ആർഭാട വിവാഹങ്ങളും പെൺജീവിതവും
ജിബി ദീപക് (എഴുത്തുകാരി, അദ്ധ്യാപിക)
നമ്മുടെ ഭാരതീയ സംസ്‌ക്കാരത്തിനുമേല്‍ നമ്മള്‍ ഓരോ ഭാരതീയനുംഅഭിമാനം കൊള്ളേണ്ടവരാണ്. കാരണം പ്രകൃതിയേയും, സ്ത്രീയേയും മാനിക്കുന്ന ഒരു സംസ്‌കാരമാണല്ലോ നമ്മുടേത്. സ്ത്രീ ജനനിയാണെന്നും, ദേവിയാണെന്നും സങ്കല്പിക്കുന്ന ഒരു സമൂഹം… സ്ത്രീയെ പൂജിക്കുന്നിടത്തേ ദേവത കുടിയിരിക്കൂ എന്ന് കരുതുന്ന ഒരു സംസ്‌കാരം… അതെ മറ്റുള്ള സംസ്‌കാരങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായതും, സ്ത്രീകുലത്തിന് പ്രാധാന്യം നല്‍കുന്നതുമായ ഒരു സംസ്‌കാരത്തിന്റെ ഉടമകളാണ് നമ്മളെന്നത് ഒരു പ്രധാന വസ്തുത തന്നെയാണ്.
സമൂഹത്തില്‍ ഇന്ന് സ്ത്രീകള്‍ക്കായി നിലകൊള്ളുന്ന നിയമങ്ങളുടെ കണക്കും വളരെ വലുതാണ്. സ്ത്രീ സമത്വവാദത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ എണ്ണവും കുറവല്ല. നിയമങ്ങളും, സംസ്‌കാരങ്ങളും സമൂഹത്തില്‍ നിലനില്‍ക്കുമ്പോഴും ഒരു വലിയ ചോദ്യം ഇവിടെ ഉയരുന്നു. സ്ത്രീകള്‍ ഇന്നും സുരക്ഷിതരാണോ? സമൂഹത്തില്‍, വീടുകളില്‍ അവര്‍ക്കുവേണ്ട പരിഗണനകള്‍ ലഭിക്കുന്നുണ്ടോ? ‘ഇല്ല’ എന്നാണ് ഉത്തരമെങ്കില്‍ പിന്നെ നാമെന്തിന് ഈ സംസ്‌കാരത്തിനുമേല്‍ പുളകം കൊള്ളണം? നിയമങ്ങള്‍ ഇവിടെ ഉണ്ടെന്ന് പറഞ്ഞുനടക്കണം.?
സ്ത്രീസമൂഹം ജനനം മുതല്‍ മരണം വരെ അനുഭവിക്കുന്ന ഒത്തിരിയേറെ പ്രശ്‌നങ്ങളുണ്ട്. ഒരു പെണ്‍കുട്ടി വളരുമ്പോള്‍ മുതല്‍ സമൂഹം അവള്‍ക്കുമേല്‍ അടിച്ചേല്പിക്കുന്ന ചില ധാരണകള്‍… ‘നീ പെണ്ണാണ്… തനിച്ച് പുറത്തിറങ്ങാന്‍ പാടില്ല… വീടിനകത്ത് ഉറക്കെ സംസാരിക്കാന്‍ പാടില്ല… ആര്‍ത്തവസമയത്ത് പുരുഷന്റെയൊപ്പം ഉറങ്ങാന്‍ പാടില്ല ,വീടിന്റെ ഉമ്മറത്ത് വന്നിരിക്കാന്‍ പാടില്ല,പുരുഷനുനേരെ ശബ്ദമുയര്‍ത്താന്‍ പാടില്ല… കൈചൂണ്ടി സംസാരിക്കാന്‍ പാടില്ല… ഇങ്ങനെയിങ്ങനെ എത്രയെത്ര ഉപദേശങ്ങള്‍ കൊണ്ടാണ് സമൂഹം ഒരു സ്ത്രീയെ പൊതിയുന്നത്. ‘ഈകാര്യങ്ങളെല്ലാം പഴയ സമൂഹത്തിന്റെ മുഖങ്ങളല്ലേ… ഇന്ന് സ്ത്രീയെത്ര ഉന്നമനം നേടിയിരിക്കുന്നു’ എന്ന ചിന്തയാണ് ഇപ്പോഴും നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്നുവെങ്കില്‍ ഞാനൊന്ന് ചോദിക്കട്ടെ….
സ്ത്രീകള്‍ വിദ്യകൊണ്ടും, തിരിച്ചറിവുകള്‍കൊണ്ടും ഉന്നമനം നേടിയെങ്കില്‍, നമ്മളിപ്പോള്‍ ചുറ്റും കേള്‍ക്കുന്ന വാര്‍ത്തകളുടെ പൊരുള്‍ എന്താണ്? വിസ്മയയും, അര്‍ച്ചനയും ഉത്രയുമെല്ലാം സ്ത്രീസമൂഹത്തിന്റെ രക്തസാക്ഷികളായതെങ്ങനെ?സ്ത്രീസമത്വത്തിനുവേണ്ടി അലമുറകൂട്ടുമ്പോഴും നമ്മുടെ ഭാരതീയ കുടുംബങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളുടെ കഥ കണ്ണും, ചെവിയും തുറന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഭര്‍ത്താവിനും, വീട്ടിലെ പുരുഷന്മാര്‍ക്കും നല്ലതും, പുതിയതുമായ ആഹാരം വിളമ്പി, പഴയത് വീട്ടുകാരിയായ നീ ഭക്ഷിക്കണമെന്ന് ഉപദേശിക്കുന്ന അമ്മായിയമ്മമാര്‍ ഉള്ള നാടാണീ ഭാരതം. കുടുംബത്തിന്റെ അധികാരം പുരുഷനാണെന്നും അവന്റെ ആജ്ഞയ്‌ക്കൊത്തു ജീവിക്കണമെന്നും, അവന്റെ ആക്രമങ്ങളെ, പുലഭ്യം പറച്ചിലുകളെ കണ്ടില്ലെന്നും, കേട്ടില്ലെന്നു ശീലിച്ച് ജീവിക്കണമെന്ന് പറയുന്ന നാടാണ് നമ്മുടെ ഭാരതം.
ഒന്നോര്‍ക്കുക, പഴയ .തലമുറയില്‍ :പ്പെട്ട സ്ത്രീകള്‍ അങ്ങനെ ജീവിച്ചുവെങ്കില്‍, ആ പാത തുടരുവാനുള്ളവരല്ല പുതുതലമുറയിലെ പെണ്‍കുട്ടികള്‍… മുതിര്‍ന്ന സ്ത്രീകളുടെ ഇത്തരം ഉപദേശങ്ങള്‍ തൃണവല്‍ക്കരിച്ചുകൊണ്ട്, സ്വന്തം അവകാശങ്ങളറിഞ്ഞ്… അതിനുവേണ്ടി, പൊരുതി ജീവിക്കേണ്ടവരാണ് നമ്മള്‍.
1961 ല്‍ പ്രാബല്യത്തില്‍ വന്ന നിയമമാണ് സ്ത്രീധനനിയമം. ഈ നിയമം പ്രകാരം ‘സ്ത്രീധനം വാങ്ങുകയോ, കൊടുക്കുകയോ ചെയ്യുന്നത് തെറ്റാണ്’ എന്നാണ്. 1961 ല്‍ വന്ന നിയമം നിയമമായിത്തന്നെ ഇവിടെ നിലകൊണ്ടു. കൊടുക്കുന്നവരുടെ എണ്ണവും, വാങ്ങുന്നവരുടെ എണ്ണവും യാതൊരു കുറവുമില്ലാതെ തുടര്‍ന്നു.
സ്വയം ചോദിക്കൂ… പിന്നെന്തിനാണിവിടെ നിയമങ്ങള്‍?
‘വിവാഹം’ എന്നത് ഇന്നിവിടെ ഒരു പൊങ്ങച്ചപ്രഹസനം മാത്രമായിരിക്കുന്നു. തന്റെ മകളുടെ വിവാഹം എത്രമേല്‍ ആഡംബരമായി നടത്താനാവുമോ അത്രയും ഗംഭീരമായി തന്നെ ഇവിടെ കൊണ്ടാടുന്നു. വിശേഷിച്ചും കേരളത്തില്‍.
ഓരോ വിവാഹവും വ്യക്തികളുടെ ,കുടുംബത്തിന്റെ അഭിമാനവിഷയമാകുന്നു. കടം വാങ്ങിയും, പലിശക്കെടുത്തും വിവാഹം എന്ന മാമാങ്കത്തിന് മലയാളി കോപ്പ് കൂട്ടുന്നു. തന്റെ മകള്‍ക്കിത്ര സ്ത്രീധനം നല്‍കിയെന്ന് പറയുന്നതില്‍ അഭിമാനം കണ്ടെത്തുന്നു. ഇല്ലാത്ത പണം കൂട്ടിയാണെങ്കിലും അവളെ സ്വര്‍ണ്ണത്താല്‍ മൂടി വേദിയില്‍ നിര്‍ത്തുമ്പോള്‍ അവളുടെ മാതാപിതാക്കള്‍ അഭിമാനത്താൽ രോമാഞ്ചം കൊള്ളുന്നു.
ഒരു കാര്യം വ്യക്തമാണ്.സ്ത്രീധനം ചോദിക്കുന്നവരുടെ രീതി ഇന്ന് മാറിയിട്ടുണ്ട്. ആവശ്യങ്ങളൊന്നും പെണ്‍വീട്ടുകാരുടെ മുന്നില്‍ നിരത്താതെ അവര്‍ മറ്റൊരുമാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നു. ‘നിങ്ങളുടെ മകള്‍ക്കുള്ളത് എന്താണെന്നുവെച്ചാല്‍ നിങ്ങള്‍ കൊടുത്തുകൊള്ളൂ… ഞങ്ങള്‍ അതിനൊന്നും എതിരല്ല.’ എന്നിട്ട് കല്യാണപന്തലില്‍ മകന്‍ ഭാര്യയാകാന്‍ പോകുന്നവളുടെ പണ്ടത്തിലേക്ക് നോക്കി അവന്റെ അച്ഛനമ്മമാര്‍ കണക്കുകള്‍ കൂട്ടുന്നു.
ദിവസങ്ങള്‍ കഴിയുന്തോറും വിവാഹ ആഡംബരങ്ങൾ, ആചാരങ്ങളുടെ പേരില്‍ ഇവിടെ ആഘോഷിക്കപ്പെടുകയാണ്. ‘ഹല്‍ദി’യെന്നു ‘ഗുലാബി’ യെന്നും, ‘ മെഹന്തിയെന്നുമൊക്കെ പറഞ്ഞുകൊണ്ട് മലയാളി പണക്കൊഴുപ്പ് പ്രദര്‍ശിപ്പിക്കുന്നു. കാശില്ലാത്തവനും ഇതൊക്കെകണ്ട് മനസ്സില്‍ ആശകള്‍ കൊരുത്തുന്നു. കടം വാങ്ങിയായാലും, പട്ടിണികിടന്നായാലും തന്റെ മകളുടെ വിവാഹവും ഇങ്ങിനെ നടത്തിയില്ലെങ്കില്‍ തനിക്ക് കുറച്ചിലാകുമെന്നോര്‍ത്ത് നിശ്വാസങ്ങള്‍ ഉതിര്‍ക്കുന്നു. ശരാശരി മലയാളിപോലും ഇന്ന് മക്കളുടെ വിവാഹത്തിനായി ചെലവിടുന്നത് ഭീമമായ തുകയാണ് എന്ന കാര്യം ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്.
നമ്മള്‍ എങ്ങോട്ടേക്കാണീ പോകുന്നത്. പൊങ്ങച്ചം കാണിക്കാന്‍ നമ്മള്‍ നമ്മുടെ മക്കളെ വിവാഹം എന്ന കളത്തിലേക്ക് ഇറക്കി നിര്‍ത്തുമ്പോള്‍ നമ്മള്‍ ഓര്‍ക്കണം… ഒരു ദിവസംകൊണ്ട് തീരുന്നതല്ല ജീവിതം. ദാമ്പത്യത്തിന്റെ അടിസ്ഥാനഘടകം എന്നുപറയുന്നത് പരസ്പര വിശ്വാസവും സ്‌നേഹവുമാണ്. അവിടെ പണത്തിനോ പണ്ടത്തിനോ പ്രാധാന്യമില്ല…. പണവും, പണ്ടവും ഇല്ലാതെ മനസ്സുകള്‍ നമ്മിലാണവിടെ ഇണചേരേണ്ടത്. കാമമല്ല മറിച്ച് സ്‌നേഹമാണവിടെ പ്രവര്‍ത്തിക്കേണ്ടത്.
വിവാഹമെന്നത് രണ്ട് വ്യക്തികള്‍ തമ്മില്‍ മാത്രമല്ല… രണ്ട് കുടുംബങ്ങള്‍ കൂടി തമ്മിലുള്ള ബന്ധം ഉറപ്പിക്കലാണ്. ബന്ധങ്ങളും, ബന്ധുക്കളും അവരുടെ ദാമ്പത്യജീവിതം കെട്ടുറപ്പുള്ളതാക്കി കൊടുക്കുന്നതില്‍ ,സഹകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവരുടെ വ്യക്തിപരമായ ജീവിതത്തില്‍ ഇടപെടലുകള്‍ നടത്തുന്നത് തീര്‍ച്ചയായും തെറ്റാണ്.
കുടുംബകോടതികളില്‍ വരുന്ന മുക്കാല്‍ ഭാഗം കേസുകളിലും ബന്ധുക്കളാണ് വില്ലന്മാരായത് എന്ന വസ്തുത വളരെ വ്യക്തമാണ്. മക്കളെ അവരുടെ ജീവിതം ജീവിച്ച് തീര്‍ക്കാന്‍ അനുവദിക്കുക. ഉപദേശങ്ങളാവാം… ഉപദ്രവകരമാവുന്ന ഉപദേശങ്ങളരുത്.
ഒരുവന്‍ ഒരു പെണ്ണിനെ വിവാഹം കഴിക്കാന്‍ പ്രാപ്തനാവുന്നെങ്കില്‍ മനസ്സുകൊണ്ടും അവനത് അംഗീകരിക്കേണ്ടതുണ്ട്. സ്വന്തം ജീവിതത്തിന്റെ തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ കഴിയുന്നവനായിരിക്കണം പുരുഷന്‍. അതിനര്‍ത്ഥം അവന്റെ ചുറ്റുമുള്ളവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കരുത് എന്നല്ല. കേള്‍ക്കുന്ന വാക്കുകളില്‍ നിന്ന് നല്ലത് കൊള്ളാനും, ചീത്ത തള്ളാനും കെല്പുള്ള പ വ്യക്തിത്വം കൈകൊണ്ടവനായിരിക്കണം പുരുഷന്‍ .സ്ത്രീയെ ബഹുമാനിക്കാന്‍ കഴിയുന്നവനായിരിക്കണം പുരുഷന്‍. അവളും ഒരു മനുഷ്യജീവിയാണെന്നും അവള്‍ക്ക് നോവുന്ന ഒരു ഹൃദയമുണ്ടെന്ന് അറിയുന്നവനായിരിക്കണം പുരുഷന്‍.
പുരുഷന്റെ ആട്ടും തുപ്പുംകൊണ്ട് കിടക്കേണ്ടവളല്ല. ഒരു സ്ത്രീയും. സ്ത്രീയേ… നിനക്കും ഒരു വ്യക്തിത്വം ഉണ്ട്. നീയത് എവിടെയും പണയംവെക്കാതിരിക്കുക. നിന്റെ അനുവാദമില്ലാതെ നിന്നെ തൊടുന്നവന്റെ കൈയില്‍ നീ പ്രഹരിക്കുക. പുലഭ്യം പറയുന്നവന്റെ നാവ് അറുത്ത് എടുക്കുക, നിന്നെ അടിമപ്പെടുത്താന്‍ ആഗ്രഹിക്കുന്നവനെ ചോദ്യം ചെയ്യാന്‍ ശീലിക്കുക.
വിവാഹം എന്ന മാമൂലില്‍ സ്വന്തം ജീവിതം കരുതികൊടുക്കാതിരിക്കുക… നിനക്ക് നിന്നില്‍ വിശ്വാസം ഉണ്ടെന്ന് ഉറപ്പുവരുത്തുക. ചേര്‍ന്നുപോകാന്‍ യാതൊരു നിവൃത്തിയുമില്ലയെന്നുകണ്ടാല്‍ താലിയുടെ പേരില്‍ ബലിയാടാവാതെ സ്വന്തം ജീവിതം സ്വയം ജീവിച്ചു തീര്‍ക്കാന്‍ ശ്രമിക്കുക… അസ്വാതന്ത്ര്യത്തിന്റെ കെട്ടുനൂലുകള്‍ പൊട്ടിച്ചെറിയാന്‍ മനസ്സിന് ധൈര്യം പകരുക… സ്വയം എരിഞ്ഞടങ്ങാതെ ഒരു അഗ്നിയായ് ആളി പടരുക…..