സൗരോർജ്ജത്തിന്‍റെ സുവർണ്ണയുഗം

വാസുദേവൻ തച്ചോത്ത്

മനുഷ്യ സംസ്കാരത്തിൻറെ വികാസത്തിന് സമാന്തരമായി ഊർജ്ജത്തിൻറെ ആവശ്യകതയും നിരന്തരമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.വിറകും, സസ്യ എണ്ണകളും ഇന്ധനമായി ഉപയോഗിച്ചിരുന്ന മനുഷ്യന്,സാങ്കേതിക വിദ്യകളുടെ
വികാസത്തിന്റെ പരിണതഫലമായി അപര്യാപ്തമായി തീർന്നപ്പോൾ, കൽക്കരിയും പെട്രോളിയവും, കുഴിച്ചെടുത്തു തങ്ങളുടെ ഊർജ്ജ ആവശ്യങ്ങളെ നിറവേറ്റാൻ തുടങ്ങി.എന്നാൽ ക്രമേണ ഇതും മനുഷ്യന് അപര്യാപ്തമായി തീർന്നു എന്ന് മാത്രമല്ല ഗുരുതരമായ അന്തരീക്ഷ മലിനീകരണത്തിനും വഴി തെളിയിച്ചു.പുതിയ ഊർജ്ജ ഉറവുകളെ കണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമത്തിനിടയിൽ ഒരു വസ്തുത മനസ്സിലാക്കാൻ കഴിഞ്ഞു, ഭൂമിയിലെ എല്ലാ ഊർജ്ജ സ്രോതസ്സുകളുടെയും ഉറവിടം അടിസ്ഥാനപരമായി സൂര്യൻ തന്നെയാണ് എന്ന്.

കൽക്കരിയിലും പെട്രോളിയത്തിലും സംഭരിക്കപ്പെട്ടിട്ടുള്ള, ഉർജ്ജം നൂറ്റാണ്ടുകൾക്കു മുന്നേ സൂര്യനിൽ നിന്ന് ലഭിച്ചതുതന്നെയാണ്.തിരമാലകളിൽ നിന്നും കാറ്റിൽ നിന്നും എല്ലാം വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുമെങ്കിലും ഈ പ്രതിഭാസങ്ങൾക്ക് എല്ലാം പുറകിൽ പ്രവർത്തിക്കുന്ന ശക്തി സൗരോർജം തന്നെയാണ്. കൽക്കരിയിൽ നിന്നും പെട്രോളിയത്തിൽ നിന്നും ഊർജ്ജം പുറത്തെടുക്കുമ്പോൾ ഹാനികരമായ പല രാസവസ്തുക്കളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. എന്നാൽ സൗരോർജത്തെ നേരിട്ട് ഉപയോഗിക്കുമ്പോൾ പ്രകൃതി മലിനീകരണം തീരെ സംഭവിക്കുന്നില്ല എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം സോളാർ പാനലുകൾ സാധാരണക്കാർക്ക് പരിചിതമായത് .
അടുത്ത കാലഘട്ടത്തിലാണ് എന്നിരുന്നാലും.ഇതിൻറെ ചരിത്രം ആരംഭിക്കുന്നത് .ഏകദേശം ഒന്നേ മുക്കാൽ നൂറ്റാണ്ടുകൾ മുന്നേ 1839 ൽ എഡ്മണ്ട് ബെകുറേൽ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഫോട്ടോ വോൾട്ടിക് എഫക്ട് എന്ന പ്രതിഭാസം കണ്ടുപിടിച്ചു ലോകത്തിന് വിശദീകരിച്ചു തന്നപ്പോഴാണ്..

1883 ൽ ചാൾസ് ഫ്രിറ്റസ് എന്ന അമേരിക്കൻ ശാസ്ത്രജ്ഞനാണ് ആദ്യമായി സെലീനിയം ഉപയോഗിച്ച് സോളാർ സെൽ നിർമ്മിക്കുന്നത്. അന്ന് അതിൻറെ കാര്യക്ഷമത ഒന്നു മുതൽ 2 ശതമാനം വരെ മാത്രമായിരുന്നു. എന്നാൽ പിന്നീടുള്ള നിരവധി ഗവേഷകരുടെ നിരന്തരമായ കഠിനപ്രയത്നത്താൽ ഇന്ന് അത് ഏകദേശം 20മുതൽ 25 ശതമാനം വരെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

മോണോ ക്രിസ്റ്റലീൻ, പോളി ക്രിസ്റ്റലീൻ, എന്നിങ്ങനെ രണ്ട് സാങ്കേതിക വിദ്യകളാണ് ഇന്ന് സോളാർ പാനലുകളിൽ ഉപയോഗിക്കപ്പെടുന്നത്ഇവയിൽ ഏറ്റവും കാര്യക്ഷമത ഉള്ളത് മോണോ ക്രിസ്റ്റലീൻ ആണ്.നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളുടെ നേട്ടങ്ങളാൽ സോളാർ സെല്ലുകളുടെ വിലയിലും കാര്യമായ ഇടിവ് തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത് പ്രകൃതി സ്നേഹികളെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷ ജനകമായ വസ്തുതയാണ്.നമ്മുടെ രാജ്യമായ ഇന്ത്യ ഏറ്റവും കൂടുതൽ സൗരോർജ്ജം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ്. ISRO യുടെ പഠനപ്പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ലഭിക്കുന്ന സംസ്ഥാനങ്ങൾ, ഗുജറാത്തും രാജസ്ഥാനുമാണ്. എന്നിരുന്നാലും നമ്മുടെ കേരളത്തിലും ഒരു വർഷത്തിൽ ശരാശരി 300 ദിവസം. പൂർണമായും സൗരോർജം ലഭിക്കുന്നുണ്ട്.

വൈദ്യുതി വാഹനങ്ങളുടെ പ്രചാരം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വൈദ്യുതിയുടെ ആവശ്യകത കുത്തനെ ഉയരുവാനുള്ള സാധ്യതയും കൂടിക്കൊണ്ടിരിക്കുകയാണ്.രാജ്യത്തുടനീളം ദേശീയപാതകളുടെ നിർമ്മാണം ധൃതഗതിയിൽ നടന്നു കൊണ്ടിരിക്കുകയാണല്ലോ ഇപ്പോൾ .ഈ ഹൈവേ കൾക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുകയാണെങ്കിൽ, ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാവൂന്നതാണ്.


ഇതു പോലെത്തന്നെ റെയിൽവേ ട്രാക്കുകളുടെ മുകളിലും വൈദ്യുതി പാനലുകൾ സ്ഥാപിക്കുകയാണെങ്കിൽ, കൃഷിയിടങ്ങളും, മറ്റുമനുഷ്യവാസ സ്ഥലങ്ങൾക്കും കൊട്ടം തട്ടാതെ, വൈദ്യുതി ഉൽപാദനം നടത്താവുന്നതാണ്, എന്നാണ് ഈ ലേഖകന്റെ ഒരു എളിയ നിർദ്ദേശം സോളാർ പാനലുകളുടെ ഏറ്റവും വലിയ ന്യൂനത ഇതിന് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്നത് പകൽ സമയങ്ങളിൽ മാത്രമാണ് എന്നതാണ്. (ഏകദേശം 2335 മണിക്കൂർ പ്രതിവർഷം)ബാക്കി സമയങ്ങളിൽ ഇതിനെ ഉപയോഗിക്കുവാനായി, സൗരോർജത്തെ ബാറ്ററികളിൽ സംഭരിച്ചു വെക്കേണ്ടി വരുന്നു. ബാറ്ററികളുടെ ചാർജിങ് ഡിസ്ചാർജിങ് ലോസ് 15 മുതൽ 20 ശതമാനം വരെയാണ്.


അതിനുപുറമേ ബാറ്ററികളുടെ കനത്ത വിലയും, അതിന്റെ പരിമിതമായ ജീവിതകാലവും. ഈ പ്രശ്നത്തിന് കാര്യക്ഷമമായ പരിഹാരം കണ്ടെത്താൻ ശാസ്ത്രലോകം കഠിന പ്രയത്നം നടത്തിക്കൊണ്ടിരിക്കുകയാണ്.ഇന്നുള്ള 20 -25 ശതമാനം കാര്യക്ഷമതയുള്ള സോളാർ പാനലു കളുടെ സ്ഥാനത്തു,90 ശതമാനംവരെ കാര്യക്ഷമതയുള്ള സോളാർ സെല്ലുകളും ഭാവിയിൽ നിർമ്മിക്കപ്പെടുമെന്നാണ് കമ്പ്യൂട്ടർ സ്റ്റിമുലേഷനുകൾ പ്രവചിക്കുന്നത്.വരാനിരിക്കുന്ന അന്തരീക്ഷ മലിനീകരണം ഇല്ലാത്ത യുഗം സോളാർ എനർജി യുടെ തന്നെയായിരിക്കും..

Leave a Reply

Your email address will not be published. Required fields are marked *