ആയുര്‍വേദത്തിലെ ‘മുഖ്യന്‍’ കാട്ടുപടവലം

ഡോ. അനുപ്രീയ ലതീഷ്

നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന ഒന്നാണ് കൈപ്പൻ പടവലം അഥവാ കാട്ടുപടവലം. കാഴ്ചയിൽ കോവയ്ക്ക പോലെ തോന്നും.കാട്ടുപടവലത്തിന് ഏറെ ഔഷധ ഗുണമുള്ളതിനാല്‍ ആയുർവേദ ചികിത്സയിൽ മുഖ്യ സ്ഥാനമാണ് ഇവയ്ക്കുള്ളത്.

പച്ചയില്‍ ചെറിയ വെളുത്ത വരകള്‍ ഇതിന്റെ കായ്കളുടെ സവിശേഷതയാണ്. ഏറെ നീളം വെക്കാറില്ല. കാട്ടു പടവലം സസ്യ ശാസ്ത്രത്തില്‍ ട്രൈക്കോസാന്തസ് കുക്കു മെറീന എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ കായ്കള്‍ക്ക് 8-9 സെന്റിമീറ്റര്‍ നീളംവരും. ചെടിക്ക് 3-4 മീറ്റര്‍ ഉയരം വെക്കും. ജൂലായ്, ആഗസ്തില്‍ പുഷ്പിക്കും.

സാധാരണ പടവലം കൃഷി ഇറക്കുന്നത് പോലെ തന്നെയാണ് ഇതിൻറെ കൃഷി രീതി.കായകൾ ഏകദേശം 9 സെൻറീമീറ്റർ വരെ നീളം വെക്കും. സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ കായകൾ നിറയെ ഉണ്ടാവുന്ന സമയമാണ്. കായയുടെ തൊലി നീക്കംചെയ്ത് തോരൻ വെക്കുന്നത് ഏറെ സ്വാദിഷ്ടം ആണെന്ന് മാത്രമല്ല ആരോഗ്യത്തിനും ഗുണകരമാണ്. ഗ്രാമപ്രദേശങ്ങളില്‍ ഇത് ഉണക്കി കൊണ്ടാട്ടം വയ്ക്കാറുണ്ട്.

വള്ളികളില്‍ പടര്‍ന്ന് ഉണ്ടാവുന്ന ഈ പടവലം വള്ളിയില്‍ നിന്ന് പറിച്ചെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. കുക്കര്‍ ബിറ്റാസിന്‍ എന്ന രാസഘടകം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഒരിക്കലും കത്തി പോലുള്ള മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഉപയോഗിച്ച് പടവലം വള്ളിയില്‍ നിന്നും എടുക്കാന്‍ പാടില്ല. സ്വതവേ കയ്പ്പുള്ള പടവലത്തിന്‍റെ കയ്പ്പ് ഇത് വര്‍ദ്ധിപ്പിക്കും . ഈര്‍ക്കില്‍ ഉപയോഗിച്ച് വേണം ഇത് മുറിക്കേണ്ടതെന്നാണ് പഴമക്കാര്‍ പറയുന്നത്.

ഔഷധഗുണം

ഔഷധ വിപണിയിൽ വൻ ഡിമാൻഡുള്ളതുകൊണ്ടുതന്നെ സ്ഥാനത്തിൽ കാട്ടുപടവലം കൃഷി ചെയ്യാം. വിവിധ തരത്തിലുള്ള തൈലങ്ങൾക്കും കഷായങ്ങൾക്കും ഇത് പ്രധാന ചേരുവയാണ്. രക്തശുദ്ധീകരണത്തിനും, നേത്രരോഗങ്ങൾ അകറ്റുവാനും ഇത് ഉത്തമമാണ്. തലവേദന ഇല്ലാതാക്കുവാൻ ഇതിൻറെ വേര് അരച്ച് നെറ്റിയിൽ പുരട്ടാം.


പ്രമേഹം നിയന്ത്രണവിധേയമാക്കാനും, കരൾ ആരോഗ്യത്തിനും ഇത് തോരൻ വെച്ച് കഴിക്കുന്നത് ഗുണകരമാണ്. ഇതിൻറെ ഉപയോഗം കഫത്തെ ഇളക്കി കളയുന്നു. കാട്ടു പടവലവും വെള്ള തുമ്പയും കൂട്ടി ചതച്ച് നീരെടുത്ത് കൊടുത്താൽ കുട്ടികളിലെ കൃമിശല്യം ഇല്ലാതാക്കും. കാട്ടുപടവലം സമൂലം എടുത്ത് കഷായം വെച്ച് 2 നേരം കഴിച്ചാൽ ചർമ്മരോഗം, രക്തപിത്തം, എന്നിവ ശമിക്കും.കരളിലും പിത്താശയത്തിലും ഉള്ള കല്ലുകൾക്ക് ഇവ ഫലപ്രദമാണ് .

കാട്ടു പടവലം സമൂലം കരിക്കിൻ വെള്ളത്തിൽ ഇട്ട് ഒരു രാത്രി വച്ചിരുന്ന് രാവിലെ മിക്സിയിൽ അടിച്ച് പിഴിഞ്ഞരിച്ച് തേൻ ചേർത്ത് കുടിച്ചാൽ ആർത്തവ വേദന ഇല്ലാതാവും. ആര്‍ത്തവത്തിന് മുൻപായി മൂന്നു ദിവസം മുന്‍പായാണ് ഇത് കഴിക്കേതണ്ടത് . രണ്ടു മൂന്നു മാസം ആവർത്തിച്ചാല്‍ ആര്‍ത്തവ സമയത്തുള്ള വേദനയ്ക്ക് ശമനം കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *