതിന് മുന്‍പായി വായ് പരിശോധിച്ച് വായില്‍ കടന്നിരിക്കുന്ന ഛര്‍ദിയുടെയോ മറ്റോ അവശിഷ്ടങ്ങള്‍ എടുത്തുമാറ്റണം. കൃത്രിമശ്വാസോച്ഛ്വാസം വായിലൂടെയോ മൂക്കിലൂടെയോ മറ്റൊരാള്‍ ശ്വാസം ഊതിക്കയറ്റുന്നതുപോലെയാണ് ചെയ്യുന്നത്.
വായിലൂടെയാണ് ശ്വാസം നല്‍കുന്നതെങ്കില്‍ മൂക്കും, മൂക്കിലൂടെയാണെങ്കില്‍ വായും അടച്ചുപിടിച്ചിട്ടുവേണം കൃത്രിമമായി ശ്വാസം ഉള്ളിലേക്ക് ഊതാന്‍. രോഗി മറ്റു പല രോഗങ്ങളുമുള്ള വ്യക്തിയാവാം.മറ്റു ചിലപ്പോള്‍ ഹൃദയസ്തംഭന ലക്ഷണങ്ങളുടെ ഭാഗമായി ഛര്‍ദിച്ചുകഴിഞ്ഞ വ്യക്തിയോ ആകാം. കൃത്രിമശ്വാസോച്ഛ്വാസം കൊടുക്കുന്ന ആള്‍ക്ക് വായ വഴി രോഗങ്ങള്‍ പകരാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ ഒരു മാസ്‌കോ, കര്‍ച്ചീഫോ മറ്റോ ഉപയോഗിച്ച് വായ മൂടിയതിനു ശേഷം ശ്വാസം നല്‍കുക.
രക്തചംക്രമണം ശരിയായ രീതിയിലാണോ എന്നു പരിശോധിക്കുന്നതാണ് പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ അവസാന പരിശോധന.ഹൃദയമിടിപ്പ്, തല നെഞ്ചില്‍വച്ചോ അല്ലെങ്കില്‍ താടിയെല്ലിന് അടിയിലായുള്ള കരോട്ടിന്‍ പള്‍സോ അല്ലെങ്കില്‍ കൈത്തണ്ടയിലെ മിടിപ്പ് പരിശോധിച്ചോ ഹൃദയം രക്തം പമ്പ് ചെയ്യുന്നുണ്ടോ എന്ന് മനസിലാക്കാം.
ഹൃദയം രക്തം പമ്പ് ചെയ്യുന്നില്ലെങ്കില്‍ ഹൃദയത്തിന് പുറത്തുനിന്ന് മര്‍ദം ചെലുത്തി പ്രവര്‍ത്തിക്കേണ്ടതാണ്. ആശുപത്രിയിലെത്തുന്നതുവരെ മര്‍ദം ചെലുത്തുന്നത് തുടര്‍ന്നുകൊണ്ടിരിക്കണം.കാരണം ഹൃദയസ്തംഭനം നടന്നതിനുശേഷം ഉണ്ടാകാവുന്ന പേശീത്തകരാറുകള്‍ എത്ര വലിയ ചികിത്സ ചെയ്താലും പൂര്‍വസ്ഥിതി പ്രാപിക്കാറില്ല. ഒരിക്കല്‍ ഹൃദയസ്തംഭനം നടന്ന ആളിന്റെ ഹൃദയത്തിന് പഴയതുപോലെ രക്തം പമ്പ് ചെയ്യാനാവില്ല. ഇത്തരത്തിലുള്ള അവസ്ഥകള്‍ വീണ്ടും ഹൃദയസ്തംഭനം ഉണ്ടാകുന്നതിനും കാരണമാകാം.