യൂറോ കപ്പ് ; യുക്രെയിനെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ
യൂറോ കപ്പിൽ യുക്രെയിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് സെമിയിൽ. കളിയുടെ നാലാം മിനിറ്റിൽ ഇംഗ്ലണ്ട് ഗോൾവർഷം തുടങ്ങി. റഹിം സ്റ്റെർലിങ് യുക്രെയ്ൻ ഡിഫൻഡർമാർക്കിടയിലൂടെ നൽകിയ പാസ്
ബോക്സിനുള്ളിൽ സ്വീകരിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നിന്റെ മിന്നൽ ഷോട്ട്. യുക്രെയ്ൻ ഗോളി ഹിയറി ബുഷാനു പൊസിഷനിലാകാൻ പോലും സമയം കിട്ടും മുൻപേ പന്ത് വലയിൽ (1–0).
ആദ്യപകുതിയിൽ പിന്നീട് പ്രതിരോധിച്ചു
കളിക്കാൻ ശ്രമിച്ച ഇംഗ്ലണ്ട് രണ്ടാം പകുതിയിൽ ശൈലി മാറ്റി ആക്രമണം തുടങ്ങി. രണ്ടാം പകുതി തുടങ്ങി ആദ്യ മിനിറ്റിൽത്തന്നെ ഹാരി കെയ്നെ വീഴ്ത്തിയതിനു കിട്ടിയ ഫ്രീകിക്ക്. ലൂക്കാ ഷാ ഉയർത്തിവിട്ട പന്തിൽ
ബോക്സിനുള്ളിൽ യുക്രെയ്ൻ പ്രതിരോധക്കാരെ കബളിപ്പിച്ച് ഉയർന്നുചാടിയ ഹാരി മഗ്വയറിന്റെ ഹെഡർ (2–0).
4 മിനിറ്റിനകം കെയ്ൻ ഡബിൾ തികച്ചു. ഇത്തവണ, സ്റ്റെർലിങ് ലൂക്ക് ഷായുടെ നേർക്കു നൽകിയ ബാക്ക് ഹീൽ
പാസായിരുന്നു ഗോളിലേക്കുള്ള വഴി. ബോക്സിലേക്ക് ഓടിക്കയറിയ ഹാരി കെയ്നിനെ ലക്ഷ്യമാക്കി ഷായുടെ ക്രോസ്. യുക്രെയ്ൻ ഗോളി ബുഷാനെ നിഷ്പ്രഭനാക്കിയ ക്രോസ് റേഞ്ച് ഹെഡറിൽ കെയ്ൻ ലക്ഷ്യം കണ്ടു(3–0).
63–ാം മിനിറ്റിൽ അടുത്തത്. മേസൺ മൗണ്ടിന്റെ ബോക്സിലേക്കു വളഞ്ഞുവന്ന കോർണർ കിക്കിന് ജോർദാൻ ഹെൻഡേഴ്സൻ
പാകത്തിനു തലവച്ചു (4–0).
ഡെക്ലാൻ റൈസിനു പകരമിറങ്ങിയ ലിവർപൂൾ താരത്തിന്റെ ഇംഗ്ലണ്ട് ദേശീയ ജഴ്സിയിലെ ആദ്യ ഗോളുമായിരുന്നു ഇത്.
ഇംഗ്ലണ്ട് യൂറോ കപ്പിൻ്റെ സെമിയിലെത്തുന്നത് 25 വർഷങ്ങൾക്ക് ശേഷമാണ്.
ബുധനാഴ്‌ച രാത്രി ലണ്ടനിലെ ന്യൂ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ ഡന്മാർക്കാണ് ഇംഗ്ലീഷ് പടയുടെ എതിരാളികൾ.