ഇന്ന് മുതല്‍ മെറ്റയിലും കൂട്ട പിരിച്ചുവിടല്‍
ട്വിറ്ററിന് പിന്നാലെ മാർക്ക് സക്കർബർഗിന്റെ മെറ്റയും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്.50 ശതമാനം ജീവനക്കാരെയോളം ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. വരുമാന ഇടിവ് കാരണമായിരുന്നു ട്വിറ്ററിന്‍റെ പിരിച്ചുവിടൽ.ടെക് വ്യവസായം ഇപ്പോൾ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇത്തരത്തിലുള്ള നടപടികള്‍ സൂചന നല്‍കുന്നത്.
പിരിച്ചുവിടാൻ ഉദ്ദേശിക്കുന്ന ജീവനക്കാരുടെ എണ്ണം സക്കർബർഗ് സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ പിരിച്ചുവിടൽ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം നേരത്തെ സൂചന നൽകിയിരുന്നു. മെറ്റയിലെ പിരിച്ചുവിടൽ ഇന്ന് മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്‌തത് അനുസരിച്ച് ബുധനാഴ്‌ച മുതൽ മെറ്റാ പ്ലാറ്റ്‌ഫോമുകൾ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങും. വളർച്ചയെ കുറിച്ചുള്ള അമിതമായ പ്രതീക്ഷയാണ് ജീവനക്കാരുടെ എണ്ണം വർദ്ധിക്കാൻ കാരണമായതെന്നാണ് സക്കന്‍ബർഗിന്റെ വാദം.
അതേസമയം, ട്വിറ്ററിൽ നടന്നത് പോലെയുള്ള വലിയ അളവിലുള്ള പിരിച്ചുവിടൽ മെറ്റയിൽ ഉണ്ടാവില്ലെന്നാണ് വാഷിംഗ്‌ടൺ പോസ്‌റ്റ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കമ്പനിയിൽ ഇതുവരെ നടന്ന കൂട്ട പിരിച്ചുവിടലുകളിൽ ഏറ്റവും വലുതായിരിക്കും ഇതെന്നാണ് അറിയാൻ കഴിയുന്നത്. നിലവിൽ 87,000 ജീവനക്കാരാണ് കമ്പനിക്ക് ലോകമെമ്പാടുമുള്ളത്.
ചെറിയ വിഭാഗം ഉയർന്ന മുൻഗണനയുള്ള വളർച്ചാ മേഖലകളിലെ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അടുത്തിടെ ഒരു മെറ്റ വക്താവ് അറിയിച്ചത്. ജീവനക്കാരോട് അനാവശ്യ യാത്രകൾ ഒഴിക്കാൻ സീനിയർ മാനേജർമാർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഓഗസ്‌റ്റിൽ, തുടർച്ചയായ രണ്ട് സാമ്പത്തിക പാദങ്ങളിൽ കമ്പനി വരുമാനത്തിൽ ഇടിവ് റിപ്പോർട്ട് ചെയ്‌തതോടെ കൂട്ട പിരിച്ചുവിടലിന്റെ സൂചന സക്കർബർഗ് നൽകിയിരുന്നു.