മുടിക്ക് ഉള്ളു കൂടാനും കരുത്ത് വർദ്ധിക്കാനും ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ

മുടി സംരക്ഷണം കാലാവസ്ഥയ്ക്ക് അനുസൃതമായി മാറ്റി കൊണ്ടിരിക്കണം. ഈർപ്പം കൂടുതലുള്ള കാലാവസ്‌ഥയിൽ ഒട്ടൽ അനുഭവപ്പെടാം. അതുപോലെ മുടി നിർജ്‌ജീവമാവുകയും ചെയ്യും. താരൻ ആണ് മറ്റൊരു പ്രശ്നം. തുടർന്ന് മുടി കൊഴിച്ചിലും ഉണ്ടാവും. ഇനി വെള്ളത്തിൽ ക്ലോറിൻ അടങ്ങിയിട്ടുണ്ടെങ്കിൽ മുടിയിഴകളെ ഗുരുതരമായി ബാധിക്കും. അതു കൊണ്ട് തന്നെ മുടിയുടെ പരിചരണം അത്യാവശ്യം ആണ്.


മുടിയുടെ രീതി അനുസരിച്ച് വേണം ഹെയർ പ്രൊഡക്‌ട്സ് തെരഞ്ഞെടുക്കാൻ. അനുയോജ്യമായവ തന്നെ ഉപയോഗിച്ചാൽ മുടിയ്‌ക്ക് നല്ല തിളക്കം ലഭിക്കും. മഴക്കാലത്ത് മുടി കൂടുതലായി കഴുകുന്നത് നല്ലതല്ല എന്നാണ് ചിലർ കരുതിയിരിക്കുന്നത്.

പക്ഷ അത് നന്നല്ല, മുടി ഏതു കാലാവസ്ഥയിലും കഴുകേണ്ടത് ആവശ്യമാണ്. ആഴ്‌ചയിൽ മൂന്നു തവണ ഷാംപൂ നിർബന്ധമായും ഉപയോഗിക്കുകയും വേണം. അതിനായി ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ തെരഞ്ഞെടുക്കാം. പതിവായി കേശം വൃത്തിയാക്കുക വഴി മൃതകോശങ്ങളും അഴുക്കും നീക്കം ചെയ്യാം. സ്‌കാൽപ് വൃത്തിയാവുകയും ചെയ്യും.

മുടി കണ്ടീഷൻ ചെയ്യേണ്ടതും ഏറ്റവുമാവശ്യമാണ്. കണ്ടീഷണർ മുടി വേരുകളിലല്ലാതെ മുടിയുടെ അറ്റം വരെ പുരട്ടുക. മുടിയ്‌ക്ക് നല്ല മൃദുലതയും ബലവും കിട്ടും. അവോക്കാഡോ, റോസ് മേരി (മഗ്‌നോലിയ ബ്ലാസം) എന്നിവ ചേർന്ന ഷാംപൂ അതിനായി തെരഞ്ഞെടുക്കുക. അത് മുടിയ്‌ക്ക് ഉള്ള് തോന്നിപ്പിക്കുമെന്ന് മാത്രമല്ല തിളക്കവും പകരും. എപ്പോഴും മുടിയിൽ നനവും ഈർപ്പവും നിറഞ്ഞു നിൽക്കുന്നതിനാൽ മുടിയ്‌ക്ക് തീരെ തിളക്കമില്ലാതെ കാണപ്പെടാം. ഒപ്പം നിർജ്‌ജീവവുമാകാം. മുടിപൊഴിച്ചിൽ പോലെയുള്ള പ്രശ്നമുള്ളവർ പല്ലകന്ന ചീപ്പു കൊണ്ട് മുടി ചീകുക. മുടിയ്‌ക്ക് നല്ല കരുത്തും ബലവും ലഭിക്കാൻ റഗുലർ സ്‌പാ ട്രീറ്റ്‌മെന്‍റ് എടുക്കാം. സ്‌കാൽപ് വരണ്ടിരിക്കുകയോ ഈർപ്പവും അഴുക്കും തങ്ങിനില്‌ക്കുകയാണെങ്കിലോ വെളിച്ചെണ്ണ ഇളം ചൂടോടെ സ്‌കാൽപിലും മുടിയിലും തേച്ചുപിടിപ്പിക്കണം. ഇത് രക്‌തസഞ്ചാരം വർദ്ധിപ്പിക്കും. താരൻ പോലെയുള്ള പ്രശ്നങ്ങൾ അകലും.

മുടിയിൽ ഈർപ്പം തങ്ങിനിൽക്കുന്ന സമയമായതിനാൽ പ്രായോഗികമായ ഒരു ഹെയർ സ്‌റ്റൈൽ രീതി അവലംബിക്കുകയാണ് വേണ്ടത്. മുടിയുടെ നീളം കുറയ്‌ക്കുക. അതുവഴി കേശപരിചരണം എളുപ്പമുള്ളതാകും. മുടിയുടെ ക്രിപ്പിംഗ്, കേളിംഗ് അല്ലെങ്കിൽ സ്‌ട്രെയിറ്റനിംഗ് തൽക്കാലം ഒഴിവാക്കാം. കാരണം ഈർപ്പമുള്ള മുടിയിൽ ഇതത്ര ഭംഗിയുള്ളതാവണമെന്നില്ല. സ്‌പ്രേ, ജെൽ എന്നിവ ഒഴിവാക്കാം. ശിരോചർമ്മവുമായി ഇത് ഒട്ടിച്ചേർ ന്നാൽ താരൻ പ്രശ്നമുണ്ടാകും. ബ്ലോ ഡ്രൈയും ഒഴിവാക്കുക. അല്ലെങ്കിൽ മുടി ഒന്നുകൂടി വരണ്ടതും ദുർബലവുമാകും. പാർട്ടികളിൽ പങ്കെടുക്കാൻ പോകുമ്പോൾ മുടി ലൂസായി ഇടുന്നതിന് പകരം പുട്ടപ്പ് ചെയ്യുകയോ ഫ്രഞ്ച് നോട്ട് സ്‌റ്റൈൽ അവലംബിക്കുകയോ ചെയ്യാം. മുടി പൊട്ടുന്നത് തടയാൻ സന്തുലിതവും പ്രോട്ടീൻ അടങ്ങിയതുമായ ഭക്ഷണരീതി അവലംബിക്കുക. പാൽ, പാലുല്‌പന്നങ്ങൾ (തൈര്, പനീർ, വെണ്ണ) സോയാബീൻ, മുളപ്പിച്ച ധാന്യങ്ങൾ, മുട്ട എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് മുടിയ്‌ക്ക് ആന്തരികമായി കരുത്തും സൗന്ദര്യവും പോഷണവും പകരും. ഒപ്പം പച്ചക്കറികളും ഫലങ്ങളും ധാരാളം കഴിക്കുക. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

മുടിയ്‌ക്ക് വലിയ ചെലവില്ലാതെ സൗന്ദര്യവും കരുത്തും പകരാൻ ചില പൊടിക്കൈ പ്രയോഗങ്ങളുമുണ്ട്. 2 സ്‌പൂൺ ഒലിവ് ഓയിലിൽ ഒരു ടീസ്‌പൂൺ തേൻ ചേർത്ത് ഇളം ചൂടോടെ സ്‌കാൽപിൽ തേച്ചുപിടിപ്പിക്കുക. 15-20 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. ഈ ഹെയർ മാസ്‌ക് മുടിയെ കണ്ടീഷണിംഗ് ചെയ്യുന്നതോടൊപ്പം തിളക്കവും പകരും. ഒരു വാഴപ്പഴം നന്നായി ഉടച്ചതിൽ ഒലിവ് ഓയിൽ ചേർത്ത് മുടിയിൽ പുരട്ടുക. 15 മിനിറ്റിനു ശേഷം മുടി ഷാംപൂ പുരട്ടി കഴുകണം. മുടിയ്‌ക്ക് മൃദുലത പകരാൻ യോജിച്ച ഒരു മാസ്‌ക്കാണിത്. അല്‌പം കടലമാവിൽ ഒരു മുട്ടയുടെ വെള്ളയും വിനാഗിരിയും ചേർത്ത് മുടിയിൽ പുരട്ടുക. 20 മിനിറ്റിനു ശേഷം മുടി കഴുകാം. മുടിയ്‌ക്ക് മൃദുലതയും തിളക്കവും പകരാൻ ഉത്തമമാണീ മാസ്‌ക്.

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം ആണ് ഉറക്കം.
അതു പോലെ എല്ലാ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് ഡീപ്പ് കണ്ടീഷണിംഗ് ചെയ്യുക, 20 മിനിറ്റ് നേരമെങ്കിലും ഇത് തലയിൽ നിലനിർത്തണം. മുടിയുടെ ഉള്ള് കൂടാൻ ഇത് നല്ലതാണ്.


ഏത് കാലവസ്ഥയിൽ ആണെങ്കിലും കുളി കഴിഞ്ഞാൽ ടവ്വലു കൊണ്ട് തല കെട്ടിവയ്‌ക്കാൻ മറക്കരുത്. നനഞ്ഞ മുടി ഉണക്കിയ ശേഷം ചീപ്പുകൊണ്ട് (പല്ലകന്ന കോംപ് ആകണം) ജഡ കളഞ്ഞ് ചീകുക. നനവുള്ള മുടിയിൽ താരൻ വളരാൻ സാധ്യത ഉണ്ട്. മുടി പൊട്ടാനും കാരണമായേക്കാം.അതു പോലെ നനഞ്ഞ മുടി അഴിച്ച് മാത്രം ഇടുക.മുടിയുടെ കരുത്തിൽ ഭക്ഷണ പദാർത്ഥങ്ങളും പങ്കു വഹിക്കുന്നുണ്ട്. ചോളം, പാലക്ക് ചീര, ഉള്ളി, സ്‌ട്രോബറി തുടങ്ങിയവ അടങ്ങിയ ഫുഡ് കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!