അപൂർണ്ണ പ്രണയത്തിലെ കഥാനായിക-3

അദ്ധ്യായം മൂന്ന്

ശ്രീകുമാര്‍ ചേര്‍ത്തല

യൂത്ത് ഫെസ്റ്റിവലിന് ഞാൻ “സുഭാഷ് ചന്ദ്രബോസ്” എന്ന നാടകം എഴുതി അവതരിപ്പിച്ചു. അഭിനയിക്കാൻ ആളെ കിട്ടാതെ, ഞാൻ ഗാന്ധിജിയായി വേഷമിടുകയും ചെയ്തു. അവസാന രംഗത്തിൽ സ്റ്റേജിൽ മുകേഷ് ആയിരുന്നു. അവൻ ഡയലോഗ് മറന്നു പോയി. കാണികൾ കൂവി, കർട്ടനിടേണ്ടി വന്നു.
            പിറകിൽ വന്ന് അവൻ എന്നോട് കയർത്തു. “കടിച്ചാൽ പൊട്ടാത്ത ഡയലോഗൊക്കെ എഴുതിവച്ചാ എങ്ങനെ ഓർക്കാനാ. ഇംഗ്ലീഷ് എസ്സെ കാണാപ്പാഠം പഠിക്കാൻ ഇത്ര ബുദ്ധിമുട്ടില്ലല്ലോ”
      പെട്ടെന്ന് ആതിര അവിടെ വന്നു. “ഇത് കണ്ണൻ എഴുതിയതാണോ?”

                                   “അതെ”
    “നന്നായിട്ടുണ്ട്. ഗാന്ധിജിയുടെ വേഷവും ഗംഭീരമായി., പിന്നേ, ഈ ഡയലോഗ് പറയാനറിയാതെ, തെറ്റിക്കുന്നവരെ അഭിനയിപ്പിക്കാതിരിക്കുന്നതാ ഭേദം.” മുകേഷിനെ അടിമുടി നോക്കി അവൾ പറഞ്ഞു.
       പിന്നീടൊരിക്കൽ ഞങ്ങൾ ആൺകുട്ടികൾ കള്ളനും പോലീസും കളിക്കുകയായിരുന്നു. പിറകിലേക്കു നോക്കി ഓടി വന്ന ഞാൻ ആതിരയുമായി കൂട്ടിയിടിച്ച് വീണു. ജാള്യത്തോടെ ഞങ്ങൾ ഇരുവരും എഴുന്നേറ്റു, ദേഹത്തു പറ്റിയ പൊടി തൂത്തുകൊണ്ടിരുന്നപ്പോൾ മുകേഷ് എന്നെ പിടിച്ചു വലിച്ച് കാറ്റാടിക്കൂട്ടത്തിനിടക്ക് കൊണ്ടു പോയി.
” നിനക്ക് എന്റെ ലൈനെ മാത്രമേ ഇടിച്ചിടാൻ കണ്ടൊള്ളോ. സത്യം പറ…നീ അവളെ മന:പൂർവം തട്ടിയിട്ടതല്ലേടാ.”
       ” ഞാൻ മനസാ, വാചാ കർമ്മണാ അറിഞ്ഞതല്ലെടാ. നീ സംശയിക്കരുതേ” ഞാൻ അവന്റെ കൈ പിടിച്ച് പറഞ്ഞു.
      അന്ന് വൈകുന്നേരം സ്കൂൾ വിട്ടു കഴിഞ്ഞ് സ്കൗട്ട് പ്രോഗ്രാം ഉണ്ടായിരുന്നു. പ്രോഗ്രാമിനു ശേഷം ഞങ്ങൾ രണ്ടു മൂന്നു പേർ മാത്രം ക്ലാസിൽ അവശേഷിച്ചു .
മുകേഷ് പറഞ്ഞു.
       “ഞാൻ ആതിരയെ പല രീതിയിൽ വളക്കാൻ നോക്കിയിട്ടും അവൾ വളയുന്നില്ല. പാട്ടുപാടി നോക്കി, സൈറ്റടിച്ചു. നോ റെസ്പോൺസ്. ലെറ്റർ കൊടുക്കാൻ ധൈര്യമില്ല. ഇനി ഒരേയൊരു വഴിയേയുള്ളു.”
              “എന്തു ചെയ്യാനാ പ്ലാൻ?”

    അവൻ ആതിരയും കൂട്ടുകാരും ഇരിക്കാറുള്ള ബെഞ്ചിനടുത്തെത്തി. അടുത്തു കിടന്ന ചോക്കു കഷണം എടുത്ത് അവൻ ബെഞ്ചിനു മേൽ എഴുതി.
                       “എനിക്ക് ആതിരയെ ഇഷ്ടമാണ്”
ഒന്നുകൂടി ആലോചിച്ച് അവൻ അത് മായ്ച്ച്, വീണ്ടും എഴുതി.
” ഞാൻ ആതിരയെ പ്രേമിക്കുന്നു”
                 ഞാൻ അവനെക്കേറിപ്പിടിച്ചു.
          ” എടാ, ഇത് പുലിവാലാകുമേ..നീ എന്തു ധൈര്യത്തിലാ ഇതു ചെയ്തത്?”
 “നീ പോടാ… അതിന് ഞാൻ എന്റെ കയ്യക്ഷരത്തിലല്ലല്ലോ എഴുതിയത്. കൈപ്പട മാറ്റിയത് നീ കണ്ടില്ലേ?”
           ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ ശരിയാണ്. മുകേഷിന്റെ കയ്യക്ഷരമല്ല. ഏതാണ്ട് എന്റേത് പോലെ.
   ” എടാ, ഇത് എന്റെ കൈപ്പട പോലുണ്ടല്ലോ?. എനിക്ക് നീ പണി തരുമോ? നിന്റെ പേര് കൂടി എഴുതിച്ചേർക്ക്. “
       “പോടാ, പേരെഴുതിയാൽ പണി കിട്ടും.” അവൻ ബെഞ്ചെടുത്ത് തല കീഴായി മറിച്ചിട്ടു. ഞങ്ങൾ വീട്ടിലേക്കു തിരിച്ചു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *