ഗൗരിയുടെ ലോകം. 2.
ഗീത പുഷ്കരന്‍
പുടവകൊട ചടങ്ങിന് ഇനി ഒരേ ഒരു പകലും രാത്രിയും കൂടി .ഗൗരി കണക്കുകൂട്ടി.
തുന്നൽക്കാരൻ കൈമ്മൾ ചേട്ടൻ നല്ല നാലു നീളൻ കുപ്പായങ്ങളും അരിക് അടിച്ച
പുളിയിലക്കരനേര്യതുകളും ഒറ്റമുണ്ടുകളും
ഇരട്ടതോർത്തുകളും എത്തിച്ചിട്ടുണ്ട്.
കൃഷ്ണനാചാരി രണ്ടു കാപ്പും ഒരു പറ്റക്കെട്ടും ഒരു ഗോതമ്പുമണി മാലയും
എത്തിച്ചിട്ടുണ്ട്.
ഒന്നുകൂടി ഗൗരി പുലർച്ചെയുള്ള പുരയിട സന്ദർശനം നടത്തി.ഇലഞ്ഞിപ്പൂമെത്തയിൽ
ഒന്നു കൂടിയവർ ഒന്നു ചേർന്നു ..
സ്വരമിടറാതെ കണ്ണു നനയാതെ പെണ്ണവൾ
സ്നേഹിച്ചു പോയവനോടു യാത്ര പറഞ്ഞു.
പിറ്റേന്നു രാത്രി പെട്രോമാക്സിന്റെ വെളിച്ചത്തിൽ വരനെ ഒരു നോക്കു കണ്ടു അവൾ.
ഓപ്പയും മാമനും ചിറ്റമ്മയും കാവൽഭടന്മാരുടെ വേഷമില്ലാതെ കാവൽ നിന്നു.
പുടവ ഏറ്റുവാങ്ങിയപ്പോൾ കൈകൾ വിറച്ചു.
മുറ്റത്തെ പനിനീർച്ചാമ്പ മരത്തിലെ രാപ്പാടി
വിഷാദാർദ്രമായി പാടുന്ന പോലെയവൾക്കു
തോന്നി. തൊണ്ടയിലെന്തോ തടയുന്നതും
ഉമിനീർ വറ്റുന്നതും ശരീരം പൂക്കുല പോലെ
വിറക്കുന്നതും അവളറിഞ്ഞു.
പതറാൻ പാടില്ല എന്നവൾ സ്വയം താക്കീതു ചെയ്തു.
ആചാരപ്രകാരം പുടമുറി ദിവസം പെണ്ണിന്റെ തറവാട്ടിൽത്തന്നെയാവാം താമസം.
തറവാടിന്റെ അവകാശി പെണ്ണായതിനാൽ
പ്രത്യേകിച്ചും.
ഗൗരി മണിയറയിലെ ആടുകട്ടിലിൽ
അണിഞ്ഞൊരുങ്ങി കാത്തിരുന്നു.
നായർ ഒട്ടും മുഷിഞ്ഞില്ല. അവൾക്കു
വേണ്ടിയിരുന്നതും അതായിരുന്നു.
ആദ്യരാത്രി ശുഭപര്യവസായിയായി.
പിറ്റേന്നു പുലർച്ചെ നായർ സ്വന്തം വീട്ടിൽ പോയി.
ഇടക്ക് ഒന്നോ രണ്ടോ ദിവസം അന്തിയുറങ്ങാനെത്തി.കടമ നിറവേറ്റി.
ഉണ്ണിയുണ്ടാകാൻ യോഗമുണ്ടായി ഗൗരിക്ക്.
ഉണ്ണിയെ കാണാൻ വന്ന നായരോട്
ഗൗരി പറഞ്ഞു…
മേലിലിവിടെ വന്നേക്കരുത്.
ഈ കുഞ്ഞ് നിങ്ങളുടേതല്ല.
അന്തം വിട്ടു നിന്ന നായരോട് അവൾ വീണ്ടും പറഞ്ഞു ..
ചതിക്കണമെന്ന് വിചാരിച്ചിട്ടല്ല.
ഞാൻ ആവുന്നത്ര പറഞ്ഞതാണ് എനിക്കീ
വിവാഹം വേണ്ടായെന്ന്.
നിങ്ങളും എന്നോടു ചോദിച്ചോ എന്റെയിഷ്ടം?
ഇല്ലല്ലോ.
നിങ്ങൾ വേറെ വിവാഹം കഴിച്ചോളു.
ഞാനിനി ജീവിതകാലം മുഴുവൻ ഒറ്റക്കായിരിക്കും. നാട്ടുകാരെ ബോധ്യപ്പെടുത്തി ഒരച്ഛൻ എന്റെ
കുഞ്ഞിനു വേണമായിരുന്നു.
അവകാശത്തിനു വരാനല്ല.
ഓപ്പയുടെ സമാധാനത്തിന് ..
കുടുംബാഭിമാനത്തിന്.
എന്നോടു പൊറുത്തേരേ..
നായർ തിരിഞ്ഞു നടന്നു..
ഒരിക്കലും ആരോടും ഒന്നും പറഞ്ഞില്ല.
അഭിമാനമാണല്ലോ പ്രശ്നം,
നായരും അഭിമാനം കാത്തു സൂക്ഷിച്ചു ..
സ്വയം ഉപേക്ഷിച്ചു പോയതാണ് ന്ന് ഒരു കള്ളം .
ആ കള്ളത്തിൽ രണ്ടു തറവാടിന്റെ അഭിമാനം നട്ടെല്ലു നിവർത്തി നിന്നു.
തുടരും
ആദ്യ ഭാഗം വായിക്കാന്‍